ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു; പലയിടത്തും അട്ടിമറി ജയം

തിരുവനന്തപുരം- കേരളത്തിൽ പതിനാലു ജില്ലകളിലെ 39 തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നു. ഇടതുമുന്നണിക്ക് 22ഉം യു.ഡി.എഫിന് പതിമൂന്നും സീറ്റുകൾ ലഭിച്ചു. ബി.ജെ.പി, എസ്.ഡി.പി.ഐ കക്ഷികൾ രണ്ടു സീറ്റുകളും സ്വന്തമാക്കി. നിലവിലുള്ളതിൽനിന്നും ഒരു സീറ്റ് എൽ.ഡി.എഫ് വർധിപ്പിച്ചു. പത്തനംതിട്ട നഗരസഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിമതൻ അൻസാർ മുഹമ്മദ് വിജയിച്ചു. കെ.എസ്.യു മുൻ പ്രസിഡന്റായിരുന്ന അൻസാർ മുഹമ്മദിനെ കോൺഗ്രസ് പുറത്താക്കിയിരുന്നു. പന്തളം നഗരസഭയിൽ സി.പി.എം സീറ്റ് എസ്.ഡി.പി.ഐ പിടിച്ചെടുത്തു. ഇവിടെ സി.പി.എം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇടുക്കി കുടയത്തൂർ പഞ്ചായത്തിലെ കൈപ വാർഡിൽ സി.പി.എം സ്ഥാനാർഥിയെ അട്ടിമറിച്ച് സി.പി.ഐ പ്രതിനിധി പി.കെ ശശി 73 വോട്ടുള്‍ക്ക് വിജയിച്ചു. അടിമാലി പഞ്ചായത്തിലെ തലമാലി വാർഡ് കോൺഗ്രസ് നിലനിർത്തി. കൊന്നത്തടി പഞ്ചായത്തിലെ മുനിയറ നോർത്ത് വാർഡ് സി.പി.എമ്മിൽനിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. വയനാട് നഗരസഭയിലെ കരിവള്ളിക്കുന്ന് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ റിനു ജോൺ 51 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ഈ വാർഡും എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു.
ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തിലെ അഞ്ചും കാവാലം പഞ്ചായത്തിലെ പത്തും വാർഡുകളിൽ ബി.ജെ.പി വിജയിച്ചു. രണ്ടിടത്തും കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് സി.പി.എം നിലനിർത്തി. തകഴി പതിനൊന്നാം വാർഡ് കോൺഗ്രസ് നിലനിർത്തി. പുന്നപ്ര തെക്ക് എസ്.ഡി.പി.ഐയും നിലനിർത്തി.
മലപ്പുറത്ത് നാലുവാർഡുകളിൽ രണ്ടിടത്ത് യു.ഡി.എഫും രണ്ടിടത്ത് എൽ.ഡി.എഫും വിജയിച്ചു. അമരമ്പലം ഉപ്പുവള്ളി വാർഡ് എൽ.ഡി.എഫ് പിടിച്ചെടുത്തു. കോൺഗ്രസിലെ അനിത രാജു രാജിവെച്ച് ഇവിടെ വീണ്ടും എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയായിരുന്നു. വളാഞ്ചേരി മീമ്പാറ വാർഡിൽ യു.ഡി.എഫിനെ എം ഫാത്തിമ നസിയ 55 വോട്ടിന് വിജയിച്ചു. വട്ടംകുളം പഞ്ചായത്ത് മേൽമുറിയിൽ എൽ.ഡി.എഫിലെ കെ.വി കുമാരൻ 61 വോട്ടിന് വിജയിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഐക്കരപ്പടി ഡിവിഷനിൽ യു.ഡി.എഫിലെ ഫൈസൽ കൊല്ലോളി 1354 വോട്ടിന് വിജയിച്ചു. 
തൃശൂർ ജില്ലയിലെ അഞ്ചു വാർഡുകളിലും എൽ.ഡി.എഫ് വിജയിച്ചു. ഇരിങ്ങാലക്കുടി രണ്ടാം വാർഡ്, പറപ്പൂക്കര പഞ്ചായത്ത്, ചേലക്കര പഞ്ചായത്ത്, വള്ളത്തോൾ നഗർ പഞ്ചായത്ത്, കടവല്ലൂർ പഞ്ചായത്ത് വാർഡുകളിലാണ് എൽ.ഡി.എഫ് വിജയിച്ചത്. എറണാകുളം തൃപ്പൂണിത്തുറ നഗരസഭ 49-ാം വാർഡിൾ എൽ.ഡി.എഫ് വിജയിച്ചു. കണ്ണൂർ ജില്ലയിൽ നാലിടത്ത് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും രണ്ടു സീറ്റുകൾ നിലനിർത്തി.  കോഴിക്കോട് പേരാമ്പ്ര പഞ്ചായത്ത് എൽ.ഡി.എഫ് നിലനിർത്തി. കൊല്ലം വിളക്കുടി പഞ്ചായത്ത് കുന്നിക്കോട് നോർത്ത് വാർഡിൽ യു.ഡി.എഫ് വിജയിച്ചു. 28 വർഷമായി എൽ.ഡി.എഫിനൊപ്പം നിന്ന വാർഡായിരുന്നു ഇത്.

Latest News