Sorry, you need to enable JavaScript to visit this website.

യാമ്പു പ്രളയത്തില്‍ കാണാതായ ബാലന്റെ മൃതദേഹം കണ്ടെത്തി; തിരച്ചില്‍ തുടരുന്നു

മദീന -യാമ്പുവില്‍ പ്രളയത്തില്‍ പെട്ട് കാണാതായ ഒമ്പതു വയസുകാരന്റെ മൃതദേഹം സിവില്‍ ഡിഫന്‍സ് കണ്ടെത്തി. കാണാതായ മറ്റൊരു ബാലനും ബാലികക്കും വേണ്ടി തിരച്ചില്‍ തുടരുകയാണ്. യാമ്പുവിലെ തല്‍അത് നസായിലെ വാദി സമായിലാണ് കുട്ടികള്‍ ഒഴുക്കില്‍ പെട്ടത്.
യാമ്പു എയര്‍പോര്‍ട്ടിന് വടക്ക് വാദി അല്‍സ്വരീറില്‍ പ്രളയത്തില്‍ പെട്ട കാറില്‍ കുടുങ്ങിയ അഞ്ചു പേരെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. മൂന്നു കുട്ടികള്‍ അടക്കമുള്ളവരെയാണ് അധികൃതര്‍ രക്ഷപ്പെടുത്തിയത്.
മദീന പ്രവിശ്യയില്‍ കനത്ത മഴയാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. മദീന, യാമ്പു, അല്‍ഉല, ബദ്ര്‍, ഖൈബര്‍, അല്‍അയ്‌സ്, വാദി അല്‍ഫറഅ് എന്നിവിടങ്ങളിലെല്ലാം  ശക്തിയായ മഴ പെയ്തു.
മദീനയില്‍ മഴക്കിടെ സഹായം തേടി 76 പേര്‍ സിവില്‍ ഡിഫന്‍സില്‍ ബന്ധപ്പെട്ടു. മദീന നഗരത്തില്‍ 25 ഉം അല്‍അയ്‌സില്‍ പത്തും യാമ്പുവില്‍ 41 ഉം കോളുകളാണ് സിവില്‍ ഡിഫന്‍സ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. യാമ്പുവില്‍ പ്രളയത്തിലും വെള്ളം കയറിയ പ്രദേശങ്ങളിലും കുടുങ്ങിയ 40 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. മറ്റിടങ്ങളിലും ഏതാനും പേരെ അധികൃതര്‍ രക്ഷപ്പെടുത്തി. യാമ്പു അല്‍നഖ്ല്‍, തല്‍അത് നസാ, നോര്‍ത്ത് റോഡ്, അല്‍നജഫ് റോഡ്, വാദി ഖമാല്‍ റോഡ് എന്നീ റോഡുകള്‍ മഴവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് സുരക്ഷാ വകുപ്പുകള്‍ അടച്ചു. പലടിയങ്ങളിലും റോഡുകള്‍ തകര്‍ന്നു.

 

Latest News