Sorry, you need to enable JavaScript to visit this website.

വൈക്കത്തഷ്ടമി നാളിൽ  ഇരു സംഘങ്ങൾ ഏറ്റുമുട്ടി; യുവാവ് മരിച്ചു

കോട്ടയം- വൈക്കത്തഷ്ടമി രാത്രിയിൽ നഗരത്തിൽ ഇരു സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് മരിച്ചു. തട്ടുകടയിൽ പുട്ട് ചോദിച്ച യുവാക്കളുടെ സംഘത്തിനു പകരം, രണ്ടാമത് എത്തിയവർക്ക് പൊറോട്ട നൽകിയതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ കമ്പിന് തലക്കടിയേറ്റാണ് യുവാവ് മരിച്ചത്. വൈക്കം-എറണാകുളം ജംഗ്ഷനിൽ ആരംഭിച്ച അടിപിടി, കായലോരത്ത് കൂട്ടത്തല്ലാകുകയും യുവാവ് തലക്കടിയേറ്റ് മരിക്കുകയുമായിരുന്നു. സംഭവത്തിൽ വൈക്കം കുലശേഖരമംഗലം മേക്കര കരിയിൽ വീട്ടിൽ ശശിയുടെ മകൻ ശ്യാം (24) ആണ് മരിച്ചത്. മേക്കൽ സ്വദേശി നന്ദു(22)വിനെ ഗുരുതര പരിക്കുകളോടെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച അർധരാത്രിയോടെ വൈക്കം-എറണാകുളം ജംഗ്ഷനിലായിരുന്നു സംഭവങ്ങളുടെ തുടക്കം. തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഇരു സംഘങ്ങളും. ആദ്യം എത്തിയ പത്തംഗ സംഘം ആവശ്യപ്പെട്ടത് പുട്ടായിരുന്നു. 
പുട്ട് അടുപ്പിൽ വെച്ച് വേവുന്നതിനിടെയാണ് ശ്യാമിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം എത്തിയത്. പൊറോട്ട ചോദിച്ച ഇവർക്ക് ആദ്യം തന്നെ പൊറോട്ട നൽകുകയും ചെയ്തു. എന്നാൽ, ഇത് ഇഷ്ടപ്പെടാത്ത അക്രമി സംഘം തട്ടുകടയിലെത്തിയവരോടും ജീവനക്കാരോടും തട്ടിക്കയറുകയായിരുന്നു. തട്ടുകടയിൽ അഴിഞ്ഞാടിയ അക്രമി സംഘം ജീവനക്കാരെയും, കഴിക്കാനെത്തിയവരെയും മർദിക്കുകയും ഭക്ഷണ സാധനങ്ങൾ അടക്കം റോഡിലേക്ക് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും അക്രമി സംഘം സംഭവ സ്ഥലത്തു നിന്നു രക്ഷപ്പെട്ടിരുന്നു.
പിന്നീട്, അഷ്ടമി ആഘോഷങ്ങളിലേക്ക് പോയ സംഘങ്ങൾ വീണ്ടും വൈക്കം ബീച്ചിന് സമീപത്ത് വെച്ചാണ് കണ്ടുമുട്ടിയത്. ഇവിടെ വെച്ച് നേർക്കുനേർ കണ്ട സംഘം പോർവിളി മുഴക്കി. തുടർന്ന് ഇരു സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെ സമീപത്തെ ജ്യൂസ് കടയിൽ നിന്നുള്ള കരിമ്പ് എടുത്ത് അക്രമി സംഘത്തിലെ ഒരാൾ ശ്യാമിന്റെ തലക്ക് അടിച്ചു. അടിയേറ്റ് റോഡിൽ വീണ ശ്യാം ഉടൻ മരിച്ചു. അക്രമി സംഘം പല വഴിക്ക് ചിതറിയോടി. 
നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ചേർന്നാണ് ശ്യാമിനെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.

 

Latest News