ലഹരി അടിമയായ യുവാവ് ഒമ്പതുകാരന്‍ സഹോദരനെ കുത്തിക്കൊന്നു

കൊപ്പം- ലഹരിക്കടിമയായ യുവാവ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സ്വന്തം സഹോദരനെ കുത്തിക്കൊലപ്പെടുത്തി. പാലക്കാട് ജില്ലയിലെ കൊപ്പം നടുവട്ടം കൂര്‍ക്കപറമ്പില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രതി നബീല്‍ ഇബ്രാഹിമിനെ (23) പോലീസ് അറസ്റ്റ് ചെയ്തു. ഒമ്പതു വയസ്സുകാരന്‍ മുഹമ്മദ് ഇബ്രാഹിം ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മറ്റൊരു സഹോദരന്‍  ഏഴു വയസ്സുകാരന്‍ അഹമ്മദിനും കുത്തേറ്റു. കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് കൊപ്പം പോലീസ് അറിയിച്ചു. 

പ്രതി നബീല്‍ കോമ്പത്തൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. വല്ലപ്പോഴുമാണ് സ്വന്തം വീട്ടിലെത്തിയിരുന്നത്. വീട്ടുകാര്‍ എല്ലാ മാസവും ചെലവിനുള്ള പണം നബീലിനു നല്‍കാറുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. കുടുംബത്തില്‍ പരിഗണന ലഭിക്കുന്നില്ലെന്ന ചിന്തമൂലം സഹോദരങ്ങളോടുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. നബീലിന്റെ ജീവിത പശ്ചാത്തലങ്ങളെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Latest News