Sorry, you need to enable JavaScript to visit this website.

ശബരിമല സമരം: കൈ പൊള്ളി  സർക്കാറും പ്രതിഷേധക്കാരും

കോട്ടയം - ശബരിമല കോടതി നിരീക്ഷണത്തിലായതോടെ കൈ പൊള്ളി സർക്കാറും പ്രതിഷേധക്കാരും. നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് സർക്കാറും സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരവേദി മാറ്റി ബി.ജെ.പിയും മുഖം രക്ഷിക്കാനുളള തത്രപ്പാടിലാണ്. 
ശബരിമലയിലെ പ്രശ്‌നത്തിൽ തുടരെത്തുടരെ  സമർപ്പിക്കപ്പെട്ട ഹരജികളിലെ കോടതി തീരുമാനം തങ്ങൾക്ക് അനുകൂലമാണെന്ന് വരുത്താനുളള ശ്രമത്തിലാണ് ഇരുകൂട്ടരും. ആരാധനാലയത്തിലെ പോലീസ് നടപടികളെ പലപ്പോഴും വാദത്തിനിടയിൽ കോടതി വിമർശിച്ചത് സർക്കാറിനെ പ്രതിരോധത്തിലാക്കിയെങ്കിലും അന്തിമ തീർപ്പിൽ ശബരിമലയെ പ്രതിഷേധ വേദിയാക്കരുതെന്ന പരാമർശം ബി.ജെ.പിക്ക് കിട്ടിയ അടിയായി. യു.ഡി.എഫാകട്ടെ, സമരം നിയമസഭയിലേക്ക് മാറ്റി. ഇനി സെക്രട്ടറിയേറ്റിന് മുന്നിൽ ബി.ജെ.പിയും അകത്ത് യു.ഡി.എഫും പ്രതിഷേധിക്കും.
രണ്ടു വിരമിച്ച ജഡ്ജിമാരും ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനും അടങ്ങിയ സമിതിയാണ് ശബരിമലയിൽ കാര്യങ്ങൾ നിരീക്ഷിക്കുക. 
ഈ തീർപ്പിലേക്ക് കോടതിയെ നയിച്ചതിന് പിന്നിൽ ശബരിമലയിലെ സംഘർഷാന്തരീക്ഷമായിരുന്നു. നിലവിൽ ഫയർ ഫോഴ്‌സ് മേധാവിയായ ഹേമചന്ദ്രൻ ഐ.പി.എസിനാണ് ശബരിമലയുടെ നിരീക്ഷണ ചുമതല. 
കെ. സുരേന്ദ്രന്റെ അറസ്റ്റോടെ തന്നെ ശബരിമല സമരം പുതിയ വഴിത്തിരിവിലെത്തിയതായി സംശയം ഉയർന്നിരുന്നു. സുരേന്ദ്രന്റെ അറസ്റ്റിനു ശേഷം ബി.ജെ.പിയോ സംഘപരിവാർ സംഘടനകളോ കടുത്ത പ്രതിഷേധം ഉയർത്താത്തത് ചർച്ചാവിഷയമായി. ഹിന്ദു ഐക്യവേദിയുടെ ശശികല ടീച്ചറെ അറസ്റ്റ് ചെയ്തപ്പോൾ പോലീസ് സ്‌റ്റേഷൻ വളഞ്ഞ് നാമം ജപിക്കുകയും ഹർത്താൽ ആചരിക്കുകയും ചെയ്തിരുന്നു. എന്നാൽ സുരേന്ദ്രന്റെ കാര്യത്തിൽ ഇത്രയേറെ തീവ്രതയുണ്ടായിരുന്നില്ല.  നിയമസഭയിലാകട്ടെ ബി.ജെ.പിയുടെ ഏക എം.എൽ.എ ഒ. രാജഗോപാൽ സുരേന്ദ്രൻ വിഷയം ഉരിയാടിയതു പോലുമില്ല. 

Latest News