മക്ക - നഗരത്തിലെ വ്യത്യസ്ത സ്ഥലങ്ങളിൽ സുരക്ഷാ വകുപ്പുകൾ ഇന്നലെ നടത്തിയ റെയ്ഡിൽ 100 ലേറെ നിയമ ലംഘകർ പിടിയിലായി. അൽമൻസൂർ സ്ട്രീറ്റ്, ഹോശ് ബകർ എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് പന്ത്രണ്ടു വരെയാണ് സുരക്ഷാ വകുപ്പുകളും നഗരസഭയും റെഡ് ക്രസന്റ് പ്രവർത്തകരും സൗദി ഇലക്ട്രിസിറ്റി കമ്പനി പ്രതിനിധികളും ചേർന്ന് റെയ്ഡ് നടത്തിയത്. വഴിവാണിഭക്കാരും ഒരു രാജ്യത്തിന്റെയും തിരിച്ചറിയൽ രേഖകളില്ലാത്തവരും ഇഖാമ, തൊഴിൽ നിയമ ലംഘകരും റെയ്ഡിനിടെ പിടിയിലായി. വഴിവാണിഭക്കാർ വിൽപനക്ക് പ്രദർശിപ്പിച്ച പഴയ ഫർണിച്ചറും പച്ചക്കറികളും വിറകും അടക്കമുള്ള ഉൽപന്നങ്ങൾ അധികൃതർ പിടിച്ചെടുത്തു.