സിഖ് വിരുദ്ധ കലാപക്കേസില്‍ 88 പേരെ ശിക്ഷിച്ചത് ദല്‍ഹി ഹൈക്കോടതി ശരിവച്ചു

ന്യൂദല്‍ഹി- 1984ലെ സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസില്‍ 88 പ്രതികളെ ശിക്ഷിച്ച 1996ലെ കീഴ്‌ക്കോടതി വിധി ദല്‍ഹി ഹൈക്കോടതി ശരിവച്ചു. നേരത്തെ അഞ്ചു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട എല്ലാ പ്രതികളും ജാമ്യത്തിലിറങ്ങിയിരുന്നു. ഇവരില്‍ പലരും ഇതിനകം മരണപ്പെട്ടു. ജീവിച്ചിരിക്കുന്ന പ്രതികളാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. ദല്‍ഹിയിലെ ത്രിലോക്പുരിയില്‍ 95 പേര്‍ കൊല്ലപ്പെടുകയും നൂറോളം വീടുകള്‍ തീയിട്ടു നശിപ്പിക്കുകയും ചെയ്യപ്പെട്ട കേസിലാണ് 88 പേര്‍ ശിക്ഷിക്കപ്പെട്ടത്. 95 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടും ഒരു പ്രതിക്കുമേലും കൊലക്കുറ്റം ചുമത്തപ്പെടാതിരുന്നത് കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ എച്ച്.എസ് ഫുല്‍ക്കെ പറഞ്ഞു. 22 മൃതദേഹങ്ങള്‍ തിരിച്ചറിയാനും കൊലക്കേസ് രജിസറ്റര്‍ ചെയ്യാനും കോടതി പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തന്റെ സിഖ് അംഗരക്ഷരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സിഖ് വംശഹത്യ നടന്നത്. ഇന്ത്യയില്‍ വിവിധയിടങ്ങളിലായി 2,800ഓളം സിഖുകാര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. ഇവരിലേറെയും പേര്‍ ദല്‍ഹിയിലാണ് കൊല്ലപ്പെട്ടത്. സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും ആളുകളെ വീട്ടില്‍ നിന്ന് വലിച്ചിറക്കി ജീവനോടെ തീയിട്ടു കൊന്നതടക്കം ക്രൂരമായ കൊലപതാകങ്ങളാണ് സിഖ് വംശഹത്യയ്ക്കിടെ നടന്നത്. മുതിര്‍ന്ന കോണ്ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ അടക്കം നിരവധി നേതാക്കള്‍ പല കേസുകളിലും പ്രതികളാണ്.

Latest News