Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ തീവണ്ടികളിൽ ഇനി ഇ-ടോയ്‌ലറ്റുകൾ

തീവണ്ടി ബോഗികളിലെ ഇ. ടോയ്‌ലെറ്റ് 
കേന്ദ്ര ഗവൺമെന്റിന്റെ  മികച്ച ജലസംരക്ഷണ പുരസ്‌കാരമായ സ്വച്ഛാത്തോൺ അവാർഡ് ജലവിഭവ സഹമന്ത്രി എസ്.എസ് അഹുലിവാലയിൽ നിന്ന് ഡോ. സിദ്ദീഖ് അഹമ്മദ് സ്വീകരിക്കുന്നു (ഫയൽ)   
ഇ. ടോയ്‌ലെറ്റ് മാതൃക

ചരിത്രത്തിലാദ്യമായി ട്രെയിനുകളിൽ ഇ-ടോയ്‌ലറ്റ് സംവിധാനം. ഇന്ത്യൻ റെയിൽവേയിൽ ഈ അത്യാധുനിക സമ്പ്രദായം ആവിഷ്‌കരിച്ചത് പ്രവാസ ലോകത്ത് വിജയകരമായി 
വ്യവസായ സംരംഭങ്ങൾ നടത്തി വരുന്ന പ്രസിദ്ധ സ്ഥാപനമായ ഇറാം സയന്റിഫിക് സൊല്യൂഷൻസ്. ഇന്ത്യയിലാദ്യമായി ഇലക്‌ട്രോണിക് ടോയ്‌ലറ്റുകൾ നിർമിച്ച് ഖ്യാതി നേടിയ ഇറാം ഗ്രൂപ്പ്, ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്ത ലോക ടോയ്‌ലറ്റ് ദിനമായ ഇക്കഴിഞ്ഞ നവംബർ 19 നാണ് ഇന്ത്യൻ റെയിൽവേ കോച്ചുകളിൽ ഇ. ടോയ്‌ലറ്റ് സംവിധാനം നടപ്പാക്കി ദേശീയ-അന്താരാഷ്ട്ര വാർത്തകളിൽ ഇടം നേടിയത്. 
പൊതുശുചിത്വ ബോധമെന്ന പൗരന്റെ പ്രാഥമികവും അടിസ്ഥാനപരവുമായ അനുശീലനത്തിന്റെ വ്യാപനമാണ് ഇ-ടോയ്‌ലറ്റ് സംവിധാനം കൊണ്ടുദ്ദേശിക്കുന്നതെന്നും ഒപ്പം ജലസംരക്ഷണം ഒരു മുഖ്യ ഉത്തരവാദിത്തമായി ഏറ്റെടുക്കാൻ സമൂഹത്തെ പ്രാപ്തമാക്കുകയും പരമ്പരാഗത ശുചിമുറികൾക്ക് പകരം ഇലക്‌ട്രോണിക് പബ്ലിക് ടോയ്‌ലറ്റുകൾ എന്ന ആശയം സഫലീകരിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇറാം ഗ്രൂപ്പ് സി.എം.ഡി ഡോ. സിദ്ദീഖ് അഹമ്മദ് അറിയിച്ചു. 
ഇന്ത്യൻ റെയിൽവെ ഇ-ടോയ്‌ലറ്റ് പദ്ധതി പരീക്ഷണാർഥം മുംബൈ-ചെന്നൈ റൂട്ടിലാണ് പരിചയപ്പെടുത്തിയത്. സെൻട്രൽ റെയിൽവേയുടെ മുംബൈ ഡിവിഷനിലെ എൽ.ടി.ടി ഡിപ്പോയിലാണ് തുടക്കം. വൻ സ്വീകാര്യതയാണ് ഇതിനു ലഭ്യമായത്. ഇതോടെ എല്ലാ റെയിൽവേ ഡിവിഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. 
45 ചതുരശ്ര അടിയിൽ സ്റ്റെയിൻലസ് സ്റ്റീൽ ഉപയോഗിച്ച് രണ്ടു ദിവസം കൊണ്ട് പ്രി ഫാബ്രിക്കേറ്റ് ചെയ്ത സ്റ്റീൽ കൊണ്ട് നിർമാണം പൂർത്തിയാക്കാവുന്ന ഇ. ടോയ്‌ലറ്റ്, നാപ്കിനുൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജീകരിച്ച ഷീ - ടോയ്‌ലറ്റുകൾ എന്നിവയാണ് ഇറാം സൊല്യൂഷൻസ് ഇറ്റാലിയൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിക്കുന്നത്. രണ്ട് ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെ ചെലവിൽ നിർമിക്കാവുന്ന ഇ-ടോയ്‌ലറ്റുകൾക്ക് സോളാർ വൈദ്യുതിയുപയോഗിക്കാം. ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (ഐ.ഒ.ടി) ഉപയോഗിച്ച് കാലിഫോർണിയാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ പങ്കാളിത്തത്തോടെ ഇന്ത്യയിലും ഗൾഫിലും പുറമെ ചൈനയിലും ഇ-ടോയ്‌ലറ്റുകൾ സ്ഥാപിക്കും. ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിൽ ഇത് സംബന്ധിച്ച ആലോചനാ യോഗത്തിൽ ലോക കോടീശ്വരനും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ബിൽ ഗേറ്റ്‌സും പങ്കെടുത്തു.


