Sorry, you need to enable JavaScript to visit this website.

മധ്യപ്രദേശിൽ നിന്നാവുമോ  മാറ്റത്തിന്റെ കാറ്റ്?

മധ്യപ്രദേശിലെ കണക്കുകൾ നോക്കുമ്പോൾ കോൺഗ്രസിനാണ് അനുകൂലം. അതുകൊണ്ട് 2019 ൽ കാറ്റ് മാറി വീശുമെന്ന് വ്യക്തമാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാറിന്റെ അഴിമതിയിൽ മനം മടുത്താണ് 2014 ൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയ്ക്ക് വോട്ടർമാർ അവസരം നൽകിയതെന്ന കാര്യം അധികാര ലഹരിയിൽ അവരും മറന്നു.

അടുത്ത വർഷം മധ്യത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് ഇപ്പോൾ നടക്കുന്ന വോട്ടെടുപ്പിന് പ്രാധാന്യമേറുന്നത് അതു കൊണ്ടാണ്. ഇന്ത്യയുടെ ഹൃദയ ഭൂമിയായ മധ്യപ്രദേശിലെ വോട്ടർമാർ ഇന്നലെ വോട്ട് രേഖപ്പെടുത്തി. തടാകങ്ങളുടെ നഗരത്തിലെ ഭരണ ചക്രം ആര് തിരിക്കുമെന്നതിലും പ്രധാനമാണ് ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലം. 
രാജസ്ഥാൻ, ഛത്തീസ്ഗഢ്, മിസോറം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്ക് കൂടി തെരഞ്ഞെടുപ്പ് നടക്കുന്നു. മൂന്ന് ടേം തുടർച്ചയായി ഭരിച്ച ശിവരാജ് സിംഗ് ചൗഹാൻ നാലാമത്തെ അവസരവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. 
പതിനഞ്ച് വർഷത്തിന് ശേഷം ഭരണം തിരിച്ചു പിടിക്കാനാവുമെന്ന കണക്കുകൂട്ടിലാണ് കോൺഗ്രസ്. കോൺഗ്രസ് തലപ്പത്തെ നിസ്സാര ഭിന്നതയെ അപേക്ഷിച്ച് എത്രയോ വലുതാണ് സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരം. ഗ്രാമ പ്രദേശങ്ങളിലാണ് ഇത് ഏറ്റവും പ്രകടമായത്. 
മറ്റു നേട്ടങ്ങളൊന്നും പറയാനില്ലാത്തതിനാൽ കേന്ദ്ര ഭരണ കക്ഷിയുടെ ദേശീയ നേതാക്കൾ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ കാര്യം മാത്രമാണ് പരാമർശിച്ചത്. ആപത്ത് വരുമ്പോഴൊക്കെ പാക്കിസ്ഥാൻ, പശു, അയോധ്യ എന്നീ വാക്കുകളാണല്ലോ പതിവായി രക്ഷയ്‌ക്കെത്താറുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്ഥാനത്ത് പത്ത് റാലികളിൽ സംബന്ധിച്ചു. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും അവസാനം വരെ പ്രചാരണ രംഗത്തുണ്ടായിരുന്നു. 
ഇൻഡോർ, ഉജ്ജയിൻ, ഭോപാൽ എന്നീ നഗരങ്ങൾ കാവി രാഷ്ട്രീയത്തിന്റെ കളിത്തൊട്ടിലുകളാണെന്ന് തന്നെ പറയാം. ന്യൂദൽഹിയിലെ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിന് (എയിംസ്) നൽകുന്നതിലും കൂടിയ പരിഗണനയാണ് കുറച്ചു കാലമായി ഭോപാൽ എയിംസിന് ലഭിച്ചു വരുന്നത്. ഇത് പറഞ്ഞിട്ടെന്ത് കാര്യം? സംസ്ഥാനത്തെ കൃഷിക്കാർ തീർത്തും നിരാശരാണ്. ചെറുകിട വ്യാപാരികളുടെ കാര്യം പറയാനുമില്ല. 
ഈ ഘടകങ്ങൾ പരിഗണിച്ചാവണം ബി.ജെ.പിയും അനുബന്ധ സംഘടനകളും രാമക്ഷേത്രത്തെപ്പറ്റി പറയാനാണ് കൂടുതൽ സമയം ചെലവഴിച്ചത്. ഉത്തരേന്ത്യയിലെ രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ എങ്ങനെ വിധിയെഴുതുന്നുവെന്നത് പൊതു തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണല്ലോ. മധ്യപ്രദേശിൽ ജനസംഖ്യയിൽ 91 ശതമാനവും ഹിന്ദുക്കളാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. 
