Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഹാത്മാക്കളും 'മലമ്പനി'യിറക്കവും

മഹാനായ എ.കെ. ആന്റണി തന്റെ മഹത്വം ഒന്നുകൂടി തെളിയിച്ചു. പണ്ട് ചെറിയാൻ ഫിലിപ്പിന് അർഹിക്കുന്ന സ്ഥാനം നൽകാൻ കഴിഞ്ഞില്ലെന്നും ഇപ്പോൾ ചെറിയാൻ പിടിച്ചു തൂങ്ങിക്കിടക്കുന്ന ആ വള്ളി അനുദിനം മേലോട്ടു പടരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോഴേ മഹാത്മാവായി മാറിയതാണ്. അർഹിക്കാത്തതൊന്നും അനുഭവിക്കരുത്. ആപ്പീസിനകത്ത് ഒരു ലൈറ്റ് പോലും അനാവശ്യമായി കത്തുവാൻ പാടില്ല. ഒരു ഫാൻ പോലും കറങ്ങരുത്. കാറ്റടിക്കുന്നുണ്ടോ എന്ന് ജനാലയിലൂടെ നോക്കിയിട്ടു വേണം സ്വിച്ചിടേണ്ടത്. കൂജയിൽ വീട്ടിൽനിന്നും കൊണ്ടുവന്ന തണുത്ത ജലം കരുതണം. പൊതുജനങ്ങൾക്ക് കിട്ടേണ്ട വൈദ്യുതിയും കാറ്റും വെള്ളവും മുഖ്യമന്ത്രിയുടെ ആപ്പീസ് ഊറ്റിയെടുക്കരുത്. വി.എസും കൂട്ടരും അതുമിതും പറഞ്ഞു നടന്നാൽ നമ്മളെന്തു മറുപടി പറയും? ചുരുക്കത്തിൽ, ഗാന്ധിജി നേരത്തെ അന്തരിച്ചതു നന്നായി. ജീവിച്ചിരിക്കേ, 'മഹാത്മാ' പട്ടം ഒരു അന്തോണിച്ചൻ തട്ടിയെടുത്തിരുന്നേൽ മാനക്കേടായേനേ!
ആർക്കും ഒരു ഗുണവുമില്ലാതെ നടന്നിരുന്ന ആ ഭരണ കാലത്ത് കോൺഗ്രസുകാർ സെക്രട്ടറിയേറ്റിന്റെ വടക്കേ ബ്ലോക്കിൽ കയറുന്ന ഏർപ്പാട് നിർത്തി. മരണം നടന്ന വീടു പോലെയായി ഭരണത്തലവന്റെ ആപ്പീസ് മുറികൾ. ഖദർ വാലകൾ വനിതാ പ്രവർത്തകരെക്കൊണ്ട് 'പൊങ്കാല' അടുപ്പ് വരെ കത്തിച്ചുവത്രേ, ഭരണം ഒന്ന് ഒഴിഞ്ഞുപോകാനുള്ള നേർച്ചയായി! ഭാരത് സേവക് സമാജിന്റെ പ്രഥമ എം.