പെരിന്തൽമണ്ണയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ടു പേർ കൂടി അറസ്റ്റിൽ

പെരിന്തൽമണ്ണ - യുവാവിനെ തട്ടിക്കൊണ്ടുപോയി ഇന്നോവ കാറും രണ്ടു ലക്ഷം രൂപയും തട്ടിയെടുത്ത കേസിൽ രണ്ടു പേർ കൂടി അറസ്റ്റിലായി. കൊണ്ടോട്ടി ഓമാനൂർ സ്വദേശികളായ കുറ്റിക്കാട്ടിൽ മെഹബൂബ് (21), പാറക്കണ്ടി ജിബിൻ (23) എന്നിവരെയാണ് പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തിൽ സി.ഐ എസ്.ബിനുവും സംഘവും അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ നാലു പേർ പിടിയിലായി. കഴിഞ്ഞ 11 നാണ് കേസിനാസ്പദമായ സംഭവം. 
പെരിന്തൽമണ്ണയിൽ കോഴിക്കോട് റോഡിലെ ആയിഷ കോംപ്ലക്‌സിനു സമീപത്തു നിന്നു ബിസിനസ് സംബന്ധമായ വിഷയം സംസാരിക്കാനായി വിളിച്ചുവരുത്തി പാണ്ടിക്കാട് സ്വദേശിയായ യുവാവിനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി ഏഴു പേരടങ്ങുന്ന സംഘം കാറിൽ കയറ്റി കൊണ്ടുപോയി പണം ആവശ്യപ്പെട്ടു മർദിക്കുകയായിരുന്നു. 
കൊണ്ടോട്ടി ഓമാനൂരിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് മർദിച്ച് അവശനാക്കി  രണ്ടു കോടി രൂപ ആവശ്യപ്പെടുകയും ഇന്നോവ കാർ, രണ്ടു  ലക്ഷം രൂപ, പാസ്‌പോർട്ട്, വാച്ച് എന്നിവ കൈക്കലാക്കുകയും ചെയ്തത്. തുടർന്നു സംഘം കൊണ്ടോട്ടി ടൗണിൽ യുവാവിനെ ഇറക്കി വിടുകയായിരുന്നു. പിന്നീട് ടൗണിലെ സിസിടിവി ദൃശ്യങ്ങളുടെയും മറ്റും സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ സംഘത്തിലെ മുഖ്യ സൂത്രധാരനടക്കം രണ്ടു പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ പിടിയിലായവരെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 

Latest News