Sorry, you need to enable JavaScript to visit this website.

നോട്ടുനിരോധനം ഭീകര സാമ്പത്തിക ആഘാതമുണ്ടാക്കിയെന്ന് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ്

ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാര്‍ രണ്ടു വര്‍ഷം മുമ്പ് നടപ്പിലാക്കിയ നോട്ടു നിരോധനം രാജ്യത്തിന് കനത്തതും ഭീകരവുമായ സാമ്പത്തിക ആഘാതമുണ്ടാക്കിയെന്നും വളര്‍ച്ചാ നിരക്ക് തുടര്‍ച്ചയായി ഇടിച്ചെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യന്‍. നോട്ടു നിരോധനത്തിനു മുമ്പുള്ള ആറു പാദങ്ങളില്‍ എട്ടു ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ചാ നിരക്ക്. എന്നാല്‍ നോട്ടുനിരോധനത്തിനും ശേഷം ഇതുണ്ടാക്കിയ കനത്ത ആഘാതം മൂലം തുടര്‍ച്ചയായി ഏഴു പാദങ്ങളില്‍ 6.8 ശതമാനമായി വളര്‍ച്ചാ നിരക്ക് ഇടിഞ്ഞതായും അദ്ധേഹം പറഞ്ഞു. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ടു നിരോധനം പ്രഖ്യാപിക്കുമ്പോള്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രമണ്യന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പദവി ഒഴിഞ്ഞത്. നാലു വര്‍ഷം അദ്ദേഹം ഈ പദവിയിലിരുന്നു. നോട്ടു നിരോധനം പ്രഖ്യാപിക്കുന്നതിനു മുമ്പ് പ്രധാനമന്ത്രി മോഡി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രമണ്യനുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല.

പെന്‍ഗിന്‍ പ്രസിദ്ധീകരിച്ച 'ഓഫ് കൗണ്‍സല്‍: ദി ചാലഞ്ചസ് ഓഫ് ദി മോഡി-ജെയ്റ്റ്‌ലി ഇക്കോണമി' എന്ന വിപണിയിലെത്താനിരിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഒരു അധ്യായം മുഴുവന്‍ നോട്ടു നിരോധനത്തിന്റെ രാഷ്ട്രീയ സാമ്പത്തിക ആഘാതങ്ങള്‍ വിശദീകരിക്കാനായി അദ്ദേഹം നീക്കിവച്ചിരിക്കുന്നു.  നോട്ടുനിരോധനം വളര്‍ച്ച ഇടിച്ചു എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാകാനിടയില്ലെന്നും ഇതിന്റെ ആഘാതം എത്രത്തോളം ഉണ്ട് എന്നതു സംബന്ധിച്ചു മാത്രമാണ് ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ നിലയില്‍ ഒരു രാജ്യവും സമീപകാല ചരിത്രത്തില്‍ ചെയ്തിട്ടില്ലാത്ത ഒരു അപ്രതീക്ഷിത നീക്കമായിരുന്നു നോട്ടു നിരോധനമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ അവസ്ഥയില്‍ പടിപടിയായി നോട്ടു പിന്‍വലിക്കുന്നതോ യുദ്ധം, നോട്ടു പ്രതിസന്ധി, രാഷ്ട്രീയ അസ്ഥിരിത തുടങ്ങിയ അസാധാരണ ഘട്ടങ്ങളില്‍ ഒന്നിച്ചു പിന്‍വിക്കുന്നതോ ആണ് രീതി. എന്നാല്‍ ഇന്ത്യയില്‍ സംഭവിച്ചത് ഇതൊന്നുമല്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. നോട്ടു നിരോധനം മൂലം വിവിധ മേഖലകളിലുണ്ടായ അനുബന്ധ നഷ്ടങ്ങള്‍ ഒഴിവാക്കാനാകുന്നതായിരുന്നെന്നും അദ്ദേഹം പറയുന്നു. 

Latest News