Sorry, you need to enable JavaScript to visit this website.

അമേരിക്കയിലെ ചാറ്റ് ചോര്‍ത്തല്‍ നീക്കം ജനങ്ങള്‍ അറിയണമെന്ന് പൗരാവകാശ സംഘടനകള്‍

വാഷിംഗ്ടണ്‍- മെസഞ്ചര്‍ ഉപയോക്താക്കള്‍ തമ്മില്‍ നടത്തിയ സംഭാഷണങ്ങള്‍ ചോര്‍ത്തി നല്‍കുന്നതിന് അമേരിക്കന്‍ സര്‍ക്കാര്‍ ഫേസ് ബുക്കില്‍ ചെലുത്തിയ സമ്മര്‍ദം സംബന്ധിച്ച രേഖകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് രണ്ട് പൗരാവകാശ സംഘടനകള്‍ കോടതിയെ സമീപിച്ചു. അമേരിക്കന്‍ സിവില്‍ ലീബര്‍ട്ടീസ് യൂനിയന്‍, ഇലക്ട്രോണിക് ഫ്രോണ്ടിയര്‍ ഫൗണ്ടേഷന്‍ എന്നിവയാണ് കാലിഫോര്‍ണിയയിലെ ഫ്രെസ്‌നോ ഡിസ്ട്രിക്ട് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

സമൂഹ മാധ്യമ കമ്പനികളും ചാറ്റ് ആപ്പുകളും തുടരുന്ന എന്‍ക്രിപ്ഷന്‍ രീതി കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായോ നിയമപാലനത്തിന്റെ ഭാഗമായോ ഇല്ലാതാക്കുന്നതിന് സാധിക്കുമോ എന്ന കാര്യം അറിയുന്നതിന് പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സംയുക്ത ഹരജിയില്‍ പറയുന്നു.

ഫ്രെസ്‌നോ എംഎസ്-13 ഗാങിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഫെഡറല്‍, സ്റ്റേറ്റ് സംയുക്ത അന്വേഷണത്തിനിടയിലാണ് പ്രശ്‌നം ഉയര്‍ന്നുവന്നത്. ഫേസ് ബുക്ക് മെസഞ്ചര്‍ വഴി നടത്തിയ സംഭാഷണങ്ങള്‍ ലഭിക്കുന്നതിനുള്ള ശ്രമമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയത്. എന്നാല്‍ രണ്ട് പേര്‍ തമ്മില്‍ നടത്തുന്ന സംഭാഷണം മൂന്നാമതൊരാള്‍ക്ക് ലഭിക്കുന്നത് തടയുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ രീതി ഇതിനു തടസ്സമായി.

ഈ സംഭവത്തെ കുറിച്ച് യു.എസ് പ്രോസിക്യൂട്ടര്‍മാരോ ഫേസ് ബുക്കോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കേസ് കോടതിയിലാണെന്ന സാങ്കേതികത്വമാണ് കാരണം. എന്നാല്‍ മെസഞ്ചര്‍ വോയിസ് കോളുകളുടെ വിവരങ്ങള്‍ ചോര്‍ത്തുന്ന കാര്യത്തില്‍ പ്രോസിക്യൂട്ടര്‍ പരാജയപ്പെട്ടുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.

ഒരു സ്വകാര്യ സോഷ്യല്‍ മീഡിയ കമ്പനി സ്വന്തമായി ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനം പൊളിക്കുന്നതിന് ഫെഡറല്‍ സര്‍ക്കാരിന് സമ്മര്‍ദം ചെലുത്താനാകുമോ എന്ന കാര്യത്തില്‍  കാലിഫോര്‍ണിയയിലെ ഫ്രെസ്‌നോ കോടതിയാണ് ആദ്യ ഉത്തരവ് നല്‍കിയിരിക്കുന്നതെന്ന് പൗരാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. മറ്റു കോടതികളും ഇത്തരം രഹസ്യനീക്കങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടാകുമെന്നും അതുകൊണ്ട് ഫ്രെസ്‌നോ കോടതയിലെ രേഖകള്‍ പുറത്തുവിടണമെന്നാണ് ആവശ്യം.

 

Latest News