ഇലക്‌ട്രോണിക്‌സ്, വെബ്, ബയോടെക്‌നോളജി എന്നിവയുടെ സംയോജനത്തോടെയാണ് ഇ. ടോയ്‌ലറ്റുകൾ പ്രാവർത്തികമാക്കുക. 15 സ്മാർട്ട് സിറ്റികളിൽ ഇതിനകം ഇവ പ്രവർത്തിപ്പിച്ചു തുടങ്ങി. ജലസംരക്ഷണം, ശുചിത്വം എന്നീ ഘടകങ്ങൾക്ക് ഇ-ടോയ്‌ലറ്റുകൾ പ്രാമുഖ്യം കൊടുക്കുന്നു. ഓട്ടോ ഫഌഷ്, ഓട്ടോ ഫ്‌ളോർ വാഷിംഗ് എന്നിവ തികച്ചും പരിസ്ഥിതി സൗഹൃദാടിസ്ഥാനത്തിലാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. 
ജലദുർവിനിയോഗത്തിനെതിരെ ലോകമെമ്പാടും ശക്തമായ ബോധവൽക്കരണം നടക്കുന്ന കാലഘട്ടത്തിൽ സൗദി അറേബ്യയിലും ഇ-ടോയ്‌ലറ്റുകൾക്ക് ഏറെ പ്രസക്തിയുണ്ട്. സാധാരണ ഗതിയിൽ ഇടത്തരം ടോയ്‌ലറ്റുകളിൽ നാലു മുതൽ ഏഴ് ലിറ്റർ വരെ ഫഌഷ് ജലം ഉപയോഗിക്കുമ്പോൾ ഇ-ടോയ്‌ലറ്റുകളിൽ ഇത് കേവലം ഒന്നര ലിറ്റർ മതിയാകും. ഇതോടൊപ്പം ബാക്ടീരിയക്കെതിരായ പ്രയോഗവും വിസർജ്യങ്ങളുടെ റിസൈകഌംഗും നടത്താനും അത്യാധുനിക സജ്ജീകരണമുണ്ട്. 
ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കഴിഞ്ഞയാഴ്ച സൗദി ജല-പരിസ്ഥിതി വകുപ്പ് മന്ത്രി പൗരന്മാരേയും വിദേശികളേയും ഓർമിപ്പിക്കുകയുണ്ടായി. സൗദി-യു.എൻ സുസ്ഥിര വികസന പദ്ധതിയുടെ പതിനാറു മാനദണ്ഡങ്ങളിൽ ആറാമത്തേതാണ് ജലസംരക്ഷണവും ശുചിത്വവും.  കുവൈത്ത് മോട്ടോർ സിറ്റിയിൽ ഇറാം സൊല്യൂഷൻസിന്റെ ഇ-ടോയ്‌ലറ്റുകൾ സ്ഥാപിച്ചത് വിജയലക്ഷ്യത്തിലെത്തി. അത്യാവശ്യത്തിന് കുടിവെള്ളം, ആവശ്യമായ ശുചിത്വം എന്നിവയുടെ കടുത്ത അഭാവം നിമിത്തം താഴ്ന്ന വരുമാനക്കാരും ഇടത്തരം വരുമാനക്കാരുമായ എട്ടര ലക്ഷം ജനങ്ങൾ വർഷം തോറും മരണപ്പെടുന്നുവെന്നാണ് കണക്ക്. വൃത്തിക്കുറവ് കാരണമായി ഉണ്ടാകുന്ന അതിസാരം, മറ്റു പകർച്ചവ്യാധികൾ എന്നിവ നിമിത്തം ഇവരിൽ 2.8 ലക്ഷം പേരും മരണപ്പെടുന്നതായാണ് സ്ഥിതിവിവരക്കണക്ക് സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ജലസംരക്ഷണത്തോടൊപ്പം തന്നെ അത്യാധുനിക മാതൃകയിൽ ശുചിത്വമുള്ള ഇലക്‌ട്രോണിക് ടോയ്‌ലറ്റ് പദ്ധതിക്ക് ഇറാം സൊല്യൂഷൻസ് തുടക്കം കുറിച്ചതും രാജ്യത്തിനകത്തും പുറത്തും അതിന് സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്നതുമെന്ന് ഡോ. സിദ്ദീഖ് അഹമ്മദ് ചൂണ്ടിക്കാട്ടി. 


ഹജ്-ഉംറ തീർഥാടന കാലങ്ങളിൽ പുണ്യനഗരങ്ങളിലും ചരിത്ര സ്ഥലം തേടിയുള്ള യാത്രകളിൽ പ്രധാന കേന്ദ്രങ്ങളിലുമൊക്കെ മൊബൈൽ ആപ്പ് ഉപയോഗിച്ച് ഇ-ടോയ്‌ലറ്റ് പദ്ധതികൾ നടപ്പാക്കുന്നതിനുള്ള രൂപരേഖ ബന്ധപ്പെട്ടവർക്ക് സമർപ്പിക്കാനും ഇറാം സയന്റിഫിക് സൊല്യൂഷൻസിനു പദ്ധതിയുണ്ട്. 
തീർഥാടനത്തോടനുബന്ധിച്ചും അല്ലാതെയുമുള്ള യാത്രകൾക്കിടെ, ടോയ്‌ലറ്റ് സേവനം ആവശ്യമുള്ളവർക്ക് കാലേക്കൂട്ടി മൊബൈൽ ചിപ്പ് ഉപയോഗിച്ച് ഇടത്താവളങ്ങളിലുള്ള ഇ-ടോയ്‌ലറ്റുകൾ ബുക്ക് ചെയ്യാനും സംവിധാനമുണ്ടാകും.

Latest News