Sorry, you need to enable JavaScript to visit this website.

ലൈംഗികപീഡനം: ശശി മുതൽ ശശി വരെ

സ്ത്രീപീഡന നിയമമനുസരിച്ച് കഠിന ജയിൽശിക്ഷ നൽകേണ്ട ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ പിടിയിൽനിന്ന് പാർട്ടി എം.എൽ.എയെ രക്ഷപ്പെടുത്തുകയാണ് സി.പി.എം സംസ്ഥാന കമ്മിറ്റി യഥാർത്ഥത്തിൽ ചെയ്തത്.  എം.എൽ.എ ആയ നേതാവുമാത്രമല്ല പാർട്ടികൂടി പ്രതിസന്ധിയിൽ പെടുന്ന സാഹചര്യം ഒഴിവാക്കാൻ ഡി.വൈ.എഫ്.ഐ പ്രവർത്തകയായ ഒരു പാവം പെൺകുട്ടിയെ ബലിയാടാക്കി.
സി.പി.എം പി.കെ ശശിക്കെതിരായ അച്ചടക്ക നടപടി രണ്ടു വാചകത്തിലൊതുക്കിയാണ് മാധ്യമപ്രവർത്തകർക്ക് ഇ-മെയിൽ അയച്ചത്. തീരുമാനമറിയാൻ എ.കെ.ജി സെന്ററിൽ മാധ്യമപ്രതിനിധികൾ കാത്തുനിൽക്കുമ്പോഴും. ഒരു പാർട്ടി പ്രവർത്തകയോട് പാർട്ടി നേതാവിനു യോജിക്കാത്തവിധം പി.കെ ശശി സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ശശിയെ ആറുമാസത്തേക്ക് പാർട്ടിയംഗത്വത്തിൽനിന്ന് സസ്‌പെന്റു ചെയ്യാൻ തീരുമാനിച്ചെന്നായിരുന്നു ഇ-മെയിൽ സന്ദേശം. 
സംസ്ഥാനകമ്മിറ്റി കഴിഞ്ഞ് അംഗങ്ങൾ പുറത്തുവന്നപ്പോൾ അന്വേഷണ കമ്മീഷനംഗം എ.കെ ബാലൻ മാധ്യമപ്രതിനിധികളോട് പ്രതികരിക്കുന്നില്ലെന്നു പറഞ്ഞ് കടന്നുപോയി. എന്നാൽ കമ്മീഷനിലെ മറ്റൊരംഗമായ പി.കെ ശ്രീമതി പ്രതിനിധികളോട് വാചാലയായി. അവർ പറഞ്ഞതിലെ നെല്ലും പതിരും  വേർതിരിച്ചാൽ വസ്തുതകളിങ്ങനെ: 
- പരാതിക്കാരി ഒരു ചെറിയ പെൺകുട്ടിയാണ്. പാർട്ടിയോടൊപ്പം യോജിച്ചുപോകുന്ന യുവജന പ്രസ്ഥാനത്തിന്റെ ജില്ലാതലത്തിൽ പ്രവർത്തിക്കുന്നു.  മനോവിഷമം ഉണ്ടാകത്തക്ക വിധത്തിൽ പാർട്ടിയുടെ സമുന്നത സ്ഥാനത്തിരിക്കുന്ന ആളിൽനിന്നു തനിക്കിങ്ങനെ വിഷമമുണ്ടായിട്ടുണ്ടെന്നും പരിഹരിക്കണമെന്നും പരാതി നൽകി. അഖിലേന്ത്യാ സെക്രട്ടറിക്കടക്കം. 
-  പാർട്ടിയുടെ സമുന്നത സ്ഥാനത്തിരിക്കുന്ന ഒരു നേതാവാണ് പരാതിക്ക് വിധേയനായിട്ടുള്ള വ്യക്തി. പെട്ടെന്നു തീരുമാനമെടുക്കാവുന്നതല്ലല്ലോ വിഷയം. വളരെ ഫലപ്രദമായിതന്നെ അന്വേഷിച്ചു. ചില വീഴ്ചകൾ ഉണ്ടായിട്ടുണ്ട്.  
