Sorry, you need to enable JavaScript to visit this website.

സൗദിയിൽ പെട്രോളിയം ഉൽപന്നങ്ങളുടെ ദുരുപയോഗം:  വിവരം നൽകുന്നവർക്ക് പാരിതോഷികം

റിയാദ് - പെട്രോളിയം ഉൽപന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകാൻ തീരുമാനം. ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. നിയമലംഘകരിൽനിന്ന് ഈടാക്കുന്ന പിഴ തുകയുടെ 20 ശതമാനം വരെയാണ് നിയമലംഘനങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികമായി കൈമാറുക. ക്രൂഡ് ഓയിൽ, ടാർ, നാഫ്ത, വിമാന ഇന്ധനം, മണ്ണെണ്ണ, പെട്രോൾ, ഡീസൽ, മറ്റു പെട്രോളിയം ഉൽപന്നങ്ങൾ എന്നിവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്കെല്ലാം പാരിതോഷികം ലഭിക്കും. 
ഊർജ, വ്യവസായ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും പെട്രോളിയം ഉൽപന്നങ്ങളുടെ ദുരുപയോഗം മൂലം നാശനഷ്ടങ്ങൾ സംഭവിക്കുന്നതിന് മുമ്പും വിവരം നൽകുന്നവർക്കാണ് പിഴ തുകയുടെ ഇരുപതു ശതമാനം പാരിതോഷികം ലഭിക്കുക. മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുന്നതിനു മുമ്പായി, നാശനഷ്ടങ്ങൾ സംഭവിച്ചതിനു ശേഷം വിവരം നൽകുന്നവർക്ക് 15 ശതമാനം പാരിതോഷികമാണ് ലഭിക്കുക. മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെട്ട ശേഷവും നാശനഷ്ടങ്ങൾ സംഭവിക്കുന്നതിനു മുമ്പായും വിവരം നൽകുകയും മറ്റു നിയമ ലംഘകരെ കൂടി പിടികൂടുന്നതിന് ഇത് സഹായകമാവുകയും ചെയ്താൽ പത്തു ശതമാനം പാരിതോഷികം ലഭിക്കും. മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത ശേഷം വിവരം നൽകുകയും മറ്റു നിയമ ലംഘകരെ കൂടി പിടികൂടുന്നതിന് ഇത് സഹായകമാവുകയും ചെയ്താൽ വിവരം നൽകുന്നവർക്ക് നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴ തുകയുടെ അഞ്ചു ശതമാനം പാരിതോഷികമായി ലഭിക്കും. 
ലൈസൻസ് വ്യവസ്ഥകൾക്ക് വിരുദ്ധമായി പെട്രോളിയം ഉൽപന്നങ്ങളുടെ ക്രയവിക്രയം, കത്തിക്കൽ പ്രക്രിയക്ക് ഉപയോഗിക്കാതിരിക്കൽ, വാണിജ്യാവശ്യങ്ങൾക്ക് പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങൽ, സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് പെട്രോളിയം ഉൽപന്നങ്ങൾ സംസ്‌കരിക്കൽ, മറ്റു പെട്രോളിയം ഉൽപന്നങ്ങളുമായി കൂട്ടിക്കലർത്തൽ, നിയമാനുസൃതം കരാർ ഒപ്പുവെക്കാത്ത സ്ഥാപനങ്ങൾക്കു വേണ്ടി പെട്രോളിയം ഉൽപന്നങ്ങൾ നീക്കം ചെയ്യൽ, വിതരണം ചെയ്യൽ, പെട്രോളിയം ഉൽപന്നങ്ങളുടെ കടത്ത്, പെട്രോളിയം ഉൽപന്നങ്ങൾ കടത്തുന്നതിന് വേണ്ടി വാഹനത്തിൽ ഭേദഗതികൾ വരുത്തൽ, പരിശോധനക്കായി പിടിച്ചെടുക്കുന്ന സാമ്പിളുടെ ഫലം വരുന്നതിനു മുമ്പായി പെട്രോളിയം ഉൽപന്നങ്ങൾ വിൽപന നടത്തൽ, പെട്രോളിയം ഉൽപന്നങ്ങൾ നിയമ വിരുദ്ധമായി സംഭരിക്കൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൃത്യനിർവഹണത്തിൽനിന്ന് തടയൽ, ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് വിവരങ്ങൾ മറച്ചുവെക്കുന്നതിന് രേഖകൾ നശിപ്പിക്കൽ, ഒളിപ്പിച്ചുവെക്കൽ, സർക്കാർ പ്രത്യേകം വില നിശ്ചയിച്ച പെട്രോളിയം ഉൽപന്നങ്ങളല്ല എന്ന് തോന്നിക്കുന്നതിന് ഉൽപന്നങ്ങളിൽ മാറ്റങ്ങൾ വരുത്തൽ എന്നിവ പെട്രോളിയം ഉൽപന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളാണെന്ന് ഊർജ, വ്യവസായ മന്ത്രാലയം വ്യക്തമാക്കി. 


 

Latest News