മോഡി ഏതു തരം ഹിന്ദുവാണ്? രാഹുലിന്റെ ചോദ്യം

ഉദയ്പൂര്‍- ഹിന്ദുയിസത്തിന്റെ അടിസ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോഡി മനസ്സിലാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ ഉദയ്പൂരില്‍ വ്യവസായികളുമായി സംവദിക്കുന്നതിനിടെയാണ് രാഹുല്‍ മോഡിയുടെ വാദങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്. ഹിന്ദുയിസത്തിന്റെ അന്തസത്തയും ഗീത പറയുന്നത് എന്താണെന്നും എല്ലാവര്‍ക്കും അറിയാം. എല്ലാ ജീവികള്‍ക്കും അറിവുണ്ട്. നമ്മുടെ പ്രധാനമനന്ത്രി പറയുന്നത് താന്‍ ഹിന്ദുവാണെന്നാണ്. എന്നാല്‍ ഹിന്ദുയിസത്തിന്റെ അടിസ്ഥാനം മനസ്സിലാക്കിയിട്ടില്ലാത്ത അദ്ദേഹം ഏതു തരം ഹിന്ദുവാണ്?- രാഹുല്‍ ചോദിച്ചു.

സൈന്യം എന്തു ചെയ്യണമെന്ന് സൈന്യത്തേക്കാള്‍ നന്നായി അറിയുന്നയാളാണ് താനെന്നാണ് മോഡി വിശ്വസിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിലും കൃഷി മന്ത്രാലയത്തിലുമെല്ലാം അതത് മേഖലകളില്‍ എന്തൊക്കെ ചെയ്യണമെന്ന് വകുപ്പു മന്ത്രിമാരേക്കാള്‍ അറിവുള്ളത് തനിക്കാണെന്നാണ് ഭാവം. തന്റെ തലച്ചോറാണ് എല്ലാറ്റിനു പിന്നിലെന്നാണ് അദ്ദേഹം കരുതുന്നതെന്നും രാഹുല്‍ പറഞ്ഞു. 

സൈന്യത്തിന്റെ കാര്യങ്ങളില്‍ ഇടപെട്ട് മിന്നലാക്രമണം രാഷ്ട്രീയ മുതല്‍ക്കൂട്ടാക്കി മാറ്റി. അതൊരു സൈനിക തീരുമാനമായിരുന്നു. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്തും മിന്നലാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ സൈന്യത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് അത് രഹസ്യമാക്കി വെക്കുകയായിരുന്നെന്നും രാഹുല്‍ പറഞ്ഞു.
 

Latest News