സൗദിയിൽ പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നവർ ശ്രദ്ധിക്കുക, പിടിവീഴും

റിയാദ് - പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നവർക്ക് പിഴ വ്യവസ്ഥ ചെയ്യുന്ന പുകവലി വിരുദ്ധ നിയമത്തിന്റെ നിയമാവലി നടപ്പാക്കിത്തുടങ്ങി. മസ്ജിദുകൾക്കു ചുറ്റുമുള്ള സ്ഥലങ്ങൾ, മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ, ആരോഗ്യ, സ്‌പോർട്‌സ്, സാംസ്‌കാരിക സ്ഥാപനങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ, പുരാവസ്തു കേന്ദ്രങ്ങൾ, മ്യൂസിയങ്ങൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ, ഫാർമസികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, എ.ടി.എം കാബിനുകൾ, സ്വകാര്യ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും അതോറിറ്റികളിലെയും ബാങ്കുകളിലെയും വ്യവസായ ശാലകളിലെയും മറ്റും തൊഴിൽ സ്ഥലങ്ങൾ, വിമാനങ്ങളും ബസുകളും ട്രെയിനുകളും കപ്പലുകളും അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾ, ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും നിർമിക്കുകയും പാക്ക് ചെയ്യുകയും തയാറാക്കുകയും ചെയ്യുന്ന സ്ഥലങ്ങൾ, പെട്രോൾ നിർമാണ സ്ഥലം, വിതരണ കേന്ദ്രം, നീക്കം ചെയ്യുന്ന സ്ഥലം, സംസ്‌കരണ കേന്ദ്രം, പെട്രോൾ ബങ്കുകൾ, ഗ്യാസ് വിതരണ കേന്ദ്രങ്ങൾ, ഗോഡൗണുകൾ, ലിഫ്റ്റുകൾ, പൊതു ഉപയോഗത്തിനുള്ള ടോയ്‌ലറ്റുകൾ എന്നിവിടങ്ങളിൽ പുകവലിക്കുന്നത് നിയമം വിലക്കുന്നു. ഇത് ലംഘിക്കുന്നവർക്ക് 200 റിയാൽ തോതിൽ പിഴ ലഭിക്കും. 
പുകവലി മൂലമുള്ള ആരോഗ്യ, സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി പ്രത്യാഘാതങ്ങളിൽ നിന്ന് വ്യക്തികളെ സംരക്ഷിക്കുന്നതിനും പുകവലി പ്രവണതാ വ്യാപനത്തിന് തടയിടുന്നതിനും നിയമം ലക്ഷ്യമിടുന്നു. സിഗരറ്റ്, ചുരുട്ട്, പാൻ, ഹുക്ക, ഇ-സിഗരറ്റ്, വെറ്റിലമുറുക്ക് തുടങ്ങി ചേരുവയിൽ പുകയില അടങ്ങിയ മുഴുവൻ ഉൽപന്നങ്ങളും പിഴ ലഭിക്കുന്ന പുകവലിയുടെ പരിധിയിൽ വരും. 
സൗദിയിൽ പുകയില കൃഷി ചെയ്യുന്നതും നിർമിക്കുന്നതും നിയമം വിലക്കുന്നു. ഇത് ലംഘിക്കുന്നവർക്ക് 20,000 റിയാൽ പിഴ ചുമത്തും. നിയമാവലി നിർണയിക്കുന്ന എണ്ണവും അളവും അടങ്ങിയ, നന്നായി പാക്ക് ചെയ്ത പാക്കറ്റുകളിൽ മാത്രമേ പുകയില ഉൽപന്നങ്ങൾ വിൽക്കാൻ പാടുള്ളൂ. വെന്റിംഗ് മെഷീനുകൾ വഴി പുകയില ഉൽപന്നങ്ങൾ വിൽക്കാവതല്ല. പൊതുഗതാഗത സംവിധാനങ്ങളിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിനും പതിനെട്ട് വയസ്സ് പൂർത്തിയാകാത്തവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിനും വിലക്കുണ്ട്. പുകയില ഉൽപന്നങ്ങളുടെ വില കുറക്കുന്നതിനും സാമ്പിളുകൾ സൗജന്യമായോ ഉപഹാരമായോ വിതരണം ചെയ്യുന്നതിനും പാടില്ല. 
പുകയില പരസ്യം അടങ്ങിയ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും വിൽക്കുന്നതിനും വിലക്കുണ്ട്. പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്ന സ്ഥലങ്ങളിൽ പുകയില ഉപയോഗത്തിനെതിരായ ആരോഗ്യ മുന്നറിയിപ്പ് അടങ്ങിയ പോസ്റ്റർ പതിക്കൽ നിർബന്ധമാണെന്നും നിയമം പറയുന്നു. സിഗററ്റ് രൂപത്തിലുള്ള കളിക്കോപ്പുകൾക്കും വിലക്കുണ്ട്. സൗദിയിലെ മാധ്യമങ്ങളിൽ പുകയില പരസ്യം പൂർണമായും വിലക്കിയിട്ടുണ്ട്. സിനിമകളിൽ നിന്നും സീരിയലുകളിൽ നിന്നും പ്രസിദ്ധീകരണങ്ങളിൽ നിന്നും പുകവലിയുടെ ദൃശ്യങ്ങൾ നീക്കം ചെയ്തിരിക്കണം. ഇവ പാലിക്കാത്തവർക്ക് 5000 റിയാലിൽ കൂടാത്ത പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി തുക പിഴ ചുമത്തും. 
നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴ പുകവലി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. ഈ ലക്ഷ്യത്തോടെ ബാങ്കിൽ പ്രത്യേക അക്കൗണ്ട് തുറക്കും. ആരോഗ്യ മന്ത്രിയുടെ നിർദേശാനുസരണം അക്കൗണ്ടിലെ തുക വിനിയോഗിക്കുമെന്നും നിയമം വ്യക്തമാക്കുന്നു.
 

Latest News