ജിദ്ദ - സൗത്ത് അബ്ഹുറില്‍ കടലില്‍ പതിച്ച കാറിലുണ്ടായിരുന്നവരെ മൂന്നു സൗദി പൗരന്മാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയാണ് യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് കടലില്‍ പതിച്ചത്. കാറില്‍ ഡ്രൈവര്‍ക്കൊപ്പം മറ്റൊരു സ്ത്രീ യുമുണ്ടായിരുന്നു.
രാത്രി എട്ടു മണിക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം സൗത്ത് അബ്ഹുറിലെ ബീച്ചിനോട് ചേര്‍ന്ന ഫുട്പാത്തില്‍ ഇരിക്കുന്നതിനിടെയാണ് അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഫുട്പാത്തിന്റെ ഭിത്തി തകര്‍ത്ത് കടലില്‍ പതിക്കുന്നത് കണ്ടതെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സൗദി യുവാവ് മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍അസ്മരി പറഞ്ഞു.
കാറില്‍നിന്ന് സ്ത്രീകളുടെ കരച്ചില്‍ കേട്ട് താന്‍ കടലില്‍ എടുത്തു ചാടി പത്തു മീറ്ററിലേറെ ദൂരം നീന്തി കാറിനടുത്തെത്തി ഡ്രൈവറെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. വെള്ളത്തിന്റെ സമ്മര്‍ദം മൂലം ഡോര്‍ തുറക്കാന്‍ കഴിഞ്ഞില്ല. ഭാഗ്യത്തിന് കാറിന്റെ വിന്റോ ഗ്ലാസ് ഉയര്‍ത്തിയിരുന്നില്ല. ഇതുമൂലം വിന്റോ ഗ്ലാസിന്റെ വിടവിലൂടെ ഡ്രൈവറെ താന്‍ പുറത്തെത്തിച്ചു.
അപ്പോഴേക്കും മറ്റു രണ്ടു യുവാക്കള്‍ ചേര്‍ന്ന് ഡ്രൈവര്‍ക്കൊപ്പമുണ്ടായിരുന്ന വനിതയെയും രക്ഷപ്പെടുത്തി. മൂവരെയും തങ്ങള്‍ കരയിലെത്തിച്ചപ്പോഴേക്കും കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു. കാര്‍ പതിച്ച സ്ഥലത്ത് വെള്ളത്തിന് മൂന്നു മീറ്ററോളം താഴ്ചയുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ പവിഴപ്പുറ്റില്‍ ഇടിച്ച് തനിക്ക് കാലിന് പരിക്കേറ്റു. റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തു തനിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയതായും മുഹമ്മദ് അല്‍അസ്മരി പറഞ്ഞു.