Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ സിഖ് തീര്‍ത്ഥാടകര്‍ക്ക് വഴിതുറക്കുന്ന കര്‍തര്‍പൂര്‍ ഇടനാഴിക്ക് പാക്കിസ്ഥാനില്‍ തറക്കല്ലിട്ടു

ലാഹോര്‍- ഇന്ത്യയില്‍ നിന്നുള്ള സിഖ് തീര്‍ത്ഥാടകര്‍ക്ക് പാക്കിസ്ഥാനിലെ കര്‍തര്‍പൂരിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്ക് വിസയില്ലാതെ വഴിതുറക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ കര്‍തര്‍പൂര്‍ ഇടനാഴിക്ക് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ തറക്കല്ലിട്ടു. ഇന്ത്യയില്‍ നിന്ന് കേന്ദ്ര മന്ത്രിമാരായ ഹര്‍സിമ്രത് കൗര്‍ ബാദല്‍, ഹര്‍ദീപ് സിങ് പുരി എന്നിവരും പഞ്ചാബ് മന്ത്രിയും ഇംറാന്‍ ഖാന്റെ ക്രിക്കറ്റ് കാല സുഹൃത്തുമായ നവജോത് സിങ് സിദ്ധുവും ചടങ്ങില്‍ പങ്കെടുത്തു. സിഖ് മതാചാര്യനായ ഗുരു നാനാക്കിന്റെ അന്ത്യ വിശ്രമ സ്ഥലമാണ് പാക്കിസ്ഥാനിലെ കര്‍തര്‍പൂര്‍. തന്റെ അവസാന വര്‍ഷങ്ങള്‍ ഗുരു കഴിഞ്ഞിരുന്നതും ഇവിടെയാണ്. കര്‍തര്‍പൂരിനെ പഞ്ചാബിലെ ഗുരുദാസ്പൂരിലെ ദേരാ ബാബ നാനാക്കുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഈ ഇടനാഴി. പദ്ധതിയുടെ ഇന്ത്യയിലെ തറക്കല്ലിടല്‍ ചടങ്ങ് രണ്ടു ദിവസം മുമ്പ് നടന്നിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് തറക്കല്ലിട്ടത്. പാക്കിസ്ഥാന്‍ വലിയ പ്രാധാന്യത്തോടെയാണ് ബുധനാഴ്ച ചടങ്ങ് സംഘടിപ്പിച്ചത്. പ്രധാനമന്ത്രി ഇംറാനു ഖാനു പുറമെ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. പദ്ധതി ആറു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നാണ് പ്രഖ്യാപനം.

ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ 'ഒരേ ഒരു പ്രശ്‌നമായ കശ്മീര്‍' വിഷയം പരിഹരിക്കാന്‍ ആകെ വേണ്ടത് ഇരു രാജ്യങ്ങളിലും രണ്ട് കഴിവുറ്റ നേതൃത്വങ്ങളാണന്ന് ഇംറാന്‍ ഖാന്‍ പറഞ്ഞു. ഇരു രാജ്യങ്ങലിലും തമ്മിലുള്ള ബന്ധം ദൃഢമായാല്‍ എത്രത്തോളം വലിയ സാധ്യതകളാണ് മുന്നിലുള്ളതെന്ന് സങ്കപ്പിച്ചു നോക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ നല്ല ബന്ധം നിലനില്‍ക്കേണ്ടത ആവശ്യത്തിലൂന്നിയായിരുന്നു ഇംറാന്റെ പ്രസംഗം. ചടങ്ങിനെത്തിയ സിദ്ധുവിനെ അദ്ദേഹം പ്രകീര്‍ത്തിക്കുകയും ചെയ്തു. ഇന്ത്യയും പാക്കിസ്ഥാനുമിടയില്‍ സൗഹൃദമുണ്ടാകാന്‍ സിദ്ധു ഇന്ത്യയുടെ പ്രധാനമന്ത്രി ആകുന്നതു വരെ കാത്തിരിക്കേണ്ടി വരില്ലെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. സിദ്ധുവിന് പാക്കിസ്ഥാനിലെ പഞ്ചാബില്‍ തെരഞ്ഞെടുപ്പ് ജയിക്കാനാകുമെന്നും ഇവിടെ സ്വീകാര്യനാണെന്നും ഇംറാന്‍ പറഞ്ഞു.

Latest News