Sorry, you need to enable JavaScript to visit this website.

ജുബൈലിൽ തൊഴിലാളികളുടെ പണിമുടക്ക് അവസാനിപ്പിച്ചു

ജുബൈലിൽ പണിമുടക്കിയ തൊഴിലാളികളോട് ലേബർ ഓഫീസ്  ഉദ്യോഗസ്ഥർ കാര്യങ്ങൾ അന്വേഷിച്ചറിയുന്നു. 

ദമാം - വിവിധ രാജ്യക്കാരായ നാൽപതിലേറെ തൊഴിലാളികൾ ആരംഭിച്ച പണിമുടക്ക് ജുബൈൽ ലേബർ ഓഫീസ് ഇടപെട്ട് അവസാനിപ്പിച്ചു. ജുബൈലിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് കീഴിലെ തൊഴിലാളികളാണ് മാസങ്ങളായി വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ജോലിയിൽനിന്ന് വിട്ടുനിന്നത്. പണിമുടക്ക് ആരംഭിച്ച തൊഴിലാളികൾ സംഘടിച്ചുനിന്ന് പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. 
വിവരമറിഞ്ഞ് ലേബർ ഓഫീസ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി സ്ഥാപനത്തിന്റെ മാനേജറെ വിളിച്ചുവരുത്തി വേതന കുടിശ്ശിക വിതരണം ചെയ്യുന്നതിന് ഉടൻ നടപടികൾ സ്വീകരിക്കാൻ കർശന നിർദേശം നൽകി. നിയമ വിരുദ്ധമായി കൂട്ടംകൂടി നിന്ന് പ്രതിഷേധിക്കരുതെന്ന് തൊഴിലാളികളോടും ആവശ്യപ്പെട്ടു. വേതന കുടിശ്ശികയും മറ്റു ആനുകൂല്യങ്ങളും ലഭിക്കാനുണ്ടെങ്കിൽ അതേക്കുറിച്ച് ലേബർ ഓഫീസിൽ നിയമാനുസൃത രീതിയിൽ പരാതി നൽകുകയാണ് വേണ്ടതെന്ന് തൊഴിലാളികളെ ബോധ്യപ്പെടുത്തി. പോലീസ് ഇടപെട്ടാണ് തൊഴിലാളികളെ പിരിച്ചുവിട്ടതെന്നും തുടർന്ന് തൊഴിലാളികൾ ജോലിക്കിറങ്ങുകയായിരുന്നെന്നും ജുബൈൽ ലേബർ ഓഫീസ് മേധാവി മുത്‌ലഖ് അൽഖഹ്താനി പറഞ്ഞു. ദിവസങ്ങൾക്കകം തങ്ങളുടെ പ്രശ്‌നത്തിന് കമ്പനി പരിഹാരം കണ്ടില്ലെങ്കിൽ ലേബർ ഓഫീസിന് പരാതി നൽകുമെന്ന് തൊഴിലാളികൾ പറഞ്ഞു. 


 

Latest News