കണ്ണൂര്‍ എയര്‍പോര്‍ട്ട് ഉദ്ഘാടനത്തിന് സജ്ജമായി; മികച്ച സൗകര്യങ്ങള്‍

കണ്ണൂര്‍- ആധുനിക സംവിധാനങ്ങളോടെ യാത്രക്കാര്‍ക്ക് മികച്ച രീതിയിലുള്ള സൗകര്യങ്ങളൊരുക്കി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനത്തിന് സജ്ജമായതായി വിമാനത്താവള കമ്പനി (കിയാല്‍) എംഡി വി തുളസീദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ വിഭാഗവും രാപ്പകല്‍ ഭേദമന്യേ ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചുവരികയാണ്. ഡിസംബര്‍ ഒമ്പതിനു രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹയും ഉദ്ഘാടനം നിര്‍വഹിക്കും. അന്നു തന്നെ വിമാനത്താവളത്തിന്റെ കമ്മീഷനിങും നടക്കും.
കണ്ണൂരില്‍നിന്ന് അബൂദബിയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ആദ്യമായി സര്‍വീസ് നടത്തുക. വൈകീട്ട് ഏഴിന് ഇതേ വിമാനം കണ്ണൂരില്‍ തിരിച്ചെത്തും. ആദ്യത്തെ യാത്രക്കാര്‍ക്ക് കിയാലിന്റെ ഉപഹാരം സമ്മാനിക്കും. ലോകത്തെ ഏറ്റവും ആധുനിക സൗകര്യങ്ങളാണ് ഇവിടെ സജ്ജീകരിക്കുന്നതെന്നും ഉദ്ഘാടന ദിവസം തന്നെ ഫുഡ് ആന്റ് ബീവറേജ്, ഡ്യൂട്ടി ഫ്രീ ഷോപിങ് സൗകര്യങ്ങള്‍ ഒരുക്കുമെന്നും തുളസീദാസ് പറഞ്ഞു.
ബാഗേജ് റാപിങ്, യാത്രക്കാര്‍ക്ക് ഉപയോഗിക്കാനായി പ്രീ പെയ്ഡ് ടാക്സി സര്‍വീസ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാവും.  യാത്രക്കാര്‍ വര്‍ധിക്കുന്നതനുസരിച്ച് കൂടുതല്‍ സംവിധാനങ്ങള്‍ ആരംഭിക്കും. 24 ചെക്ക് ഇന്‍ കൗണ്ടറുകളാണ് ഇവിടെയുള്ളത്. ഇത് ആവശ്യമനുസരിച്ച് ഇരട്ടിയാക്കാന്‍ സാധിക്കും. വിദേശ യാത്രക്കാര്‍ക്കും വെവ്വേറെ പ്രവേശ കവാടങ്ങള്‍ ഇല്ല. എല്ലാവര്‍ക്കും ഒരുമിച്ച് പ്രവേശിക്കാം. സെല്‍ഫ് ബാഗേജ് ഡ്രോപ് മെഷീന്‍ കേരളത്തില്‍ തന്നെ ആദ്യമാണ്. ചെക്ക് ഇന്‍ കൗണ്ടറില്‍ പോകാതെ തന്നെ സെല്‍ഫ് ചെക് ഇന്‍ ചെയ്യാം. കൂടാതെ ഇന്‍ലൈന്‍ എക്സറേ സംവിധാനവും ഒരുക്കി. പരിശോധന ഓട്ടോമാറ്റിക് ആയിരിക്കും. തുടക്കത്തില്‍ തന്നെ ആറു എയ്റോ ബ്രിഡ്ജുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
വിമാനത്താവളത്തില്‍ പോലിസ് സ്റ്റേഷന്‍ തുടങ്ങാന്‍ സര്‍ക്കാരിന്റെ അനുമതി കിട്ടി. താല്‍ക്കാലികമായി ടെര്‍മിനലിന് പുറത്ത് ഇതിനായി കെട്ടിടം സജ്ജീകരിക്കും. ബിപിസിഎല്ലിനാണ് എണ്ണ സംഭരണശാലയുടെ ചുമതല. ഭൂഗര്‍ഭ പൈപ്പ് വഴി ഇന്ധനമെത്തിക്കാനാണ് പദ്ധതി. റണ്‍വേയുടെ നീളം 4000 മീറ്ററാക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നടപടി കിന്‍ഫ്രയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ഏതു കാലാവസ്ഥയിലും ബുദ്ധിമുട്ടില്ലാതെ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ റണ്‍വേയുടെ രണ്ടുഭാഗത്തും കാറ്റഗറി വണ്‍ അപ്രോച്ച് ലൈറ്റ് ഒരുക്കും. വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് മെയിന്റനന്‍സ് റിപ്പയര്‍ ഓവര്‍ ഹാളും സജ്ജീകരിക്കുമെന്നും കിയാല്‍ എംഡി വ്യക്തമാക്കി. എക്സിക്യൂട്ടീവ് ഡയരക്ടര്‍ (എന്‍ജിനീയറിങ്) കെ പി ജോസ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ) ജി പ്രദീപ് കുമാര്‍, സീനിയര്‍ മാനേജര്‍ (എയര്‍പോര്‍ട്ട് ഓപറേഷന്‍സ്) ബിനു ഗോപാല്‍, മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍ ആന്റ് ലാന്റ്) ടി അജയകുമാര്‍, ചീഫ് സെക്യൂരിറ്റി ഓഫിസര്‍ വേലായുധന്‍ മണിയറ, ഡെപ്യൂട്ടി പ്രൊജക്റ്റ് എന്‍ജിനീയര്‍ (സിവില്‍) ജെ ബിജു, പ്രൊജക്റ്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍സ്) എം സി ജയരാജന്‍, സിഐഎസ്എഫ് കമാന്‍ഡന്റ് ധന്‍രാജ് ഡാനിയേല്‍, ഐടി മാനേജര്‍ ദിനേഷ് കുമാര്‍, മാനേജര്‍ (ഫയര്‍ സര്‍വീസ്) ഷൗക്കത്തലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ പത്മനാഭന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest News