Sorry, you need to enable JavaScript to visit this website.

ചീഫ് ജസ്റ്റിസിനെതിരെ വാർത്താ സമ്മേളനം നടത്തിയതിൽ ഖേദമില്ല -കുര്യൻ ജോസഫ്‌

ന്യൂദൽഹി- ജനുവരി 12ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രക്കെതിരെ വാർത്താ സമ്മേളനം നടത്തിയതിൽ ഖേദമില്ലെന്ന് കഴിഞ്ഞ ദിവസം വിരമിച്ച സുപ്രീം കോടതി ജഡ്ജി കുര്യൻ ജോസഫ്. 
വാർത്താ സമ്മേളനം കൊണ്ട് ഉദ്ദേശിച്ച എന്തെങ്കിലും മാറ്റമുണ്ടായോ എന്ന ചോദ്യത്തിന് തീർച്ചയായും ചില മാറ്റങ്ങൾ ഉണ്ടായെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തന്റെ 65-ാം ജന്മദിനമായ ഇന്നലെ ദൽഹിയിലെ ഔദ്യോഗിക വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കുര്യൻ ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിസന്ധി തീർക്കാൻ വാർത്താ സമ്മേളനം വിളിക്കുന്നതിന് പകരം കോടതിയുടെ ഫുൾ കോർട്ട് യോഗം വിളിച്ചു ചേർക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അത്തരത്തിലുള്ള നിരവധി അഭ്യർഥനകൾ നടത്തിയിരുന്നുവെന്നായിരുന്നു കുര്യന്റെ പ്രതികരണം. 
കേസുകൾ വീതിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട വിഷയം വാർത്താ സമ്മളനത്തിന്റെ ഒരു കാരണം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ വാർത്താ സമ്മേളനം നടത്തിയതിന് ശേഷം കൂടുതൽ സുതാര്യതയും മുൻകരുതലും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 
ജഡ്ജിമാരുടെ നിയമനം, സ്ഥലം മാറ്റം, ഫയൽ നീക്കം വൈകിപ്പിക്കുക എന്നിവയിലൂടെ ജുഡീഷ്യറിയിൽ രാഷ്ട്രീയമായ ഇടപെടൽ നടക്കുന്നുണ്ട്. അതേസമയം, ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ധാരാണാപത്രം (എം.ഒ.പി) കേന്ദ്ര സർക്കാർ വൈകിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 
എം.ഒ.പി അന്തിമമല്ലെന്ന് കേന്ദ്ര സർക്കാർ പറയുന്നത് ആശ്ചര്യകരമാണ്. എം.ഒ.പിയുടെ കരട് പ്രകാരമാണ് കൊളീജിയം പ്രവർത്തിക്കുന്നത്. ജസ്റ്റിസുമാരായ എം.ആർ. ഷാ, ഹേമന്ത് ഗുപ്ത എന്നിവരെ സുപ്രീം കോടതി ജസ്റ്റിസുമാരായി നിയമിച്ചതും ജസ്റ്റിസ് അഖിൽ ഖുറേഷിയുടെ സ്ഥലം മാറ്റത്തിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് സമ്മർദമുണ്ടായിട്ടില്ല. ഖുറേഷിയുടെ സ്ഥലം മാറ്റം നിതി നിർവഹണത്തിന്റെ താൽപര്യ പ്രകാരമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
കേസുകൾ പരിഗണിക്കുന്ന ജഡ്ജിമാർ രാജ്യത്തിന്റെ വൈവിധ്യം കൂടി മനസ്സിൽ വെക്കണമെന്ന് കഴിഞ്ഞ ദിവസം താൻ പറഞ്ഞത് ശബരിമല കേസിന്റെ പശ്ചാത്തലത്തിലല്ലെന്നും വിശാലമായ അർഥത്തിൽ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന നിലക്ക് ശബരിമല വിധിയെ കുറിച്ചു പ്രതികരിക്കാനാവില്ലെന്ന് കുര്യൻ ജോസഫ് പറഞ്ഞു. 
നിയമം അന്തിമമായി കഴിഞ്ഞാൽ അത് ലംഘിക്കുന്നത് കോടതിയലക്ഷ്യമാണ്. എന്നാൽ ആ തീരുമാനങ്ങൾ നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിൽ പുനഃപരിശോധന ആവശ്യപ്പെടാൻ ഭരണഘടനയിൽ തന്നെ സാധ്യതയുണ്ടെന്നായിരുന്നു ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് കുര്യൻ ജോസഫിന്റെ മറുപടി.
കേരള ഹൈക്കോടതിയിലേക്ക് ശുപാർശ ചെയ്ത പേരുകളിൽ ചിലത് കേന്ദ്ര സർക്കാർ തിരിച്ചയച്ചതിൽ അടുത്ത കൊളീജിയം യോഗം തീരുമാനമെടുക്കും. കാലതാമസമില്ലാതെ കൊളീജിയത്തിന്റെ തീരുമാനമുണ്ടാകും. പേരു തിരിച്ചയച്ചപ്പോൾ അതിന് കേന്ദ്രം ചില കാരണവും പറഞ്ഞിട്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

Latest News