എം. ജേക്കബ് പുരസ്‌കാരം ചെറിയാച്ചനു നൽകുമ്പോൾ മഹാത്മാ അന്തോണിച്ചൻ ഉരുവിട്ട വാക്കുകളിൽ ഗൂഢോദ്ദേശ്യം വല്ലതുമുണ്ടായിരുന്നോ ആവോ! ചെറിയാച്ചനെ മടക്കിക്കൊണ്ടുവരാനാണോ? എങ്കിൽ അതിൽപരം ക്രൂരകൃത്യം വേറെയില്ല 'ഒക്കച്ചങ്ങാതി'യായ സുധീരൻജി പ്രസിഡന്റായ കാലത്ത് ഒന്നു ശ്രമിച്ചതാണ്. പാർട്ടിയുടെ ഭാഗ്യത്തിന് അതു നടന്നില്ല. ഒട്ടകത്തെ കൂടാരത്തിൽ കയറ്റിയ അനുഭവമായേനേ! ഉപകാരം ചെയ്തവരോട് ചെറിയാൻ കാട്ടിയിട്ടുള്ളതെന്തൊണെന്ന് ഓർക്കണം: പഴയ 'ലീഡർ' തിരുവനന്തപുരം നോർത്തിലും കോട്ടയത്തും ആ 'നിത്യഹരിത ബ്രഹ്മചാരിക്ക് സീറ്റു തരപ്പെടുത്തിക്കൊടുത്തു. രണ്ടിടത്തും തോറ്റു. 
'തടിയുടെ വളവും ഉളിയുടെ കുറ്റവും' കൊണ്ട് എന്നു പറഞ്ഞതുപോലെ, പരാജയം ലീഡറുടെയും പാർട്ടിയുടെയും വഴിയേ നടന്നുപോയവരുടെയും തലയിൽവച്ച് ചെറിയാച്ചൻ മതിൽ ചാടി. ഇടതു ചാനലിൽ ഉന്നം പിഴയ്ക്കാതെ കടന്നുകൂടി. കഞ്ഞിയും ചമ്മന്തിയും ഇടതു കാന്റീനിൽനിന്നുമായി. പിണറായി സൗഹൃദത്തോടെ അങ്ങോർ 'ഇരട്ടച്ചങ്കനു'മായി. ഇടതു നെഞ്ചിൽ പിണറായിയും വലതു നെഞ്ചിൽ ആന്റണിയുമാണെന്നായി പ്രസ്താവന. ഇടതു- കോൺഗ്രസ് സഖ്യം അടുത്ത കൊല്ലം ഉണ്ടാകുമെന്നു കൽപിച്ച് ഒരു മുഴം മുമ്പേ എറിഞ്ഞതാകാം! ഇനി കോൺഗ്രസിലേക്കു തിരികെ കൊണ്ടുവരാനാണ് പുണ്യാളന്റെ ശ്രമമെങ്കിൽ, അത് 'വേലിയിലിരുന്നതിനെ എടുത്തു മടിയിൽ വെയ്ക്കാനുള്ള' നീക്കമായിരിക്കും. മറ്റു പല വെമ്പാലകളും അതോടെ കോൺഗ്രസ് വിടും. വിവിധ മുന്നണികൾ വലയും വിരിച്ചു കാത്തിരിക്കുന്നു.
 കോൺഗ്രസിനാണെങ്കിൽ ഇന്ത്യയൊട്ടുക്കു കഷ്ട കാലവുമാണ്. പോരാഞ്ഞിട്ട്, സീനിയർ നേതൃത്വത്തിൽ മഹാത്മാ ആന്റണിയും! ഫലത്തിൽ, ചെറിയാച്ചന് വലത്-ഇടത് നെഞ്ചൂക്കോടെ പ്രസംഗിക്കണമെങ്കിൽ കേരളത്തിനു പുറത്തേക്കു പോകേണ്ടിവരും. ഇവിടെ ആ സ്വപ്‌നം 'സഖ്യം' നടപ്പില്ല. ഒറ്റത്തടിയായതിനാൽ ചെറിയാച്ചന് ഒരു തുണിസഞ്ചി മാത്രം കരുതിയാൽ മതിയല്ലോ.


