Sorry, you need to enable JavaScript to visit this website.

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ:  കേസിൽ ബലിയാടാക്കിയെന്ന് പ്രതികൾ  

മുംബൈ- ഉന്നത പോലീസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പകപോക്കലിന്റെയും രാഷ്ട്രീയ കളികളുടെയും ഭാഗമായാണ് തങ്ങൾ പ്രയാസം അനുഭവിക്കുന്നതെന്ന് സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തിലെ പ്രതികൾ. തങ്ങൾക്ക് നേരെയുള്ള തെളിവുകളെല്ലാം വ്യാജമാണെന്നും പ്രതികൾ കോടതിയിൽ പറഞ്ഞു. 
മുൻ പോലീസ് സൂപ്രണ്ട് എം.എൽ പർമാർ, മുൻ ഇൻസ്‌പെക്ടർ ബാലകൃഷ്ണ ചൗബേ, പോലീസ് കോൺസ്റ്റബിൾമാരായ അജയ് പർമർ, ശാന്താറാം ശർമ്മ, സീനിയർ ഇൻസ്‌പെക്ടർ അബ്ദുറഹിമാൻ, സബ് ഇൻസ്‌പെക്ടർ ഹിമാൻശു സിങ്, ശ്യം സിങ് എന്നിവരാണ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. അഡീഷണൽ സെഷൻസ് ജഡ്ജ് സുനിൽകുമാർ ശർമ്മയാണ് കേസിൽ വാദം കേട്ടത്. സൊഹ്‌റാബുദ്ദീൻ ഷെയ്ഖിന്റെയും തുളസീറാം പ്രജാപതിയുടെയും വ്യാജ ഏറ്റുമുട്ടൽ കൊലപാതകവും, സൊഹ്‌റാബുദ്ദീൻ ഷെയ്ഖിന്റെ ഭാര്യ കൗസർബിയുടെ പീഡനവും അതേ തുടർന്നുണ്ടായ കൊലപാതകത്തിന്റേയും  പ്രതിഭാഗത്തിന്റെ വാദം കേൾക്കുകയായിരുന്നു. 
കേസ് രാഷ്ട്രീയ പ്രേരിതവും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ പകപോക്കലിന്റെ ഭാഗവുമാണെന്ന് പർമർ പറഞ്ഞു. ഏറ്റുമുട്ടലിനു ശേഷം മുതിർന്ന പോലീസ് ഉദ്യോഗസ്ഥരായ ഡി.ജി വൻസാരയും രാജ്കുമാർ പാണ്ഡ്യനും തനിക്ക് നിർദേശങ്ങൾ നൽകിയിരുന്നെന്നും പർമാർ കോടതിയിൽ പറഞ്ഞു. ഗുജറാത്തിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉയർന്ന പദവി ലക്ഷ്യമാക്കിയതിന്റെ ഭാഗമാണിതെന്ന് ശ്യാം സിങ് പറയുന്നു. താൻ ഒരു തെറ്റും ചെയ്തില്ലെന്നും അയാൾ പറഞ്ഞു. കൗസർബിയെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചിരുന്ന ആർഹം ഫാമിന്റെ ഉടമയായ രാജേന്ദ്ര ജിരാവാല ഗുജറാത്ത് സി.ഐ.ഡി തന്നെ സാക്ഷിയാക്കുകയായിരുന്നെന്നും സി.ബി.ഐ പ്രതിയാക്കിയെന്നും പറഞ്ഞു. ഷെയ്ഖിന് നേരെ വെടിയുതിർത്തെന്ന് സി.ബി.ഐ ആരോപിക്കുന്ന അബ്ദുറഹിമാൻ താൻ നിഷ്‌കളങ്കനാണെന്നും വ്യാജ ഏറ്റുമുട്ടലിൽ തനിക്ക് പങ്കില്ലെന്നും കോടതിയിൽ പറഞ്ഞു.

Latest News