Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെവിൻ കൊലപാതകം: കേസ്  അടുത്ത മാസം ആറിലേക്ക് മാറ്റി

കോട്ടയം- ദുരഭിമാന കൊലപാതകമെന്ന് നിരീക്ഷിച്ച കെവിൻ വധക്കേസ് പരിഗണിക്കുന്നത് അടുത്ത മാസം ആറിലേക്ക് കോടതി മാറ്റി. കോട്ടയം അഡീഷനൽ സെഷൻസ് നാലാം കോടതിയാണ് തുടർ നടപടിക്കായി കേസ് മാറ്റിയത്. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നില്ല. കോടതിയിൽ പ്രതികളെ ഹാജരാക്കാനും തിരികെ കൊണ്ടു പോകാനും വേണ്ടത്ര പോലീസുകാർ ഇല്ലാതിരുന്നതിനാലാണ് അതിവേഗ കോടതി ഒന്നിൽ നടക്കേണ്ട കേസ് മാറ്റിയത്. 
ശബരിമല വിഷയത്തിനൊപ്പം നഗരത്തിൽ മറ്റ് പ്രതിഷേധങ്ങളും നടക്കുന്നതിനാൽ പ്രതികളെ കോടതിയിൽ ഹാജരാക്കാൻ പോലീസുകാരുടെ എണ്ണത്തിൽ കുറവുണ്ടായതാണ് കാരണം. പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിന് മുന്നോടിയായുള്ള വാദം ആറിന് നടക്കും. ദുരഭിമാന കൊല എന്ന ഗണത്തിൽ പെടുത്തിയാണ് കേസ് വിചാരണ ചെയ്യുന്നത്. നേരത്തെ കോടതി ഇതിന് അനുവാദം നൽകിയിരുന്നു. എത്രയും വേഗം വിചാരണ നടപടികൾ പൂർത്തീകരിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങിയത്. ജാമ്യാപേക്ഷ സമർപ്പിച്ച നാലും ഒമ്പതും പ്രതികളായ റിയാസ്, ടിന്റു ജെറോം എന്നിവരുടെ ജാമ്യാപേക്ഷയും  ആറിന് കോടതി പരിഗണിക്കും. 
മെയ് 27 നാണ് കേസിനാസ്പദമായ സംഭവം. നട്ടാശേരി പ്ലാത്തറ ജോസഫിന്റെ മകൻ കെവിനെ (24) ഭാര്യ നീനുവിന്റെ ബന്ധുക്കളും സഹായികളും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. നീനുവിനെ കെവിൻ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള ദുരഭിമാനം മൂലം കൊല്ലം തെന്മല സ്വദേശികളായ പ്രതികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം. 
കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. കേസിൽ നീനുവിന്റെ പിതാവ് കൊല്ലം തെന്മല ഒറ്റക്കൽ ചാക്കോ, സഹോദരൻ ഷാനു എന്നിവരടക്കം 14 പ്രതികളാണുള്ളത്. 
കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ സി.എസ് അജയൻ ഹാജരായി. 186 സാക്ഷികളും 180 തെളിവ് പ്രമാണ രേഖകളും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു.
 

Latest News