****        ****     ****

1942 ലെ ക്വിറ്റിന്ത്യാ കാലം മുതൽ തന്ത്രപരമായ നിലപാടെടുക്കുന്നതിൽ ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യൻ കമ്യൂണിസ്റ്റുകാർ. 1964 ൽ രണ്ടായും പിന്നീട് പല പല ഗ്രൂപ്പുകളായും പിരിഞ്ഞുവെങ്കിലും രണ്ടു പാർട്ടികൾക്കേ എവിടെയും കഷ്ടിച്ചു കസേരയുള്ളൂ. അതും തന്ത്രപരമായ വിജയം തന്നെയാണ്. ഒരു ലോക്കൽ സമ്മേളനത്തിൽ പോലും തന്ത്രം കൈക്കൊള്ളുന്നത് 'ഉണ്ണാ്രവത'മാക്കിയ മാർക്‌സിസ്റ്റ് പാർട്ടി, പി.കെ. ശശി എം.എൽ.എ എന്ന എം.ജി.ആർ മോഡൽ സഖാവിന്റെ കാര്യത്തിലും മിടുക്കു തെളിയിച്ചു. സഖാവ് 'ജനമുന്നേറ്റ ജാഥ' നയിച്ചു പൂർത്തിയാക്കി, ക്ഷീണം തീർക്കാൻ ഇളനീര് സേവിച്ചു. മയങ്ങുന്നതു വരെ അച്ചടക്ക നടപടി കാര്യം ചിന്തിക്കാതെ സൂക്ഷിച്ചു. സഖാവില്ലെങ്കിൽ നയിക്കാൻ കേരളത്തിൽ പോലും ആരുമില്ല. സമാപനം ഉദ്ഘാടിക്കേണ്ട ചന്ദ്രൻ സഖാവ് കാലുമാറിയപ്പോഴാണ് ശശി സഖാവിന്റെ മാറ്റ് തിരിച്ചറിഞ്ഞത്. അദ്ദേഹം തന്നെ നയിച്ചുവന്ന്, സമ്മേളനം ഉദ്ഘാടനം ചെയ്തു. കാണികൾ രോമാഞ്ചം നിമിത്തം കട്ടൻ ചായ കിട്ടുന്നിടത്തേക്ക് പലായനം ചെയ്തു. രോമങ്ങളെ പൂർവ സ്ഥിതിയിലെത്തിക്കണമല്ലോ!
അനന്തരം, പാർട്ടി കേന്ദ്ര കമ്മിറ്റിയുടെയും ഇവിടെ ഒരു തരത്തിലും സൈ്വരം കൊടുക്കാത്ത വി.എസിന്റെയും നിർബന്ധ പ്രകാരം ശശിയെ ആറു മാസത്തേക്ക് സസ്‌പെന്റ് ചെയ്തു; പാർട്ടിയുടെ മാനം കാത്തു. 'ലൈംഗികച്ചുവയുള്ള ആക്രമണമേറ്റ 'ഡിഫി' വനിതാ സഖാവിന് മാനം തിരിച്ചുകിട്ടി, തൃപ്തിയായി. ഈ വേളയിൽ തലസ്ഥാനത്ത് മൃഗശാല കണ്ടു നടന്നിരുന്ന ഒരു ന്യൂജെൻ പയ്യൻ അബദ്ധവശാൽ കൈയിലെ കൊച്ചു റേഡിയോയിൽ വാർത്തകൾ കേൾക്കുകയായിരുന്നു. രംഗം കാണ്ടാമൃഗത്തിന്റെ കൂടിനു മുന്നിൽ. വാർത്തയിൽ ഇങ്ങനെ കേട്ടു: 'പാർട്ടി തന്റെ ജീവനാണ്. എന്തു തന്നാലും സ്വീകരിക്കുമെന്ന് പി.കെ. ശശി എം.എൽ.എ' അപ്പോൾ ഒരു ചീറുന്ന ശബ്ദം. റേഡിയോ ശ്രോതാവ് മുന്നിലെ കൂട്ടിലേക്കു നോക്കിയപ്പോൾ കാണ്ടാമൃഗം അതാ നാണിച്ചു തലതാഴ്ത്തി കൂട്ടിനുള്ളിലേക്കോടുന്നു. വാർത്ത കേട്ടവർക്കും രംഗം കണ്ടവർക്കും യാതൊരു അദ്ഭുതവും തോന്നിയില്ല.