ഇത്രയും സ്ഥിരീകരിച്ച ശ്രീമതി പിന്നീട് പറയുന്നത് പരാതിയിലെ വിഷയത്തെക്കുറിച്ചല്ല, അതിന്റെ തെളിവായി പെൺകുട്ടി പാർട്ടിക്കുനൽകിയ ഓഡിയോ ക്ലിപ്പിലെ സംഭാഷണത്തെക്കുറിച്ചാണ്.  
- പാർട്ടിക്ക് അംഗീകരിക്കാൻ പറ്റാത്ത രീതിയിലുള്ള ചില പ്രയോഗങ്ങൾ സംഭാഷണത്തിൽ ഉണ്ടായിട്ടുണ്ട്.  അതൊട്ടും ശരിയായില്ല. അതുകൊണ്ടാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്.
അവർ തുടരുന്നു: ' ഇത്രയും ശക്തമായ നടപടി ലോകത്തിൽ സി.പി.എമ്മിനല്ലാതെ മറ്റൊരു പാർട്ടിക്കും എടുക്കാൻ കഴിയില്ല.' പാർട്ടിയിൽ 40-45 വർഷം പ്രവർത്തിച്ച ആദ്യമായി പരാതി നേരിടുന്ന ഒരു നേതാവിനെ ആജീവനാന്തം കളയുന്നതെങ്ങനെയെന്നു അവർ ചോദിക്കുന്നു.  തെറ്റുതിരുത്തിക്കുകയാണ് വേണ്ടതെന്ന്  വിശദീകരിക്കുന്നു.
 പെൺകുട്ടികളോട് മാന്യമായി പെരുമാറണമെന്ന സന്ദേശമാണ് രാജ്യത്തെങ്ങുമുള്ള പാർട്ടി പ്രവർത്തകർക്ക് നടപടിയിലൂടെ നൽകുന്നതെന്നും അഭിമാനംകൊള്ളുന്നു.
പി.കെ ശ്രീമതി കൂടി അംഗമായ പാർലമെന്റാണ് ഇന്ത്യൻ ശിക്ഷാനിയമം 2013ൽ ഭേദഗതിചെയ്ത്, സ്ത്രീപീഡനം സംബന്ധിച്ച 354-ാം വകുപ്പിൽ കടുത്ത ശിക്ഷാവ്യവസ്ഥകൾ കൊണ്ടുവന്നത്.  354 (എ), 354 (ബി), 354 (സി), 354 (ഡി) വകുപ്പുകൾ കൂട്ടിച്ചേർത്ത് പീഡന കുറ്റത്തിന്റെ പരിധി ഏറെ വ്യാപകമാക്കിയത്. 
വാക്കും നോട്ടവും ആംഗ്യവും ലൈംഗിക ചേഷ്ടകളും താല്പര്യ പ്രകടനങ്ങളും ലൈംഗിക സന്ദേശങ്ങളും മറ്റും ലൈംഗികപീഡന കുറ്റമായി വ്യവസ്ഥ ചെയ്തത്. സ്ത്രീ നീരസം പ്രകടിപ്പിച്ചാലും തന്റെ ഇംഗിതത്തിന് വിധേയയാവാൻ നടത്തുന്ന നീക്കങ്ങളെ കടുത്ത ജയിൽശിക്ഷ അർഹിക്കുന്ന കുറ്റങ്ങളായി എഴുതിചേർത്തത്.
