Sorry, you need to enable JavaScript to visit this website.

സൗദിയിലെ ചാരിറ്റി സ്ഥാപനങ്ങൾക്ക് നികുതിയിൽ ഇളവ്

റിയാദ്-  സൗദിയിലെ ചാരിറ്റി സ്ഥാപനങ്ങൾക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന എൻ.ജി.ഒകൾക്കും അവർ അടച്ച മൂല്യ വർധിത നികുതി (വാറ്റ്) തിരിച്ചു നൽകാൻ നടപടിയായതായി തൊഴിൽമന്ത്രാലയം അറിയിച്ചു. സക്കാത്ത് ആന്റ് ഇൻകം ടാക്‌സ് അതോറിറ്റിയിൽ സാമ്പത്തിക സ്ഥാപനമായി രജിസ്റ്റർ ചെയ്യാത്ത, എന്നാൽ സാമൂഹിക മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനകൾക്കാണ് അടച്ച നികുതി തിരിച്ചു നൽകുക. തൊഴിൽ സാമൂഹിക മന്ത്രാലയത്തിൽ നിന്ന് ലഭിച്ച പ്രവർത്തന ലൈസൻസ് സഹിതം ഇതിന്നായി സംഘടനകൾ സക്കാത്ത് അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി പ്രത്യേക അപേക്ഷ നൽകണം. രേഖകൾ പരിശോധിച്ച ശേഷമായിരിക്കും ഇത് നികുതി തിരിച്ചുനൽകുക.
അതേസമയം, വിദേശ തൊഴിലാളികൾക്കുള്ള ലെവി വർധിപ്പിക്കാതെ സ്ഥിരപ്പെടുത്തുമെന്നും ആശ്രിത ലെവി റദ്ദാക്കുമെന്നുമുള്ള സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം ശരിയല്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആവർത്തിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റും സാമൂഹികമാധ്യമങ്ങളിലെ മന്ത്രാലയത്തിന്റെ ഔദ്യാഗിക അക്കൗണ്ടുകളും അടക്കമുള്ള സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ മാത്രമേ ഇക്കാര്യത്തിൽ ആശ്രയിക്കാവൂവെന്നും മന്ത്രാലയം അറിയിച്ചു. വിദേശികളുടെ ആശ്രിതർക്ക് ലെവി സ്ഥിരപ്പെടുത്തുമെന്നും ഭാര്യയെയും പെൺകുട്ടികളെയും ലെവിയിൽ നിന്നൊഴിവാക്കി 18 വയസ്സിന് മുകളിലുള്ള ആൺകുട്ടികൾക്ക് മാത്രമാക്കി ലെവി ചുരുക്കുമെന്നും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയാണ് മന്ത്രാലയം നിഷേധിച്ചത്.
കഴിഞ്ഞാഴ്ച കിഴക്കൻ പ്രവിശ്യയിൽ നടന്ന ചാരിറ്റി സംഘടനകളുടെയും എൻ.ജി.ഒയുടെയും സമ്മേളനത്തിൽ മൂല്യവർധിത നികുതി, ആശ്രിത ലെവി, കുടിശ്ശിക ലെവി എന്നിവയെ കുറിച്ച് ശുഭവാർത്തയുണ്ടാകുമെന്ന് തൊഴിൽ സാമൂഹിക മന്ത്രി എഞ്ചിനീയർ അഹമ്മദ് അൽറാജ്ഹി അറിയിച്ചിരുന്നു. ഈ പ്രസ്താവനയെ മുൻ നിർത്തി ജനുവരി മുതൽ വിദേശികളുടെ ആശ്രിതലെവി പിൻവലിക്കുമെന്നും മറ്റും സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടന്നു. ഇതേ തുടർന്ന് മന്ത്രാലയം ലെവി കുറക്കുമെന്ന വാർത്ത നിഷേധിച്ച് രംഗത്തെത്തിയത്.

Latest News