ലാഹോർ- കർത്താർപുർ സാഹിബ് ഇടനാഴി പദ്ധതിക്ക് തുടക്കം കുറിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവും പഞ്ചാബിലെ തദ്ദേശ വകുപ്പ് മന്ത്രിയുമായ നവ്‌ജോത് സിംഗ് സിദ്ദു പാക്കിസ്ഥാനിൽ എത്തിയതിന് പിന്നാലെ വിവാദത്തിൽ. പാക് സർക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് ലാഹോറിലെത്തിയ സിദ്ദു, റഫാൽ അഴിമതിയെ ബന്ധപ്പെടുത്തി നടത്തിയ പരാമർശം ബി.ജെ.പി കേന്ദ്രങ്ങളെ ചൊടിപ്പിച്ചു.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇംറാൻ ഖാൻ സർക്കാർ അധികാരമേറ്റ ചടങ്ങിൽ സിദ്ദു പങ്കെടുത്തിരുന്നു. അന്ന് പാക് സൈനിക മേധാവിയെ അദ്ദേഹം കെട്ടിപ്പിടിച്ചത് വിവാദമാവുകയും ചെയ്തു. അതൊഴിവാക്കേണ്ടതായിരുന്നുവെന്ന് പല കോണിൽനിന്നും അഭിപ്രായമുയർന്നെങ്കിലും, വെറുമൊരു ആലിംഗനം മാത്രമെന്ന് പറഞ്ഞ് അന്നതിനെ ന്യായീകരിക്കുകയാണ് മുൻ ക്രിക്കറ്റ് താരം കൂടിയായ സിദ്ദു ചെയ്തത്.
എന്നാൽ ഇന്നലെ ലാഹോറിൽ മാധ്യമ പ്രവർത്തകർ അതേക്കുറിച്ച് ചോദിച്ചപ്പോൾ അതൊരു ദീർഘമായ ആലിംഗനം മാത്രമായിരുന്നു, അല്ലാതെ റഫാൽ ഇടപാടായിരുന്നില്ലെന്ന് പരിഹാസ രൂപേണെ സിദ്ദു മറുപടി നൽകി. ഫ്രാൻസുമായുള്ള കേന്ദ്ര സർക്കാരിന്റെ റഫാൽ പോർവിമാന കരാറിൽ കോൺഗ്രസ് വൻ അഴിമതി ആരോപിക്കുന്ന സാഹചര്യത്തിലായിരുന്നു സിദ്ദുവിന്റെ പരാമർശം. 'ഇത്തരം ആലിംഗനം പഞ്ചാബിൽ പതിവാണ്. രണ്ട് പഞ്ചാബികൾ തമ്മിൽ കാണുമ്പോൾ സന്തോഷവും കൃതജ്ഞതയും പ്രകടിപ്പിക്കാനായി അവർ വികാരവായ്‌പോടെ കെട്ടിപ്പിടിക്കും' -സിദ്ദു വിശദീകരിച്ചു.
സിദ്ദുവിന്റെ റഫാൽ പരാമർശത്തിനെതിരെ പെട്ടെന്നു തന്നെ ബി.ജെ.പിയുടെ പ്രതികരണം വന്നു. കോൺഗ്രസ് അവരുടെ റഫാൽ പ്രചാരണം സിദ്ദുവിലൂടെ പാക്കിസ്ഥാനിലും നടത്തുകയാണെന്ന് ബി.ജെ.പി ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചു. റഫാൽ ഇടപാടിനെക്കുറിച്ച് രാഹുൽ നടത്തുന്ന കള്ളപ്രചാരണങ്ങളാണ് സിദ്ദു പാക്കിസ്ഥാനിൽ എത്തിച്ചത്. അയാൾക്ക് അവിടെ പുതിയ കൂട്ടാളികളെ കിട്ടിയെന്നും ട്വീറ്റിൽ തുടർന്നു.
ഇന്ത്യൻ സർക്കാരിനെതിരെ കുത്സിത പരാമർശം, പാക്കിസ്ഥാൻ പ്രധാനമന്ത്രിയെ ദിവ്യനാക്കിയിരിക്കുന്നു. ട്രോജൻ കുതിരകളെക്കുറിച്ച് കേട്ടിട്ടില്ലേ? എന്നായിരുന്നു മറ്റൊരു ട്വീറ്റ്.
സിദ്ദുവിനു പുറമെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിനെയും കർത്താർപുർ ചടങ്ങിലേക്ക് പാക്കിസ്ഥാൻ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം നിരസിച്ചു. പത്താൻകോട്ടിലും, കഴിഞ്ഞയാഴ്ച അമൃത്‌സറിലും നടന്ന ഭീകരാക്രമണങ്ങളുടെ പേരിലാണ് അദ്ദേഹം ക്ഷണം നിരസിച്ചത്. എന്നാൽ സിദ്ദുവിന് പോകാൻ അനുമതി നൽകുകയും ചെയ്തു. ഒപ്പം അദ്ദേഹത്തിന്റെ ചിന്താഗതികളെ വിമർശിക്കാനും അമരീന്ദർ മറന്നില്ല.
അതിർത്തിയിൽ ഓരോ ദിവസവും നമ്മുടെ സൈനികർ കൊല്ലപ്പെടുന്ന കാര്യം അയാൾ (സിദ്ദു) ഓർക്കണമെന്ന് അമരീന്ദർ പറഞ്ഞു. എന്റെ തന്നെ റെജിമെന്റിന് ഏതാനും മാസം മുമ്പ് ഒരു മേജറെയും രണ്ട് ജവാന്മാരെയും നഷ്ടമായെന്ന് മുൻ സൈനികൻ കൂടിയായ അമരീന്ദർ സിംഗ് പറഞ്ഞു.
അമരീന്ദർ സിംഗും സിദ്ദുവും ഇടയുന്നതിന്റെ സൂചനയായിരുന്നു ആ പ്രതികരണം.
എന്നാൽ മതം മനുഷ്യനെ യോജിപ്പിക്കുമ്പോൾ, അതിനെ രാഷ്ട്രീയത്തിന്റെ കണ്ണിൽ കാണാൻ ശ്രമിക്കരുതെന്നായിരുന്നു സിദ്ദു അതിന് നൽകിയ മറുപടി.
കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയാണ് താൻ പാക്കിസ്ഥാനിലെത്തിയതെന്നും സിദ്ദു പറഞ്ഞു. അവർ ഒരു തടസ്സവും പറഞ്ഞില്ലെന്ന് മാത്രമല്ല, പ്രോൽസാഹിപ്പിക്കുകയും ചെയ്തു. ഞാനിവിടെ വന്നത് സമാധാനത്തിന്റെ ദൂതനായിട്ടാണ്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വൈരം മായ്ച്ചു കളയാൻ പറ്റിയ അവസരമാണിതെന്നും സിദ്ദു ലാഹോറിൽ പറഞ്ഞു.