അധികാരം നിലനിർത്താൻ ഒരു അയോധ്യയും രാമക്ഷേത്രവും മതിയാവില്ലെന്ന തിരിച്ചറിവാണ് ശബരിമല മുതൽ അയോധ്യയടക്കം നിരവധി തീർത്ഥാടന കേന്ദ്രങ്ങളെ തെരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റാനുള്ള യത്‌നത്തിന് പിന്നിൽ. ശബരിമല കേരളത്തിലും തെക്കേ ഇന്ത്യയിലും രാഷ്ട്രീയ നേട്ടത്തിനുള്ള പാതയാക്കി മാറ്റാനാവുമെന്ന കണക്കുകൂട്ടലാണ് ആർഎസ്എസ് അടക്കം സംഘ്പരിവാർ ശക്തികളെ 'പുരുഷന് എവിടെ വരെ പ്രവേശിക്കാമോ അവിടെ വരെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശന'മെന്ന പ്രഖ്യാപിത നിലപാടിൽ നിന്നുള്ള തകിടം മറിച്ചിലിന് നിർബന്ധിതരാക്കിയത്.
പൊതുതെരഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ മതവിശ്വാസത്തെ ദുരുപയോഗം ചെയ്ത് വർഗീയ ധ്രുവീകരണം ശക്തമാക്കാനുള്ള തന്ത്രങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് സംഘ്പരിവാർ. 2014 പൊതുതെരഞ്ഞെടുപ്പിൽ വികസനമായിരുന്നു ബി.ജെ.പിയുടെ കേന്ദ്ര മുദ്രാവാക്യം. അന്നവർ ജനങ്ങൾക്ക് മുന്നിൽ നിരത്തിയ വികസന ലക്ഷ്യങ്ങളിൽ ഒന്നു പോലും സാക്ഷാൽക്കരിക്കാനോ മോഡി സർക്കാറിന്റെ നേട്ടമായി അവതരിപ്പിക്കാനോ ആവാത്ത സാഹചര്യത്തിലാണ് വികസനത്തെ പുറത്താക്കി വിശ്വാസത്തെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്.
അധികാരം നിലനിർത്താൻ ഒരു അയോധ്യയും രാമക്ഷേത്രവും മതിയാവില്ലെന്ന തിരിച്ചറിവാണ് ശബരിമല മുതൽ അയോധ്യയടക്കം നിരവധി തീർത്ഥാടന കേന്ദ്രങ്ങളെ തെരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റാനുള്ള യത്‌നത്തിന് പിന്നിൽ.
ശബരിമല കേരളത്തിലും തെക്കേ ഇന്ത്യയിലും രാഷ്ട്രീയ നേട്ടത്തിനുള്ള പാതയാക്കി മാറ്റാനാവുമെന്ന കണക്കുകൂട്ടലാണ് ആർഎസ്എസ് അടക്കം സംഘ്പരിവാർ ശക്തികളെ 'പുരുഷന് എവിടെവരെ പ്രവേശിക്കാമോ അവിടെ വരെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശന'മെന്ന പ്രഖ്യാപിത നിലപാടിൽ നിന്നുള്ള തകിടംമറിച്ചിലിന് നിർബന്ധിതരാക്കിയത്. അയോധ്യാ വിഷയത്തിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള സുപ്രധാന തർക്ക വിഷയം വിശ്വാസത്തിന്റേതല്ല. മറിച്ച് അയോധ്യയിലെ തർക്ക ഭൂമിയുടെ അവകാശരേഖ സംബന്ധിച്ചതാണ്. സുപ്രീം കോടതി തർക്ക വിഷയത്തിൽ ഏതെങ്കിലും സമ്മർദങ്ങൾക്ക് വഴങ്ങുമെന്ന യാതൊരു സൂചനയും നൽകുന്നില്ല. മാത്രമല്ല, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒന്നര നൂറ്റാണ്ടോ അതിലുമധികമോ പഴക്കമുള്ള തർക്കത്തിൽ ഭരണ കക്ഷിയുടെ രാഷ്ട്രീയ ലക്ഷ്യസാക്ഷാൽക്കാരത്തിന് തിടുക്കത്തിൽ അന്തിമ വിധി പുറപ്പെടുവിക്കാനുള്ള സാധ്യതയും വിരളമാണ്. അതുകൊണ്ടു തന്നെ ആർഎസ്എസ് സർ സംഘ്ചാലക് മോഹൻ ഭാഗവത് നവംബർ 25 ന് വിശ്വഹിന്ദു പരിഷത് സംഘടിപ്പിച്ച സാധു സമ്മേളനത്തിൽ നിർദേശിച്ച പ്രകാരം 'സമൂഹത്തെ ഭരിക്കുന്നത് നിയമ വാഴ്ച കൊണ്ട് മാത്രമല്ലെന്ന' വാദം അംഗീകരിക്കാൻ ഭരണഘടനാനുസൃതം ഭരിക്കുന്ന ഒരു സർക്കാറിനും സാധ്യമല്ല. അത് നന്നായി തിരിച്ചറിയുന്ന ബിജെപിയും സംഘ്പരിവാറും വിശ്വാസികളെ മറ്റൊരു മഹാ കബളിപ്പിക്കലിന്റെ കെണിയിൽ വീഴ്ത്താനുള്ള ശ്രമത്തിലാണ്.
