മൂന്നര ദശകക്കാലം സേവിച്ച ഇന്ത്യക്കാരന് വികാരനിർഭരമായ യാത്രയയപ്പ്

യാത്രയയപ്പ് ചടങ്ങിൽ മൈതു ബാബു സ്‌പോൺസർ അവാദ് ഖിദൈർ അൽശമ്മരിക്കൊപ്പം.
ഇന്ത്യക്കാരന് ഉമ്മ നൽകി സ്‌പോൺസറുടെ കുടുംബത്തിലെ കുട്ടികൾ സ്‌നേഹം പ്രകടിപ്പിക്കുന്നു. വലത്ത്‌  മൈതു ബാബുവിന് സമ്മാനങ്ങൾ കൈമാറുന്നതിന് കുടുംബാംഗങ്ങൾ വരിനിൽക്കുന്നു. 

ഹായിൽ - മൂന്നര പതിറ്റാണ്ടിലേറെ കാലം തങ്ങളെ സേവിക്കുകയും ഭംഗിയായും ആത്മാർഥമായും സത്യസന്ധമായും ജോലികൾ നിർവഹിക്കുകയും ചെയ്ത ഇന്ത്യക്കാരന് സൗദി കുടുംബത്തിന്റെ വികാരനിർഭരമായ യാത്രയയപ്പ്. ഉത്തര ഹായിലിലെ ദബഇൽ ആർഭാടമായ അത്താഴ വിരുന്ന് ഒരുക്കിയാണ് ഇന്ത്യക്കാരൻ മൈതു ബാബുവിന് സൗദി പൗരൻ അവാദ് ഖിദൈർ അൽശമ്മരിയും കുടുംബവും യാത്രയയപ്പ് നൽകിയത്. കുടുംബത്തിലെ മുഴുവൻ അംഗങ്ങളും ബന്ധുക്കളും തൊഴിലാളിക്ക് ഉപഹാരങ്ങളും പണവും സമ്മാനിച്ചു. 
ഒരു തൊഴിലാളിയെ പോലെയല്ല, തങ്ങളുടെ സഹോദരൻ എന്നോണമാണ് മൈതു ബാബുവിനെ ഇത്രയും കാലം തങ്ങൾ കണ്ടതെന്ന് സ്‌പോൺസർ അവാദ് ഖിദൈർ അൽശമ്മരി പറഞ്ഞു. 
സന്തോഷത്തിലും സന്താപത്തിലും മൈതു ബാബു ഇക്കാലമത്രയും തങ്ങൾക്കൊപ്പം പങ്കാളിയായി. അതുകൊണ്ടു തന്നെ ദീർഘ കാലത്തെ സേവനത്തിനു ശേഷം സൗദിയിലെ ജോലി മതിയാക്കി സ്വദേശത്തേക്ക് തിരിച്ചുപോകുന്ന ഇന്ത്യക്കാരനെ അർഹിക്കുംവിധം ആദരിക്കേണ്ടത് തങ്ങളുടെ കടമയാണ്. 
എൺപതുകളുടെ തുടക്കത്തിലാണ് മൈതു ബാബു തങ്ങളുടെ അടുത്ത് ജോലിക്കെത്തിയത്. സത്യസന്ധതയും ആത്മാർഥയും സൽസ്വഭാവവും കൊണ്ട് ഇന്ത്യക്കാരൻ തങ്ങളുടെ എല്ലാം മനസ്സുകൾ കീഴടക്കി. 
വൈകാതെ കുടുംബത്തിലെ ഒരംഗത്തെ പോലെ ഇന്ത്യക്കാരൻ മാറി. മൈതു ബാബുവിന്റെ ഇന്ത്യയിലെ ഓരോ കുടുംബാംഗത്തെയും ഞങ്ങൾക്ക് നന്നായി അറിയാം. 
ഇന്ത്യയിലെ കുടുംബാംഗങ്ങൾക്ക് സന്തോഷവും ആഹ്ലാദവും നൽകുന്ന സംഭവങ്ങളുണ്ടാകുമ്പോഴെല്ലാം പ്രത്യേകം ആഘോഷ ചടങ്ങ് സംഘടിപ്പിച്ച് മൈതു ബാബുവിന്റെ സന്തോഷത്തിൽ തങ്ങളും പങ്കാളികളാകുന്നത് പതിവായിരുന്നു. ദുഃഖങ്ങളും സങ്കടങ്ങളുമുണ്ടാകുമ്പോഴും അതും തങ്ങൾ പങ്കുവെച്ചിരുന്നു. 
അടുത്ത കാലത്തായി ഇന്ത്യക്കാരന്റെ ആരോഗ്യം മോശമായിരുന്നു. ഇതേത്തുടർന്ന് തങ്ങൾ വിദഗ്ധ ചികിത്സ ലഭ്യമാക്കി. അസുഖം ഭേദമായതോടെ ഫൈനൽ എക്‌സിറ്റിൽ സ്വദേശത്തേക്ക് മടങ്ങുന്നതിനുള്ള താൽപര്യം ഇന്ത്യക്കാരൻ പ്രകടിപ്പിക്കുകയായിരുന്നു. പ്രായാധിക്യം ചെന്നതിനാൽ ഭംഗിയായി ജോലി ചെയ്യാൻ കഴിയില്ലെന്ന കാര്യവും സ്വദേശത്തേക്ക് തിരിച്ചുപോകുന്നതിനുള്ള തീരുമാനത്തിന് കാരണമായി മൈതു ബാബു പറഞ്ഞു. അടുത്ത കാലത്ത് ഇന്ത്യക്കാരന്റെ ജോലി ഭാരം തങ്ങൾ കുറച്ചിരുന്നു. എന്നിട്ടും സ്വദേശത്തേക്ക് മടങ്ങണമെന്ന ആഗ്രഹത്തിൽ തൊഴിലാളി ഉറച്ചുനിന്നു. ഇത് കുടുംബം മാനിക്കുകയായിരുന്നു. പാരിതോഷികമായി പതിനായിരത്തിലേറെ റിയാൽ തങ്ങൾ മൈതു ബാബുവിന് നൽകി. ഇതിനു പുറമെ പ്രതിമാസം നിശ്ചിത തുക ഇന്ത്യയിലേക്ക് അയച്ചുകൊടുക്കുന്നതിനും തങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്നും അവാദ് ഖിദൈർ അൽശമ്മരി പറഞ്ഞു. 

Latest News