****    ****     ****

നെയ്യാർ ഡാമുണ്ടാക്കി, ശുദ്ധജലം തലസ്ഥാനത്തെത്തിച്ചത് ഒരു മഹാരാജാവായിരുന്നെങ്കിലും, ഒരിക്കലും ക്ഷാമവുണ്ടാകാതെ വെള്ളമെത്തിച്ചത് മാത്യു ടി. തോമസെന്ന മന്ത്രിയായിരുന്നുവെന്ന് ഒന്നരക്കൊല്ലം മുമ്പത്തെ പത്രങ്ങൾ മറിച്ചു നോക്കിയാൽ കാണാം. ജനക്ഷേമമല്ലാതെ മറ്റൊന്നും കക്ഷിയുടെ വകുപ്പിലില്ല. തന്നിമിത്തം ജനതാദൾ പാർട്ടിയാപ്പീസ് വറ്റിവരണ്ടു. മരുന്നിനു പോലും പ്രവർത്തകരെ കാണാതായി. വനിതാ പ്രവർത്തകരാകട്ടെ, നീലന്റെ സാന്നിധ്യത്തെ ഇപ്പോഴും ഭയത്തോടെ കാണുന്നതും ക്ഷീണമായി. 'ആപ്പീസ് പൂട്ടേണ്ട'ഗതികേട് മാറ്റണമെങ്കിൽ മന്ത്രി മാറണം എന്നതായി അവസ്ഥ.
പുതിയ മന്ത്രി കൃഷ്ണൻ കുട്ടിയായാൽ 'അങ്കവും കാണാം താളിയും ഒടിക്കാം' എന്നു പറഞ്ഞതുപോലെയാവും കാര്യങ്ങൾ. പാർട്ടി അകാല മരണത്തിൽ നിന്നും രക്ഷപ്പെടുമെന്നു സാരം. സംസ്ഥാനങ്ങൾ തമ്മിലുള്ള നദീജലക്കാറുകളെ കാറ്റിൽ പറത്താൻ ശേഷിയുള്ള ഒരേയൊരു 'കുട്ടികൃഷ്ണന'ാണദ്ദേഹം. മലബാറിന്റെ പ്രതിനിധി. വീരന്റെ പ്രിയതോഴൻ. തന്ത്രം മെനയാൻ ദേവഗൗഡ കഴിഞ്ഞാൽ രണ്ടാം സമ്മാനം നേടിയ മിടുമിടുക്കൻ. ആനന്ദ ലബ്ധിക്കിനിയെന്തു വേണം? തിരുവല്ല റെയിൽവേ സ്റ്റേഷനിൽ മന്ത്രി സുനിൽ കുമാറിനൊപ്പം ചായ കുടിച്ചു പിരിയുന്ന മുൻ മന്ത്രി മാത്യു ടി. തോമസിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചാണ് മാധ്യമങ്ങൾ ആ ദുഃഖം ആഘോഷിച്ചത്. എ.കെ. ആന്റണിക്കു ശേഷം കണ്ട 'നിർഗുണ പരബ്രഹ്മം' എന്ന് അദ്ദേഹത്തെ വാഴ്ത്തിപ്പാടാത്ത ഒരു ജനാതദളക്കാരനും കേരളക്കരയിലില്ല എന്നാണ് കേൾവി. മെലിഞ്ഞുണങ്ങിയ പാർട്ടിയെ ഇനിയെങ്കിലും രക്ഷപ്പെടുത്താൻ കഴിയുമോ എന്ന് മറ്റു നേതാക്കൾ ഒന്നിച്ചിരുന്നു തന്നെ ആലോചിക്കണം. ജനറൽ ബോഡി ചേരാൻ ലോഡ്ജിലെ ഒരു സിംഗിൾ റൂം മതിയാകുമല്ലോ. മുൻ മന്ത്രി സ്വസ്ഥമായി തിരുവല്ല ബാറിൽ കേസും ചുമന്നു കഴിഞ്ഞോട്ടെ! 

****    ****   ****

വിട്ടുമാറാത്ത പനി ഏതു കൊതുകു കടിച്ചിട്ടാണെന്നും ഏതിനം പനിയാണ് പിടികൂടിയിരിക്കുന്നതെന്നും കണ്ടെത്താനുള്ള രക്തപരിശോധന പോലെയാണ്, ശബരിമല പ്രശ്‌നം കൈകാര്യം ചെയ്യപ്പെട്ടത്. ഒടുവിൽ കണ്ടെത്തി. മലമ്പനി. രാത്രികാലങ്ങളിൽ കടുത്ത പനി. പകൽ മൈനർ പനിയും ക്ഷീണവും. കെ. സുരേന്ദ്രനെ കണ്ടെത്തുകയും പിടിച്ച് ജല ജയിലുകളിലായി അടക്കുകയും ചെയ്തതോടെ മലമ്പനിയുടെ കാഠിന്യം കുറഞ്ഞു. മലയിറക്കം കണ്ടു തുടങ്ങി. സുരേന്ദ്രനെ അകത്തിട്ടതിനു ബദലായുള്ള സമരത്തിനു വീര്യം പോരാ എന്നു പറഞ്ഞ് വി. മുരളീധരനും കൂട്ടരും ഇറങ്ങി. ഒരു രാജ്യസഭാ മെമ്പറുടെ പ്രധാന ജോലി ഇതാണെന്ന് അങ്ങോർ തെളിയിച്ചു. വെൺമണിക്കവിയായ ശ്രീധരൻ പിള്ളക്ക് യാതൊരു പിടിപാടുമില്ലാത്ത മലകയറ്റം എങ്ങനെ പരിഹരിക്കാനാണ്? പുതിയ ഗ്രൂപ്പുകളിക്കു പിന്നിൽ വെള്ളാപ്പള്ളി നടേശ ഗുരുക്കൾ ഉണ്ടെന്നാണ് ജനസംസാരം. പ്രശ്‌നത്തെ 'തിന്നാനും വയ്യ, തുപ്പാനും വയ്യ' എന്ന നിലയിൽ കൊണ്ടെത്തിച്ചതാരെന്ന ചോദ്യത്തിനു മാത്രം എല്ലാ നേതാക്കളും മൗനം!


 

Latest News