പെൺകുട്ടിയുടെ പരാതിയിൽ സി.പി.എം നേതൃത്വത്തെ അറിയിച്ചിരുന്ന കുറ്റങ്ങളെന്താണ് എന്ന് നേരത്തെ മാധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നു: - മണ്ണാർക്കാട് പാർട്ടി ഏരിയാ ഓഫീസിൽവെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അതിക്രമം നടത്തി. ഭയംകൊണ്ട് താൻ പാർട്ടി ഓഫീസിൽ പോകാറില്ല.  പാർട്ടി ഓഫീസിൽ സുരക്ഷിതമായി  പോകാൻ അവസരമുണ്ടാക്കണം. 
പരാതിയിലെ ആ വശം മൂടിവെച്ച് പെൺകുട്ടികളോട് മാതൃകാപരമായി സംസാരിക്കാൻ പ്രേരിപ്പിക്കുന്ന നടപടിയെന്ന വിധത്തിലാണ് അന്വേഷണ കമ്മീഷൻ അംഗം ശ്രീമതി പാർട്ടി നടപടിയെ വ്യാഖ്യാനിച്ചത്.
ലൈംഗിക പീഡനം ഉണ്ടായിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു അവർ പറഞ്ഞതിങ്ങനെ: 'ഞങ്ങൾ കണ്ടെത്തിയത് അത്തരത്തിലുള്ള കാര്യങ്ങളാണ്.' എത്തരത്തിലുള്ള കാര്യങ്ങൾ എന്നവർ വിശദീകരിക്കുന്നില്ല.
അന്വേഷണ കമ്മീഷൻ അംഗമെന്ന നിലയ്ക്കും മഹിളാ നേതാവെന്ന നിലയ്ക്കുമുള്ള ശ്രീമതിയുടെ നിലപാടിലെ സംഘർഷവും വൈരുദ്ധ്യവും അതിൽ വെളിപ്പെടുന്നു. പെൺകുട്ടിക്ക്  പാർട്ടിയിൽ പൂർണ്ണമായ വിശ്വാസമുണ്ടെന്നും അവർ മാധ്യമപ്രവർത്തകരെ അറിയിക്കുന്നു. 
ചുരുക്കത്തിൽ പാർട്ടിയെ സ്‌നേഹിക്കുന്ന, വിശ്വസിക്കുന്ന, പാർട്ടി നിയന്ത്രണത്തിലുള്ള സംഘടനയിൽ പ്രവർത്തിക്കുന്ന ഒരു പെൺകുട്ടിക്കു അതിനപ്പുറം എന്തുചെയ്യാൻ കഴിയും എന്ന വേദനിപ്പിക്കുന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നു.   
മുഖ്യമന്ത്രിയും നിയമമന്ത്രിയടക്കമുള്ള മന്ത്രിമാരും എം.പിമാരും എം.എൽ.എമാരും ഉൾപ്പെട്ടതാണ് സി.പി.എമ്മിന്റെ സംസ്ഥാനസഭ.  ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽനിന്ന് പാർട്ടി നേതാവിനെ രക്ഷപെടുത്തിയത് അവരെല്ലാം ചേർന്നാണ്. പാർട്ടിയെ വിശ്വസിച്ചുപോയതുകൊണ്ട്  നിയമം അനുശാസിക്കുന്ന നീതി ഇവർകൂടിചേർന്നാണ് അവൾക്കു നിഷേധിച്ചത്. ഈ അപമാനം ആജീവനാന്തകാലം ആ പെൺകുട്ടി പാർട്ടിക്കുവേണ്ടി മനസ്സിൽ പേറണം.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഗുരുതരമായ ക്രിമിനൽ വകുപ്പുകൾ ആകർഷിക്കുന്ന തെറ്റുകളാണ് സി.പി.എം നേതൃത്വത്തിൽനിന്നുണ്ടായത്. അതിനെയാണ് കഠിനശിക്ഷയെന്നും ലോകോത്തര മാതൃകയെന്നും അവർ വാഴ്ത്തുന്നത്. ഒരു തൊഴിലാളിവർഗ പാർട്ടി പാർലമെന്ററിസത്തിന്റെ ചളിക്കുണ്ടിൽ പുതഞ്ഞ് അതിന്റെ വർഗരാഷ്ട്രീയവും വിപ്ലവ പരിപ്രേക്ഷ്യവും നഷ്ടപ്പെട്ട് എന്തായിത്തീരുമെന്നതിന്റെ ദൃശ്യം.
