Sorry, you need to enable JavaScript to visit this website.

ദമാമിൽ യുവ മലയാളി വ്യവസായ  സംരംഭകന് നേരെ അക്രമണം

പ്രതീകാത്മക ചിത്രം

ദമാം- മലയാളി യുവ വ്യവസായ സംരംഭകൻ കണ്ണൂർ സ്വദേശി ഹാരിസ് പയ്യന്നൂരിനെ നാലംഗ അക്രമി സംഘം തോക്ക് ചൂണ്ടി ആക്രമിക്കാൻ ശ്രമിച്ചു. ദമാം അദാമക്ക്  സമീപം കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. തലനാരിഴക്കാണ് തന്റെ ജീവൻ തിരിച്ചു കിട്ടിയതെന്ന് അദ്ദേഹം മലയാളം ന്യൂസിനോട് പറഞ്ഞു. കറുത്ത വർഗക്കാരായ അറബ് വംശജരാണ് അക്രമികൾ. ഹാരിസിന്റെ ഷോപ്പിനു സമീപം കാർ പാർക്ക് ചെയ്ത അക്രമി സംഘത്തിലെ രണ്ടു പേർ,  കടയടച്ചു കാറിനരികിലേക്ക് പോകുകയായിരുന്ന ഹാരിസിനെ പിന്തുടർന്ന് കഴുത്തിലേക്കു തോക്ക് ചൂണ്ടുകയായിരുന്നു. ഉച്ചത്തിൽ നിലവിളിച്ചതിനാൽ ചുറ്റുപാടുമുള്ള ആളുകൾ ഓടിക്കൂടിയതാണ് തനിക്ക് രക്ഷയായതെന്ന് ഹാരിസ് പറഞ്ഞു. ഞൊടിയിടയിൽ അക്രമികൾ ഇരുട്ടിന്റെ മറവിലൂടെ ഓടി രക്ഷപ്പെട്ടു. നാലുപാടും തിരച്ചിൽ നടത്തിയെങ്കിലും ഇവരെ പിടികൂടാനായില്ല. 
കുറച്ചു മാസങ്ങളുടെ ഇടവേളക്കു ശേഷം ഒരു മാസമായി സമാനമായ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കറുത്ത വിഭാഗക്കാരായ സ്വദേശികൾക്കൊപ്പം ആഫ്രിക്കൻ വംശജരടങ്ങുന്ന അക്രമി സംഘങ്ങൾ ദമാമിലും പരിസര പ്രദേശങ്ങളിലും വിഹരിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ഇരകളാവുന്നവരിൽ കൂടുതലും ഇന്ത്യക്കാരാണ്. രാത്രികാലങ്ങളിൽ നിരത്തിലൂടെ ഒറ്റപ്പെട്ടു പോകുന്നവരെ പിന്തുടർന്ന് വിലപിടിപ്പുള്ള മൊബൈൽ ഫോണും പണവും അപഹരിക്കുന്നത് നിത്യ സംഭവമാണ്. രണ്ടിൽ കൂടുതൽ ആളുകൾ സംഘം ചേർന്നാണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നത്. മർദിച്ചവശരാക്കിയതിനു ശേഷം കയ്യിലുള്ളത് പിടിച്ചെടുക്കുകയാണ് പതിവ്. പകൽ സമയത്ത് പോലും ഇത്തരക്കാർ വിദേശികളെ ആക്രമിച്ചു പണം കൈക്കലാക്കുന്നുണ്ട്. വിദേശികൾ ഓടിക്കുന്ന കാറുകൾ പിന്തുടർന്ന് വിജനമായ സ്ഥലത്ത് വെച്ച് വളയുകയും പണവും മറ്റു രേഖകളും പിടിച്ചെടുക്കുന്ന സംഭവങ്ങൾ നിരവധിയാണ്. ഒരാഴ്ച മുമ്പ്, മൃഗീയമായ ആക്രമണത്തിന് ഇരയായി ഒരു മലപ്പുറത്തുകാരനെയും കൊല്ലം സദേശിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇരകളെ ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പിന്തുടർന്ന് ആക്രമിക്കുന്നത്. വീടുകളിൽ അതിക്രമിച്ച് കയറി കൊള്ള നടത്തുന്ന സംഭവങ്ങളും പുറത്ത് വന്നിട്ടുണ്ട്. രാത്രി കാലങ്ങളിൽ യാതൊരു കാരണവശാലും ഒറ്റക്ക് പുറത്തിറങ്ങി നടക്കരുതെന്ന് സാമൂഹ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. ആരെങ്കിലും അക്രമത്തിനിരയായാൽ പോലീസിനെ വിവരം അറിയിക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. ദുരഭിമാനം കൊണ്ട് പലരും മൂടി വെച്ചാൽ ഇത്തരം അക്രമ സംഭവങ്ങൾക്ക് അറുതി വരുത്താൻ കഴിയില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. 

Latest News