ശിവസേനയും വി.എച്ച്.പിയും അയോധ്യയിൽ കേന്ദ്രീകരിച്ച് ബഹളം വെക്കുമ്പോൾ അതിന്റെ പ്രതികരണം മധ്യപ്രദേശിലുണ്ടാവുമെന്നാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടി കണക്കുകൂട്ടുന്നത്. 
കഴിഞ്ഞ 15 വർഷമായി ബി.ജെ.പിയാണ് ഇവിടെ ഭരിക്കുന്നത്. എങ്കിലും ഇന്നലെ ഒറ്റ ഘട്ടമായി നടത്തിയ വോട്ടെടുപ്പിൽ കോൺഗ്രസ് പ്രതീക്ഷയിലാണ്. ബി.ജെ.പിക്കും പ്രതീക്ഷ കുറവില്ല. ഉൾപോരും ഭരണ വിരുദ്ധ വികാരവും തിരിച്ചടിക്കുമോ എന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ പുറത്തു  വന്ന എല്ലാ അഭിപ്രായ സർവേകളും ബി.ജെ.പി പഴയ തിളക്കം ആവർത്തിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കോൺഗ്രസിന് അധികാരം പിടിക്കാൻ സാധിക്കില്ലെന്നും കണ്ടെത്തി.  ഈ സാഹചര്യത്തിലാണ് കോൺഗ്രസ് തന്നെ ഒരു പഠനം നടത്തിയത്. മണ്ഡലങ്ങൾ തിരിച്ചുള്ള വിശദമായ പഠനം. വോട്ടെടുപ്പിന് തൊട്ടു മുമ്പ് നടത്തിയ ഇതിൽ തെളിഞ്ഞത് നേരിയ മുൻതൂക്കം കോൺഗ്രസിന് ലഭിക്കുമെന്നാണ്. 
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ ബി.ജെ.പിയും കോൺഗ്രസ് ജീവന്മരണ പോരാട്ടമായിട്ടാണ് കാണുന്നത്. ഇതിൽ മൂന്ന് സംസ്ഥാനങ്ങൾ -രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന- നിർണായകമാണ്. മധ്യപ്രദേശിലെ ഫലങ്ങൾ ഭാവി  പ്രധാനമന്ത്രി ആരെന്ന് തീരുമാനിക്കുമെന്ന് വ്യക്തമാണ്. നിലവിലെ കണക്കുകൾ പ്രകാരം രാഹുൽ ഗാന്ധി നരേന്ദ്ര മോഡിയേക്കാൾ ഒരു പടി മുന്നിലാണ്. അടുത്തിടെ രാഹുൽ പ്രചാരണം നടത്തിയ എല്ലാ സംസ്ഥാനങ്ങളിലും അദ്ദേഹത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മാത്രമല്ല നിർണായക മേഖലകളിൽ ബി.ജെ.പിയുടെ വോട്ട് ബാങ്കിൽ  കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. 
സംഘപരിവാറിന്റെ ശക്തി കേന്ദ്രമായ ഒരു ഉൾനാടൻ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം പ്രചാരണത്തിനെത്തിയ ബി.ജെ.പി എം.എൽ.എ നേരിട്ട അനുഭവം ഒരു ചൂണ്ടുപലകയാണ്. അനുയായികൾ നോട്ടു മാലകളിട്ട് നേതാവിനെ സുഖിപ്പിക്കുന്നതിനിടയിൽ പാർട്ടി അനുഭാവിയായ ഒരാൾ ചെരിപ്പ് മാലയും അണിയിച്ചു. പല വിധ മാലകളുടെ ഭാരത്തിൽ രസിച്ചിരുന്ന നേതാവിന് പെട്ടെന്നാണ് തിരിച്ചറിവുണ്ടായത്. മധ്യപ്രദേശ് രാജ്യത്തിന്റെ പൊതുവികാരത്തെ സ്വാധീനിക്കുന്ന സംസ്ഥാനമാണ്. നിരവധി കാര്യങ്ങൾ ദേശീയ തലത്തിലേതിന് സമാനമായിട്ടാണ് മധ്യപ്രദേശിലും സംഭവിക്കാറുള്ളത്. മോഡിയെയും അമിത് ഷായെയും ആശങ്കപ്പെടുത്തുന്ന കാര്യമാണിത്. 
