Sorry, you need to enable JavaScript to visit this website.

പ്രവാസികൾക്ക് ആധാർ  നിഷേധിക്കുന്നതായി പരാതി 

  • 182 ദിവസം നാട്ടിൽ നിൽക്കാതെ ആധാർ ലഭിക്കില്ലെന്ന് വിവരം

കൊല്ലം- കേന്ദ്ര സർക്കാർ നിർബന്ധമാക്കിയ ആധാർ പ്രവാസികൾക്ക് നിഷേധിക്കുന്നതായി ആക്ഷേപം. രണ്ട് മാസം മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി ആധാർ സ്വന്തമാക്കാനായി കൊല്ലം മയ്യനാട് എസ്.ബി.ഐ ബാങ്കിനുള്ളിൽ പ്രവർത്തിക്കുന്ന ആധാർ സേവാ കേന്ദ്രത്തിൽ ബന്ധപ്പെട്ട രേഖകളുമായി എത്തിയപ്പോൾ ജീവനക്കാരന്റെ വാക്കുകൾ അദ്ഭുതപ്പെടുത്തുന്നതായി. നാട്ടിൽ വന്ന് ആറ് മാസവും രണ്ട് ദിവസവും കഴിയാതെ പ്രവാസികൾക്കും പ്രവാസം അവസാനിപ്പിച്ചവർക്കും ആധാർ അപേക്ഷ നൽകാൻ കഴിയില്ല എന്നായിരുന്നു വിശദീകരണം. 
ആറ് മാസത്തിൽ കൂടുതൽ അവധി ലഭിക്കാത്തവരാണ് പ്രവാസികൾ എന്നിരിക്കെ ഇക്കൂട്ടർക്ക് ആധാർ ലഭിക്കില്ലെന്ന് സാരം. പ്രവാസികൾക്ക് മുമ്പ് തടസ്സമില്ലാതെ ആധാർ കിട്ടിയിരുന്നെങ്കിലും ഇപ്പോൾ ചില കേന്ദ്രങ്ങളിൽ നിഷേധാത്മക സമീപനമാണെന്നാണ് അനുഭവസ്ഥരുടെ പരാതി.
നാട്ടിൽ എന്തിനും ഏതിനും സർക്കാർ സ്ഥാപനങ്ങളിൽ ചെന്നാൽ തിരിച്ചറിയൽ രേഖയായി ആദ്യം ചോദിക്കുന്നത് ആധാർ കാർഡാണ്. പാസ്‌പോർട്ട് കാണിച്ചാൽ പോലും ചിലപ്പോൾ നടക്കില്ല. ഡ്രൈവിംഗ് ലൈസൻസ് മിക്ക സർക്കാർ സ്ഥാപനങ്ങളിലും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാമെങ്കിലും എല്ലാ പ്രവാസികൾക്കും ലൈസൻസ് ഉണ്ടാകില്ല. 
സമീപ കാലങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി പ്രവാസികൾ ആധാർ നേടിയിട്ടുള്ള വിവരം സേവാ കേന്ദ്രത്തിലെ ജീവനക്കാരനോട് പറഞ്ഞപ്പോൾ ഒരു വർഷത്തിനുള്ളിലാണ് പ്രവാസികൾക്ക് ആധാർ നൽകാൻ പാടില്ലെന്ന നിയമം പ്രാബല്യത്തിൽ വന്നതെന്നാണ് വിശദീകരണം. ജി.സി.സി അടക്കം വിദേശങ്ങളിൽ കഴിയുന്നവർക്ക് പാസ്‌പോർട്ടിൽ മേൽവിലാസം മാറ്റൽ തുടങ്ങിയ ആവശ്യങ്ങൾക്ക് എംബസിയിൽ ആധാർ ഹാജരാക്കണമെന്നും നിയമം നിലവിലുള്ള സാഹചര്യത്തിലാണ് നാട്ടിൽ ഇത്തരം നിയമം പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്നത്.
 

Latest News