ആശയപരമായും സംഘടനാപരമായും ഉണ്ടാകേണ്ട ഐക്യം ഒരു കുറ്റവാളിയെ സംരക്ഷിക്കുന്നതിനു സംഘടനാവിരുദ്ധമായും ആശയവിരുദ്ധമായും ഉപയോഗിക്കുന്നതിന്റെ പരിണതി. ജനാധിപത്യത്തിലും  മതനിരപേക്ഷതയിലും രാജ്യത്തിന്റെ ഭരണഘടനയിലും ഊന്നിയുള്ള നവോത്ഥാനമുന്നേറ്റത്തിന് ആഹ്വാനംചെയ്യുന്ന പാർട്ടിതന്നെ നിഗൂഢമായി അതിനെ പിറകോട്ടടിപ്പിക്കുന്നു.
സി.പി.എമ്മിലെ ഈ സാഹചര്യം താരതമ്യപ്പെടുത്താവുന്നത് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയർത്തിയ ലൈംഗിക ആരോപണത്തോടും  ബിഷപ്പും സഭാനേതൃത്വവും സ്വീകരിച്ച പ്രതിരോധ നടപടികളോടുമാണ്.  അതിസമ്പത്തിന്റെയും അധികാരപ്രമത്തതയുടെയും ആൾരൂപമായി മാറിയ ബിഷപ്പിന്റെ ശരീരഭാഷയും വെല്ലുവിളിയുമാണ്  എം.എൽ.എ പാർട്ടി നടപടിയെടുക്കുംവരെ സ്വീകരിച്ചത്. 
സി.പി.എമ്മിൽ വിഭാഗീയതയുടെ രൂക്ഷമായ പിടിവലിക്കിടയിലാണ് ലൈംഗിക ആരോപണത്തിന്റെ പേരിൽ ഉന്നത നേതാക്കൾക്കെതിരെ നടപടി എടുക്കേണ്ടിവന്നത്. 2011 ലും 2012 ലും പാർട്ടിയുടെ ഏറ്റവും ശക്തമായ രണ്ടു ജില്ലാ സെക്രട്ടറിമാർക്കെതിരെ. ഇപ്പോഴത്തെ വാദങ്ങളുയർത്താതെ ഏറ്റവും കടുത്ത നടപടിയെടുത്ത് പാർട്ടിയിൽനിന്നു പുറത്താക്കുകയായിരുന്നു.  
എന്നാൽ 2013 ലെ ലൈംഗികപീഡന ഭേദഗതി നിയമവും അതിന്റെ വ്യാപ്തിയും കൂർത്ത പല്ലുകളും അന്നുണ്ടായിരുന്നില്ല.  ഇപ്പോൾ ലൈംഗികപീഢന പരാതിയിലാണ് നടപടിയെന്നു വന്നാൽ ക്രിമിനൽ നടപടികളെ കൂടി നേരിടേണ്ടിവരും. അതൊഴിവാക്കാനാണ്  പഴുതടച്ച് ഒറ്റവരിയിൽ നടപടി സംബന്ധിച്ച തീരുമാനം പാർട്ടി ഒതുക്കിയത്കഴിഞ്ഞ നാലുമാസമായി ദേശീയ മാധ്യമങ്ങളിൽവരെ നിറഞ്ഞുനിൽക്കുന്നതാണ് സി.പി.ഐ.എം എം.എൽ.എയുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണം.  പാർട്ടി നടപടിയെടുത്തപ്പോഴെങ്കിലും എ.കെ.ജി സെന്ററിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരോട് തീരുമാനം വിശദീകരിക്കാൻ സംസ്ഥാന സെക്രട്ടറി തയാറായില്ല. ലൈംഗികപീഡന പരാതിയുമായി നടപടി ബന്ധപ്പെടുത്താതിരിക്കാൻ എടുത്ത മുൻകരുതലായിരുന്നു  അത്. 
