റിയാദ് - ജിസാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖയിലെ മുതിർന്ന ഉദ്യോഗസ്ഥനെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് വകുപ്പ് മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി ഉത്തരവിട്ടു. ഉദ്യോഗസ്ഥൻ നിയമ ലംഘനങ്ങൾ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണിത്. തുടർ നടപടികൾക്ക് ഉദ്യോഗസ്ഥനെതിരായ കേസ് കൺട്രോൾ ആന്റ് ഇൻവെസ്റ്റിഗേഷൻ ബോർഡിന് കൈമാറുന്നതിന് മന്ത്രി ഉത്തരവിട്ടു. ഈ ഉദ്യോഗസ്ഥൻ രൂപീകരിച്ച കമ്മിറ്റി മന്ത്രി പിരിച്ചുവിട്ടിട്ടുമുണ്ട്.
ഉദ്യോഗസ്ഥന്റെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രി നേരത്തെ നിർദേശിച്ചിരുന്നു. അന്വേഷണ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ ശിക്ഷാ നടപടി സ്വീകരിക്കുന്നതിന് മന്ത്രി ഉത്തരവിട്ടത്.
മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥനാണ് ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ നിയമ വിരുദ്ധമായി ഉന്നത പദവിയിൽ നിയമിച്ചത്. നിയമ വിരുദ്ധ കമ്മിറ്റി രൂപീകരിക്കൽ, ജീവനക്കാരെ മറ്റു ചുമതലകളിൽ നിയോഗിക്കൽ, മറ്റുള്ളവരുടെ അധികാരപരിധിയിൽ പെട്ട ജോലികൾ നിർവഹിക്കൽ, അനർഹമായി ആനുകൂല്യം കൈപ്പറ്റൽ എന്നിവ അടക്കമുള്ള നിയമ ലംഘനങ്ങളാണ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് കണ്ടെത്തിയത്.