കണ്ണൂര്‍- രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനായി ഉചിതമായ വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് കിയാല്‍ എംഡി വി തുളസീദാസ് പറഞ്ഞു. വര്‍ഷം 250 കോടിയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തില്‍ ഒന്നുരണ്ടുവര്‍ഷം നഷ്ടം സംഭവിച്ചേക്കാം. വരുംകാലങ്ങളില്‍ അവ നികത്താനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുക. ഭൂമിയുടെ നഷ്ടപരിഹാരം ഉള്‍പ്പെടെ 1892 കോടി രൂപയാണ് വിമാനത്താവളത്തിനായി അനുവദിച്ചത്. മൊത്തം 2350 കോടി രൂപ ചെലവാകും.
കൊച്ചി എയര്‍പോര്‍ട്ട് മാതൃകയില്‍ പൊതു-സ്വകാര്യ സംരംഭകര്‍ ചേര്‍ന്നതാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി ഘടന. ഇതില്‍ 35 ശതമാനം സര്‍ക്കാര്‍ ഓഹരിയാണ്. ബിപിസിഎല്ലിനും വ്യോമയാന മന്ത്രാലയത്തിനും ഓഹരികളുണ്ട്. ഇപ്രകാരം മൊത്തം 6700 ഓഹരി ഉടമകള്‍.
വിമാനത്താവളത്തിനായി വീടും സ്ഥലും വിട്ടുകൊടുത്ത കുടുംബങ്ങളിലെ ഒരാള്‍ക്ക് ഉറപ്പായും കിയാല്‍ ജോലി നല്‍കും. ഇതിനകം 126 പേര്‍ക്ക് ജോലി നല്‍കി. ശേഷിക്കുന്നവര്‍ക്ക് കാര്‍ഗോ, ഹാന്റ്ലിങ് വിഭാഗങ്ങളിലായി ജോലി നല്‍കും. ഇതിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഡിസംബറില്‍ ഗോ എയര്‍ കമ്പനിയും ജനുവരി പകുതിയോടെ ഇന്‍ഡിഗോ എയര്‍ലൈന്‍സും കണ്ണൂരില്‍നിന്ന് സര്‍വീസ് ആരംഭിക്കും.
ജനുവരിയോടെ ദിവസം 13 സര്‍വീസുകള്‍ കണ്ണൂരില്‍നിന്ന് ഉണ്ടാവും. നിലവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ദോഹ, ഷാര്‍ജ, റിയാദ് എന്നിവിടങ്ങളിലേക്കും, ഗോ എയര്‍ ബംഗളൂരു, ചെന്നൈ, ഹൈദരബാദ്, മുംബൈ എന്നിവിടങ്ങളിലേക്കം, ഇന്‍ഡിഗോ ബംഗളൂരു, ചെന്നൈ, ഗോവ, ഹുബ്ലി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്തും. എന്നാല്‍, വിദേശ വിമാനക്കമ്പനികളുടെ സര്‍വീസിന് ഇനിയും അനുമതി ലഭിച്ചിട്ടില്ല. എങ്കില്‍ മാത്രമേ കണ്ണൂര്‍ വിമാനത്താവളത്തിന് കൂടുതല്‍ വരുമാനം ലഭിക്കുകയുള്ളൂ. ഇതുസംബന്ധിച്ച് വ്യോമയാന മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാവുമെന്നാണ് പ്രതീക്ഷ. അനുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ നിരന്തരശ്രമം നടത്തുന്നു. ചെലവ് കുറഞ്ഞ വിമാന സര്‍വീസുകള്‍ക്കായുള്ള ഉഡാന്‍ പദ്ധതിയുടെ ചട്ടപ്രകാരം ഈയിനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് കാര്യമായ വരുമാനം ഉണ്ടാവില്ല. ഉഡാന്‍ സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍ കമ്പനികള്‍ക്ക് മാത്രമായി റൂട്ടുകള്‍ മൂന്നു വര്‍ഷത്തേക്ക് നല്‍കണമെന്നും വിമാനത്താവളക്കൂലി വാങ്ങരുതെന്നുമാണ് വ്യവസ്ഥ. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ ധരിപ്പിച്ചതിനാല്‍ കണ്ണൂരിന് മാത്രമായി വ്യവസ്ഥകള്‍ ലഘൂകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് ഇപ്പോഴുള്ള റോഡുകള്‍ പര്യാപ്തമല്ല.
ആറ് റോഡുകള്‍ നാലുവരി പാതയായി വികസിപ്പിക്കാനുള്ള പ്രവൃത്തികള്‍ പുരോമഗിക്കുകയാണ്. റെയില്‍ കണക്റ്റിവിറ്റിയും സാധിച്ചെടുക്കേതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.