വിഭാഗീയതയുടെ പേരിലുള്ള നീക്കമാണ് പരാതിയെന്ന നിലപാടാണ് രണ്ടംഗ അന്വേഷണ കമ്മീഷനിൽ എ.കെ ബാലൻ സ്വീകരിച്ചത്. 
പെൺകുട്ടിയുടെ പരാതി പാർട്ടി പരിഗണിക്കണമെന്ന പി.കെ ശ്രീമതിയുടെ നിലപാട് അന്വേഷണ കമ്മീഷൻ റിപ്പോർട്ടുതന്നെ നീട്ടിക്കൊണ്ടുപോകുന്ന പ്രതിസന്ധിയുണ്ടാക്കി. പരാതിക്കാരിയോട് നീതി കാണിച്ചെന്നു വരുത്തുകയും സ്ത്രീപീഡനകേസിൽനിന്ന് നേതാവിനെ രക്ഷിക്കുകയും എന്ന ദൗത്യമാണ് സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മറ്റിയിലൂടെ നിർവ്വഹിച്ചത്. 
ഈ സാഹചര്യത്തിലാണ് സ്വന്തം നിലപാട്  കാത്തുനിന്ന മാധ്യമങ്ങളോട് പി.കെ ശ്രീമതി വിശദീകരിച്ചത്.   വെളുക്കാൻ തേച്ചത് പാണ്ടായെങ്കിലും.  ഏഴുവർഷം മുമ്പ് ഒരു ശശിയിൽനിന്നു തുടങ്ങിയ സി.പി.എമ്മിലെ സ്ത്രീപീഡനപ്രശ്‌നം മറ്റൊരു ശശിയിൽ എത്തിനിൽക്കുന്നു. ഇതിനിടയിൽ ചെറിയതും വലിയതുമായ പദവികളിലിരിക്കുന്ന ഒട്ടേറെ പ്രവർത്തകർക്കെതിരെ സ്ത്രീപീഢന പരാതികൾ പ്രതിഭാസമായി സി.പി.എമ്മിൽ  തുടരുകയാണ്. 
പാലക്കാട്ടെ പരാതിയോടടുപ്പിച്ച് എം.എൽ.എയുടെ ഫഌറ്റിൽവെച്ച് മറ്റൊരു ഡി.വൈ.എഫ്.ഐ  പ്രവർത്തകയെ സ്വന്തം നാട്ടുകാരനായ യുവനേതാവ് പീഡനശ്രമം നടത്തിയതിൽ പാർട്ടിക്കു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.  പൊലീസിൽ പരാതിപ്പെട്ട് കേസെടുത്തപ്പോഴാണ് യുവനേതാവിനെതിരെ പാർട്ടി നടപടിയെടുത്തത്.  
പി.കെ ശശിയിലെ നടപടിയിലെത്തുമ്പോൾ സി.പി.എം രാഷ്ട്രീയമായും സംഘടനാപരമായും മറ്റൊരു വഴിത്തിരിവിലെത്തുകയാണ്. പരാതികൾ പാർട്ടിക്കകത്ത് പരമാവധി ഒതുക്കാനും സ്ത്രീപീഡകരെ രക്ഷിക്കാനും മുമ്പും ശ്രമമുണ്ടായിരുന്നു.  ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ അടിത്തറ ഇത്ര തകരാതിരുന്നതുകൊണ്ടും പാർട്ടിക്കകത്തെ എതിർപ്പുകളുടെയും മാധ്യമങ്ങളുടെ വെളിപ്പെടുത്തലിന്റെയും സമ്മർദ്ദംകൊണ്ടും ആരോപണ വിധേയർക്കെതിരെ പാർട്ടി നേതൃത്വം നടപടിയെടുക്കാൻ നിർബന്ധിതമായിരുന്നു. ശരിയിലേക്കു നയിക്കാൻ പാർട്ടിയുടെ കേന്ദ്രനേതൃത്വം അന്ന് ശക്തവുമായിരുന്നു. 
