Sorry, you need to enable JavaScript to visit this website.

ശബരിമല സമരം: ബി.ജെ.പിയിൽ ഭിന്നത രൂക്ഷം;  അമിത് ഷാ കേരളത്തിലെത്തും

കോഴിക്കോട്- ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ബി.ജെ.പിയിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. ഇന്നലെ കോഴിക്കോട് ചേർന്ന സംസ്ഥാന നേതൃതല യോഗത്തിൽ പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ളയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഈ സാഹചര്യത്തിൽ പ്രശ്‌ന പരിഹാരത്തിനും സമരം ശക്തമാക്കാനുമായി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉടൻ കേരളത്തിലെത്തും. ഇതിന്റെ മുന്നോടിയായ ദേശീയ നേതാവ് സരോജ് പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്തെത്തിയിട്ടുണ്ട്. രാജസ്ഥാൻ, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കേന്ദ്ര മന്ത്രിമാരുടെ പട ശബരിമല സമരത്തിന്റെ ഭാഗമായി കേരളത്തിലെത്തുമെന്നും സൂചനയുണ്ട്. ശബരിമലയിൽനിന്നും സമരം സെക്രട്ടറിയേറ്റ് നടയിലേക്ക് മാറ്റാനുള്ള ബി.ജെ.പി തീരുമാനത്തിൽ ആർ.എസ്.എസ് വിയോജിപ്പ് പ്രകടിപ്പിച്ചത് സംസ്ഥാന നേതൃത്വത്തിന് തലവേദനയാകും. ശ്രീധരൻപിള്ള തന്നിഷ്ടപ്രകാരം തീരുമാനങ്ങൾ എടുക്കുന്നതായും ആക്ഷേപമുണ്ട്. ശബരിമല വിഷയത്തിൽ ആർ.എസ്.എസ്സിനോട് ആലോചിക്കാതെയാണ് സെക്രട്ടറിയേറ്റ് നടയിൽ അനിശ്ചിതകാല നിരാഹാര സമരം തീരുമാനിച്ചതെന്നാണ് പരാതി.
അതേസമയം സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ സംരക്ഷിക്കാൻ പാർട്ടി വേണ്ടരീതിയിൽ ഇടപെട്ടില്ലെന്ന് നേതൃയോഗത്തിൽ വിമർശനം ഉയർന്നു. പ്രമുഖ അഭിഭാഷകൻ കൂടിയായ പ്രസിഡന്റ് ഈ കാര്യത്തിൽ താൽപ്പര്യമെടുത്തില്ലെന്നാണ് പ്രധാന പരാതി. വിഷയത്തിൽ പ്രവർത്തകർക്കിടയിൽ വൻ പ്രതിഷേധം ഉയരുന്നതായും ചില നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. ശബരിമലയിൽ നിന്നും തിരക്കിട്ട് സമരം മാറ്റിയത് ദുരൂഹമാണെന്നും ഈ കാര്യം സമൂഹത്തെ ബോധ്യപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നും വിമർശനം ഉണ്ടായി. ശ്രീധരൻപിള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുമായി ധാരണ ഉണ്ടാക്കിയാണ് സമരം സെക്രട്ടറിയേറ്റിലേക്ക് മാറ്റിയതെന്നടക്കം യോഗത്തിൽ ആക്ഷേപം ഉയർന്നു. പലരുടേയും ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയ്ക്ക് കഴിഞ്ഞില്ലെന്നാണ് വിവരം. വി. മുരളീധരൻ എം.പി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ, എ.എൻ രാധാകൃഷ്ണൻ എന്നിവർ യോഗത്തിൽ പങ്കെടുത്തില്ല. രാവിലെ കോഴിക്കോട് ജില്ലാ ജയിലിൽ കെ. സുരേന്ദ്രനെ സന്ദർശിച്ച മുരളീധരൻ യോഗത്തിൽ പങ്കെടുക്കാതെ തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു. മറ്റൊരു സംസ്ഥാന ജനറൽ സെക്രട്ടറിയായ എം.ടി രമേശ് യോഗം തുടങ്ങി ഏറെ നേരം കഴിഞ്ഞാണ് എത്തിച്ചേർന്നത്.
 

Latest News