ജിദ്ദ- മദീന പ്രവിശ്യയിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഈ മേഖലയിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു. പ്രളയമുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴ പ്രളയമുണ്ടാക്കുമെന്ന് മുന്നറിയിപ്പുണ്ട്. തബൂക്ക്, അൽ ജൗഫ്, ഹായിൽ എന്നിവടങ്ങളിലും കനത്ത മഴ പെയ്യും. മക്ക പ്രവിശ്യയിൽ ഇടിമിന്നലോടുകൂടിയ മഴയാണ് പ്രവചിക്കപ്പെട്ടത്. തീരദേശങ്ങളിലും കനത്ത മഴ പെയ്യും. തബൂക്കിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ മഴയിലെ നാശനഷ്ടങ്ങൾ പരിഹരിച്ചുവെന്ന് സിവിൽ ഡിഫൻസ് വക്താവ് മേജർ അബ്ദുൽ അസീസ് ബിൻ ഫർഹാൻ അൽ ശമംരി പറഞ്ഞു. സഹായം ആവശ്യപ്പെട്ട് നിരവധി പേരാണ് വിളിക്കുന്നതെന്നും ഇവരെയൊക്കെ രക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. മഴയിൽ വീട്ടിൽ കുടുങ്ങിയവരെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെത്തി രക്ഷിച്ചു. ജനങ്ങൾ മുന്നറിയിപ്പുകൾ സ്വീകരിക്കണമെന്നും ആവശ്യമായ കരുതലുകൾ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.