കേന്ദ്ര ഭരണാധികാരത്തിന്റെ കഴിഞ്ഞ നാലര വർഷക്കാലം അയോധ്യ രാമക്ഷേത്ര നിർമാണ പ്രശ്‌നങ്ങൾക്ക് യാതൊരു തിടുക്കവും കാട്ടാതിരുന്ന മോഡിയും സംഘ്പരിവാറും വർഗീയ കരുനീക്കങ്ങളിലൂടെ അധികാരം നിലനിർത്താനാണ് ശ്രമിക്കുന്നത്.
ഏറെ കൊട്ടുംകുരവയുമായി അവതരിപ്പിച്ച ഭരണ നയപരിപാടികൾ ഒന്നൊന്നായി പരാജയപ്പെട്ടതിന്റെ കണക്ക് ചോദ്യം ചെയ്യാൻ ജനങ്ങൾക്ക് ലഭിക്കുന്ന അവസരമാണ് തെരഞ്ഞെടുപ്പ്. ഭരണകൂട അഴിമതികളും ജനദ്രോഹ കോർപറേറ്റ് പ്രീണനവും തെരഞ്ഞെടുപ്പ് വേളയിൽ ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളായി ബിജെപിക്കും മോഡിക്കും നേരെ ഉയർന്നുവരും. ബിജെപി ദുർഭരണത്തിനും ജനാധിപത്യ, ഭരണഘടനാ ധ്വംസനങ്ങൾക്കുമെതിരെ ഉയർന്നുവരുന്ന മൂർച്ചയേറിയ വിമർശനങ്ങളെയും ഏകീകൃത പ്രതിപക്ഷ പ്രതിരോധ നിരയുടെ സാധ്യതകളെയും നിർവീര്യമാക്കാനുള്ള കുതന്ത്രമാണ് സംഘ്പരിവാറിന്റെ തുരുപ്പുചീട്ട്. മോഡി സർക്കാറിന് രാമക്ഷേത്ര പ്രശ്‌നത്തിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് അയോധ്യക്കു പുറമെ ദൽഹി ജുമാ മസ്ജിദ്, താജ്മഹൽ, കാശി വിശ്വനാഥ ക്ഷേത്രവും വരാണസിയിലെ ഗ്യാൻവാപി മോസ്‌കും, അയോധ്യയിൽ സരയൂ തീരത്ത് ലോകത്ത് ഏറ്റവും ഉയരംകൂടിയ ശ്രീരാമ വെങ്കല പ്രതിമ, ശബരിമല തുടങ്ങി വൈവിധ്യമാർന്ന ഹിന്ദുമത വിശ്വാസങ്ങളെയും ആചാരങ്ങളെയും ചുറ്റിപ്പറ്റിയുള്ള വൈകാരിക അന്തരീക്ഷം വളർത്തിയെടുക്കാനുള്ള ശ്രമം. നൂറ്റാണ്ടുകളായി മുസ്‌ലിം മതന്യൂനപക്ഷത്തിന്റെ ആരാധനാലയമായി വർത്തിക്കുന്ന ദൽഹിയിലെ ജുമാ മസ്ജിദ് തകർത്ത് ഉദ്ഖനനം നടത്തണമെന്ന ആവശ്യമാണ് സാക്ഷി മഹാരാജ് എന്നറിയപ്പെടുന്ന യു.പിയിലെ ഉന്നാവോയിൽ നിന്നുള്ള ലോക്‌സഭാംഗത്തിന്റെ ആവശ്യം. ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹൽ ഇടിച്ചുനിരത്തി 'അവിടെയുണ്ടായിരുന്ന ശിവക്ഷേത്രം' പുനഃസ്ഥാപിക്കണമെന്നതാണ് മറ്റൊരു ആവശ്യം.
നരേന്ദ്ര മോഡി ലോക്‌സഭയിൽ പ്രതിനിധാനം ചെയ്യുന്ന വരാണസിയിൽ നവീകരണ പ്രവർത്തനങ്ങളുടെയും തീർത്ഥാടകർക്കായി സൗകര്യം ഒരുക്കുന്നതിന്റെയും പേരിൽ പൈതൃക നഗരം തന്നെ തച്ചുതകർക്കപ്പെടുകയാണ്. ഗ്യാൻവാപി മോസ്‌കും നൂറുകണക്കിന് വസതികളും വ്യാപാര സ്ഥാപനങ്ങളും ചെറുക്ഷേത്രങ്ങളും തകർത്തുകൊണ്ടുള്ള നവീകരണമാണ് അവിടെ നടക്കുന്നത്.
മോഡി ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കുന്ന സംഭവ പരമ്പരകളിൽ നിന്നുള്ള ഒളിച്ചോട്ടത്തിനായി അവർ തകർക്കുന്നത് ഒരു മഹത്തായ ജനാധിപത്യ രാഷ്ട്രീയ സംസ്‌കാരത്തിന്റെ അടിത്തറയാണ്. കാലഹരണപ്പെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ പഴുതുകളും പാളിച്ചകളും മുതലെടുത്ത് സമ്മതിദായകരിൽ ഒരു ന്യൂനപക്ഷത്തിന്റെ പിന്തുണയോടെ അധികാരം നിലനിർത്താനാവുമെന്ന കണക്കുകൂട്ടലാണ് അവരെ നയിക്കുന്നത്.