ഛത്തീസ്ഗഢിൽ 11 ലോക്‌സഭാ അംഗങ്ങളാണുള്ളത്. രാജസ്ഥാനിൽ ഇത് 26 ആണ്. മധ്യപ്രദേശിൽ 29 ലോക്‌സഭാ സീറ്റുകളും.  രാജസ്ഥാനിൽ അഞ്ച് വർഷം കൂടുമ്പോൾ ഭരണ മാറ്റം ഉണ്ടാവുന്നത് പോലെ മധ്യപ്രദേശിൽ ഉണ്ടാവാറില്ല. ഇത് കഴിഞ്ഞ കുറച്ചു കാലമായി ബി.ജെ.പി കോട്ടയാണ്. ഇവിടെ വിള്ളൽ  വീഴുന്നത് കൊണ്ടാണ് 2019 ലെ ഫലം മാറാനുള്ള സാധ്യത തെളിയുന്നത്. 2003 ൽ ബി.ജെ.പി നേടിയത് 173 നിയമസഭാ സീറ്റുകളാണ്. 2008 ൽ ഇത് 143 ആയി കുറഞ്ഞു. 2013 ൽ ഇത് 165 ആയി വർധിച്ചു. 2013 ൽ ബി.ജെ.പിക്ക് 44.87 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 2008 ൽ 37.64 ശതമാനവും 2003 ൽ 42.50 ശതമാനവും ലഭിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത് 54.03 ശതമാനമായി ഉയർന്നു. ഒരിക്കലും കാണാത്ത പ്രതിഭാസമായിരുന്നു ഇത്. മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് വിജയം എന്നതിൽ ഉപരി വലിയൊരു ഘടകമായി ബി.ജെ.പി മാറിയിട്ടുണ്ട്. ഇത് കോൺഗ്രസിനെ അപേക്ഷിച്ച് എത്രയോ ഉയർന്ന തലത്തിലാണ്.  തെരഞ്ഞെടുപ്പിൽ തോറ്റാലും ഇവിടെ ബി.ജെ.പിയുടെ ശക്തി ക്ഷയിക്കില്ല. സാമൂഹ്യ സാമ്പത്തിക മേഖലകളിൽ അവർക്കുള്ള സ്വാധീനം തുടരും. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായുള്ള വോട്ട് വ്യത്യാസം 9 ശതമാനത്തിലും അധികമായിരുന്നു കോൺഗ്രസിന്. ഇവിടെ നിന്നാണ് രാഹുൽ ഗാന്ധി പാർട്ടിയെ മുന്നോട്ട് നയിക്കാൻ തുടങ്ങിയത്. സംസ്ഥാനത്തെ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളും കോൺഗ്രസിനെ സഹായിച്ചു. ജനങ്ങൾ രാഹുലിനെയാണ് ഇപ്പോൾ കൂടുതൽ ആശ്രയിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ് ബി.ജെ.പിക്ക് തുല്യമായി വളർന്നിരിക്കുകയാണ്. 
രണ്ട് പാർലമെന്റ് അംഗങ്ങളിൽ നിന്ന് ഇന്ത്യയിൽ ബി.ജെ.പി പടർന്നു പന്തലിച്ചപ്പോൾ അതിന് കരുത്തേകിയ സംസ്ഥാനമാണ് മധ്യപ്രദേശ്. ഗ്രാമീണ മേഖലയെ ബി.ജെ.പി കൈയിലെടുത്തത് മധ്യവർത്തി കുടുംബങ്ങളെ മുൻനിർത്തിയാണ്. നഗര വോട്ടർ കേന്ദ്രീകൃതമായ പാർട്ടിയെന്ന പേര് ഇല്ലാതാക്കിയതും ഇങ്ങനെയാണ്. 2013 ൽ ഗ്രാമീണ മേഖലയിലെ 194 മണ്ഡലങ്ങളിൽ 132 എണ്ണം ബി.ജെ.പി സ്വന്തമാക്കിയിരുന്നു. ഇവിടെയെല്ലാം കോൺഗ്രസിനാണ് ഇപ്പോൾ മുൻതൂക്കം. രാഹുൽ ഗാന്ധിയാണ് ഇവിടെ പ്രധാനപ്പെട്ട വിഷയം. ശിവരാജ് സിംഗ് ചൗഹാന്റെ ജനപ്രീതിയിൽ കുറവുണ്ടായതും അദ്ദേഹത്തിന് ഗുണം ചെയ്തു. കർഷകരെ സർക്കാർ തഴഞ്ഞുവെന്ന തോന്നലുണ്ടാക്കാനും കോൺഗ്രസിന് സാധിച്ചു. 
