ജപാന്‍, അമേരിക്ക, ഇന്ത്യ പുതിയ കൂട്ടുകെട്ട്; 'ജയ്' സഖ്യമെന്ന് മോഡി 

ബുവെനൊസ് ഐറെസ്- അര്‍ജന്റീനയില്‍ നടക്കുന്ന ജി20 ആഗോള ഉച്ചകോടിക്കിടെ ജപാന്‍, അമേരിക്ക, ഇന്ത്യ ത്രിരാഷ്ട്ര ചര്‍ച്ച നടന്നു. മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്ന് പുതിയ കൂട്ടുകെട്ടുണ്ടാക്കി. മൂന്ന് രാഷ്ട്രങ്ങളുടേയും പേരിലെ ആദ്യ ഇംഗ്ലീഷ് അക്ഷരമെടുത്ത് 'ജയ്' എന്നാണ് പ്രദാനമന്ത്രി നരേന്ദ്ര മോഡി സഖ്യത്തെ വിശേഷിപ്പിച്ചത്. ഹിന്ദി ഭാഷയില്‍ വിജയം എന്നര്‍ത്ഥം വരുന്ന വാക്കാണിതെന്നും മോഡി പരാമര്‍ശിച്ചു. പുതിയ ത്രിരാഷ്ട്ര കൂട്ടായ്മയുടെ പ്രഥമ കൂടിച്ചേരലില്‍ മോഡിയും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, ജപാന്‍ പ്രധാനമന്ത്രി ഷിന്‍സെ അബെ സംയുക്ത ചര്‍ച്ച നടത്തി. ഇതൊരു പുതിയ തുടക്കമാണെന്നും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും ലോകത്തിന്റെ സമൃദ്ധിക്കും ഈ കൂട്ടായ്മക്ക് വലിയ പങ്കു വഹിക്കാനാകുമെന്ന് വിശ്വസിക്കുന്നതായും മോഡി പറഞ്ഞു. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂന്ന് രാജ്യങ്ങളും ചേര്‍ന്ന് സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കാന്‍ ചര്‍ച്ച നടത്തിയത് നല്ല അവസരത്തിലാണെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ലഭിച്ചത് നല്ല അവസരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് നേതാക്കളും ഇന്തോ-പസഫിക് മേഖലയിലെ വിഷയങ്ങളാണ് പരസ്പരം പങ്കുവച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു. തുറന്നതും സ്വതന്ത്രവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ വ്യവസ്ഥാപിത നയം മേഖലയിലെ സമാധാനത്തിനും വികസനത്തിനും അത്യാവശ്യമാണെന്ന് മൂന്ന് നേതാക്കളും അംഗീകരിച്ചു. ഇന്തോ-പസഫിക് എന്ന സങ്കല്‍പ്പം എങ്ങനെ മുന്നോട്ടു കൊണ്ടു പോകണമെന്നതു സംബന്ധിച്ച ആശയങ്ങള്‍ പ്രധാനമന്ത്രി മോഡി മറ്റു നേതാക്കളുമായി പങ്കുവച്ചെന്നും അദ്ദേഹം പറഞ്ഞു. ജി20 ഉച്ചകോടിയുടെ ഭാഗമായി ഭാവിയില്‍ ഈ ത്രിരാഷ്ട്ര ചര്‍ച്ചകള്‍ തുടരണമെന്ന് മൂന്ന് നേതാക്കളും ആഗ്രഹം പ്രകടിപ്പിച്ചതായും ഗോഖലെ പറഞ്ഞു.
 

Latest News