മുംബൈ- നിയമപ്രകാരം പ്രായപൂര്‍ത്തി എത്തിയിട്ടില്ലാത്ത ആണ്‍കുട്ടിയെ വിവാഹം ചെയ്ത 22-കാരിയെ മുംബൈയില്‍ പോലീസ് അറസ്റ്റ് ചെയ്തു. 17കാരനായ ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് യുവതിക്കെതിരെ ചുമത്തിയ കേസ്. ആഴ്ചകള്‍ക്കു മുമ്പ് അറസ്റ്റിലായ യുവതി തന്റെ അഞ്ചു മാസം പ്രായമായ പെണ്‍കുഞ്ഞുമായി ഇപ്പോള്‍ ബൈക്കുള്ള ജയിലിലാണ്. യുവതിക്ക് കൗമാരക്കാരനില്‍ പിറന്നതാണ് കുഞ്ഞ്. ജാമ്യം തേടി യുവതി മുംബൈ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്.
ആണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. കൗമാരക്കാരനൊപ്പം ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് യുവതി തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. ഇതെതുടര്‍ന്ന് കൗമാരക്കാരന്‍ വീടു വിട്ടുപോയെന്നും അമ്മ പറയുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങല്‍ തടയാനുള്ള പോക്‌സോ നിയമം, ബാലവിവാഹ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കുര്‍ള പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമ പ്രകാരം 21 വയസ്സാണ് പുരുഷന്മാരുടെ വിവാഹ പ്രായം. ഈ പ്രായത്തിനു മുമ്പുള്ള വിവാഹം ബാലവിവാഹത്തിന്റെ പരിധിയില്‍ വരുന്നതാണ്.
രണ്ടു തവണ വിവാഹ മോചിതയായ യുവതി തന്റെ മകനെ വശീകരിച്ചതാണെന്നും കൗമാരക്കാരന്റെ അമ്മ പരാതിയില്‍ ആരോപിക്കുന്നു. കൗമാരക്കാരുനും യുവതിയും രണ്ടു വര്‍ഷമായി അടുപ്പത്തിലായിരുന്നു.