ഗ്രാമീണ മേഖലയിൽ പിന്നോക്ക വിഭാഗക്കാരെ ആകർഷിച്ചാണ് കോൺഗ്രസ് ശക്തിപ്പെട്ടത്. ഒ.ബി.സി വിഭാഗക്കാരനായിട്ടും ചൗഹാൻ തങ്ങളെ കൈയൊഴിഞ്ഞെന്നാണ് കർഷകരുടെ വികാരം. കർഷകർ ഭൂരിഭാഗവും ഒ.ബി.സി വിഭാഗത്തിൽ പെടുന്നവരാണ്. സംസ്ഥാനത്തെ വോട്ട് ബാങ്കിന്റെ 42 ശതമാനം ഈ വിഭാഗമാണ്. 2013 ൽ 67 ശതമാനം യാദവരും ബി.ജെ.പിക്ക് വോട്ട് ചെയ്തിരുന്നു. എന്നാൽ ഇത്തവണ കോൺഗ്രസ് 80 ശതമാനത്തിലധികം ഒ.ബി.സി വോട്ടുകൾ നേടാനാണ് സാധ്യത. കാർഷിക മേഖല കേന്ദ്രീകരിച്ചുള്ള പ്രകടന പത്രികയും രാഹുലിന്റെ പ്രഖ്യാപനങ്ങളും ഇവരുടെ പിന്തുണയ്ക്ക് കാരണമാകും. ബ്രാഹ്മണർ അടക്കമുള്ളവർ രാഹുലിന്റെ ഹിന്ദുത്വത്തെ ഏറ്റെടുത്തിട്ടുണ്ട്. 230 സീറ്റുകളെ സ്വാധീനിക്കുന്ന കാര്യമാണിത്. ഇത് 2019 ലേക്കുള്ള  മറ്റൊരു സൂചനയാണ്. 
ഹിന്ദി ഹൃദയ ഭൂമിയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇത് പ്രതിഫലിക്കും. മധ്യപ്രദേശിൽ 16 ശതമാനം മുന്നോക്ക വിഭാഗക്കാർ ഉണ്ട്. ഇവർ ബി.ജെ.പിയെ സ്ഥിരമായി പിന്തുണയ്ക്കുന്നവരായിരുന്നു. എന്നാൽ പട്ടികജാതി പട്ടികവർഗ നിയമം വരെ ബി.ജെ.പിക്ക് എതിരായിരിക്കുകയാണ്. പരമ്പരാഗതമായി ബി.ജെ.പിയെ ശക്തിപ്പെടുത്തിയ വോട്ട് ബാങ്ക് രാജ്യത്തുടനീളം ചോർന്നുകൊണ്ടിരിക്കുകയാണ്. 2014 ൽ ബി.ജെ.പി അധികാരത്തിൽ വന്നതിന് ശേഷമാണ് ഇത് ഇടിയാൻ തുടങ്ങിയത്. രാജ്യത്തെ മറ്റിടങ്ങളിലെന്നത് പോലെ ജി.എസ്.ടി, നോട്ട് നിരോധനം എന്നിവ മധ്യപ്രദേശിലും വലിയ വിഷയമാണ്. ഇതെല്ലാം ശക്തമായി തന്നെ കോൺഗ്രസ് ഉയർത്തിയിട്ടുണ്ട്. 
മധ്യപ്രദേശിലെ 230 നിയമസഭാ മണ്ഡലങ്ങളിൽ 65,341 ബൂത്തുകളാണുള്ളത്. 95 ശതമാനം ബൂത്തുകളിലും കോൺഗ്രസ് സജീവമായിരുന്നു. ഓരോ ബൂത്തിലും കുറഞ്ഞത് അഞ്ച് പ്രവർത്തകരെ വരെ കോൺഗ്രസ് നിയോഗിച്ചു. ചില സ്ഥലങ്ങളിൽ 30 വരെ പ്രവർത്തകരെയാണ് നിയോഗിച്ചത്. കോൺഗ്രസ് ഡാറ്റാ ടീം പ്രധാനമായും കേന്ദ്രീകരിച്ചത് 43 മണ്ഡലങ്ങളിലായിരുന്നു. ബി.ജെ.പി നേരിയ ഭൂരിപക്ഷത്തിന് കഴിഞ്ഞ തവണ ജയിച്ച മണ്ഡലങ്ങളാണ് ഇവയെല്ലാം. 
മധ്യപ്രദേശിലെ കണക്കുകൾ നോക്കുമ്പോൾ കോൺഗ്രസിനാണ് അനുകൂലം. അതുകൊണ്ട് 2019 ൽ കാറ്റ് മാറി വീശുമെന്ന് വ്യക്തമാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിന്റെ അഴിമതിയിൽ മനം മടു
ത്താണ് 2014 ൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയ്ക്ക് വോട്ടർമാർ അവസരം നൽകിയതെന്ന കാര്യം അധികാര ലഹരിയിൽ അവരും മറന്നു.

Latest News