കേസ് വിവരങ്ങളുടെ പ്രസിദ്ധീകരണം തടയാൻ  കോടതിക്കാവില്ല -ഫാലി എസ്.നരിമാൻ

ന്യൂദൽഹി- കോടതിയിൽ ആദ്യമായി ഫയൽ ചെയ്ത കാര്യം മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ സാധിക്കുമോ എന്നത് വലിയ ചോദ്യമാണെന്ന് ഫാലി എസ്.നരിമാൻ. അത് പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. 
ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വിലക്കാൻ കോടതി രാജിസ്ട്രാർക്ക് അധികാരമില്ലെന്നും നരിമാൻ കൂട്ടിച്ചേർത്തു. സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ അലോക് വർമക്കെതിരായി കേന്ദ്ര വിജിലൻസ് കമ്മീഷൻ (സി.വി.സി) നടത്തിയ മുദ്ര വെച്ച കവറിൽ നൽകിയ അന്വേഷണ റിപ്പോർട്ട് ദി വയർ എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചുവെന്ന ആരോപണത്തിൽ കോടതിയിൽ വിശദീകരണം നൽകുകയായിരന്നു വർമ്മയുടെ അഭിഭാഷകനായ ഫാലി എസ്.നരിമാൻ. 
പ്രസിദ്ധീകരണം തടയാൻ കോടതിക്കാവില്ല. എന്നാൽ പ്രസിദ്ധീകരിക്കുന്നത് താൽക്കാലികമായി നീട്ടിവയ്ക്കാൻ ആവശ്യപ്പെടാമെന്നു കോടതി തന്നെ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും നരിമാൻ ചൂണ്ടിക്കാട്ടി. വിവാദപരമായ വിഷയങ്ങൾ പ്രസിദ്ധീകരിക്കുന്നത് മാറ്റിവയ്ക്കാൻ ആവശ്യപ്പെടാം. പ്രസിദ്ധീകരിക്കുന്നത് വിലക്കാൻ ആകില്ല. കാരണം ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് നൽകുന്നുണ്ടെന്നും നരിമാൻ കൂട്ടിച്ചേർത്തു. എന്നാൽ, ഈ വിഷയത്തിൽ യാതൊരു ഉത്തരവും ഇറക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കി. സിവിസിയുടെ രഹസ്യ റിപ്പോർട്ടിലെ ഉള്ളടക്കം പ്രസിദ്ധീകരിച്ചുവെന്ന വിഷയത്തിൽ തുടർ നടപടി ഉണ്ടാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 
കഴിഞ്ഞ തവണ കേസ് പരിഗണിക്കാതെ മാറ്റിയത് ദൗർഭാഗ്യകരമായെന്ന് അഭിഭാഭഷകനായ രാജീവ് ധവാൻ പറഞ്ഞു. എന്നാൽ, അത്  ദൗഭാഗ്യകരം ആകട്ടെ. ഇന്ന് നിങ്ങളുടെ വാദം കേൾക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. സിബിഐ ഡയറക്ടറുടെ നിശ്ചിത കാലാവധി രണ്ടു വർഷമാണ്. വിനീത് നരേൻ കേസിൽ സുപ്രീം കോടതി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. അസാധാരണ സാഹചര്യമാണെങ്കിൽ പോലും സ്ഥലം മാറ്റത്തിന് നിയമന സമിതിയുടെ അനുമതി നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ, 
അലോക് വർമയെ നീക്കുന്നതിന് പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടെ അനുമതി ആവശ്യമാണോ എന്നകാര്യം പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 
സിബിഐ മേധാവി കോഴ വാങ്ങുന്നത് പിടിക്കപ്പെട്ടാൽ എന്താണ് നടപടിയെന്ന് ബെഞ്ചിലെ ജസ്റ്റിസ് കെഎം ജോസഫ് ആരാഞ്ഞു. അങ്ങനെയെങ്കിൽ സ്ഥാനത്ത് തുടരാൻ ആകുമോ, അപ്പോൾ തന്നെ സ്ഥാനത്തു നിന്ന് മാറ്റാതെ, സമിതിയെ സമീപിക്കുകയാണോ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ കോടതിയെയോ സമിതിയെയോ സമീപിക്കുകയാണ് വേണ്ടതെന്നായിരുന്നു ഇതിന് നരിമാന്റെ മറുപടി. സെലക്ഷൻ കമ്മിറ്റിയുടെ അനുമതി ഇല്ലാതെ അലോക് വർമയെ നീക്കിയത് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. 
നിശ്ചിത കാലാവധിയെന്നത് വ്യവസ്ഥയാണ്. സ്ഥലം മാറ്റം പോലും ചട്ടങ്ങൾക്ക് വിരുദ്ധമായി സാധ്യമല്ലെന്ന് പറയുമ്പോഴാണ് ഇവിടെ അതിന് വിരുദ്ധമായ കാര്യങ്ങൾ ഉണ്ടായത്. അലോക് വർമയെ മാറ്റിയത്തിന് നിയമപരമായ യാതൊരു അടിസ്ഥാനവുമില്ല. ശുദ്ധമായ നിയമമാണ് താൻ പറയുന്നത്. വിനീത് നാരായണ് കേസിൽ കൃത്യമായ കാലാവധി കോടതി പറഞ്ഞിട്ടുണ്ട്. അത് കർശനമായി നടപ്പാക്കപ്പെടേണ്ടതാണ്. അല്ലെങ്കിൽ സിബിഐയുടെ സ്വാതന്ത്ര്യം, കാലാവധി തുടങ്ങി എല്ലാ കാര്യങ്ങളും വെറുതെയാകും. ഉദ്ദേശശുദ്ധി ഇല്ലാതാകും. അലോക് വർമ്മയുടെ ചിറക് അരിയുകയായിരുന്നു സർക്കാർ ഉദ്ദേശം. സ്ഥലം മാറ്റം പോലും സെലക്ഷൻ കമ്മിറ്റിയുടെ അനുമതിയോടെ മാത്രമേ സാധിക്കൂ, എന്നിരിക്കെ എങ്ങനെയാണ് ചിറകരിയാൻ ആവുക തുടങ്ങിയ കാര്യങ്ങളാണ് ഇന്നലെ ഫാലി എസ്.നരിമാൻ കോടതിയിൽ വാദിച്ചത്.

 

Latest News