ഇത്തരം കുറ്റകൃത്യങ്ങൾ പാർട്ടിയിൽ ഏറിവരികയും അത്തരക്കാരുടെ സംരക്ഷകരായി ഉന്നത നേതൃത്വത്തിലെ ആളുകളുടെ എണ്ണം കൂടിവരികയും ചെയ്യുന്ന അവസ്ഥയാണ് സി.പി.എം ഇപ്പോൾ നേരിടുന്നത്.  പാർട്ടി ഭരണത്തിലാണെന്നതിന്റെ ഉത്തരവാദിത്തവുമുണ്ട്.   അതിലേറെ സ്ത്രീകളുടെ തുല്യതയ്ക്കും നീതിക്കുംവേണ്ടി പണിയിടങ്ങളിൽ തൊഴിലെടുക്കുന്ന സ്ത്രീകൾ, സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾ മുതൽ കന്യാസ്ത്രീകൾവരെ നടത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളുടെ വേലിയേറ്റമാണ് കേരളത്തിൽ. അതിനിടയിലാണ് ഫ്യൂഡൽ - യാഥാസ്ഥിക കാലത്തേക്കും മനുസ്മൃതിയുടെ ലോകത്തേക്കും  സി.പി.എം തിരിച്ചുപോകുന്നത്. അതിന്റെ വൈരുധ്യം സി.പി.എമ്മിനെതന്നെ പല തലങ്ങളിലും വേട്ടയാടും.  
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയും സി.പി.എം കേന്ദ്രകമ്മറ്റി അംഗവുമായ എം.സി ജോസഫൈന്റെ പ്രതികരണം ലൈംഗികപീഡനം സംബന്ധിച്ച ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഭേദഗതിയെയും ഭരണഘടനയെതന്നെയും അപ്രസക്തമാക്കുന്നതും വെല്ലുവിളിക്കുന്നതുമാണ്.  ഇത്തരം അപമാനശ്രമം തനിക്കെതിരെയുണ്ടായാൽ താനും പരാതിനൽകുക തന്റെ പാർട്ടിക്കായിരിക്കും എന്നാണ് എഴുപതിലേക്കെത്തുന്ന ജോസഫൈൻ ന്യായീകരിച്ചത്. 
അതു നൽകുന്ന സന്ദേശം  നിയമവാഴ്ചയുടെ ഭാഗമായുള്ള സ്ഥാപനങ്ങളെയല്ല അതതു രാഷ്ട്രീയ പാർട്ടികളെയാണ് അതിക്രമത്തിനു വിധേയരാകുന്ന പെൺകുട്ടികൾ സമീപിക്കേണ്ടത് എന്നാണ്.  പാർട്ടി നേതൃത്വത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് സ്ത്രീത്വത്തിന്റെയും ആത്മാഭിമാനത്തിന്റെയും കാര്യത്തിൽ ഒത്തുതീർപ്പിന് വിധേയമാകണമെന്നാണ്.  സുപ്രിംകോടതി പുറപ്പെടുവിച്ച വിശാഖാ കേസിലെ മാർഗനിർദ്ദേശങ്ങളോ 2013ലെ ക്രിമിനൽ ശിക്ഷാനിയമത്തിലെ ഭേദഗതികളോ ശബരിമല കേസിലെ വിധിപോലുമോ അപ്രസക്തമാണെന്നാണ് അതിന്റെ അർത്ഥം. തുല്യ നീതിക്കുവേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടഭൂമിയിൽ ഒട്ടകപ്പക്ഷിയെപോലെ സി.പി.എം മുഖം പൂഴ്ത്തുന്നു - അസഹനീയം.

Latest News