Sorry, you need to enable JavaScript to visit this website.

സാർക് ഉച്ചകോടി: മോഡിയെ ക്ഷണിക്കുമെന്ന് പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ് - പാക്കിസ്ഥാൻ ആതിഥ്യമരുളുന്ന സാർക് ഉച്ചകോടിയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഔപചാരികമായി ക്ഷണിക്കുമെന്ന് റിപ്പോർട്ട്. പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഉച്ചകോടി എന്നാണെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
2016ൽ പാക്കിസ്ഥാനിൽ നടക്കേണ്ടിയിരുന്ന സാർക് ഉച്ചകോടി, ഇന്ത്യ അടക്കമുള്ള അംഗരാജ്യങ്ങൾ പിന്മാറിയതിനെ തുടർന്ന് റദ്ദാക്കിയിരുന്നു. ജമ്മു കശ്മീരിലെ ഉറി സൈനിക ക്യാമ്പിനു നേരെ ഉണ്ടായ ഭീകരാക്രമണം അടക്കമുള്ള സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുള്ള അസൗകര്യം ഇന്ത്യ അറിയിച്ചത്. പിന്നാലെ ബംഗ്ലാദേശ്, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളും പിന്മാറിയതോടെ ഉച്ചകോടി റദ്ദാക്കുകയായിരുന്നു. മാലദ്വീപും, നേപ്പാളും, ശ്രീലങ്കയുമാണ് സാർക്കിലെ മറ്റ് അംഗരാജ്യങ്ങൾ.
സാർക് ഉച്ചകോടികൾ സാധാരണഗതിയിൽ രണ്ട് വർഷത്തിലൊരിക്കൽ അംഗരാജ്യങ്ങളുടെ അക്ഷരമാലാ ക്രമത്തിലാണ് സംഘടിപ്പിക്കാറ്. ഇതനുസരിച്ചാണ് 2016ലെ ഉച്ചകോടി പാക്കിസ്ഥാനിൽ നിശ്ചയിച്ചത്. ഈ ഉച്ചകോടി റദ്ദാക്കിയെങ്കിലും ക്രമപ്രകാരം 2018ലെ ഉച്ചകോടി നടക്കേണ്ടതും പാക്കിസ്ഥാനിൽ തന്നെയാണ്. ഏറ്റവുമൊടുവിൽ സാർക് ഉച്ചകോടി നടന്നത് 2014ൽ കാട്മണ്ഡുവിലാണ്. അതിൽ മോഡി പങ്കെടുത്തിരുന്നു.
ഇസ്‌ലാമാബാദിൽ ഇന്നലെ നടന്ന ഒരു യോഗത്തിലാണ് ഇന്ത്യയെ ഉച്ചകോടിയിലേക്ക് ക്ഷണിക്കുമെന്ന സൂചന പാക് വിദേശകാര്യ വക്താവ് നൽകിയത്. തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് നടന്ന പ്രസംഗത്തിൽ പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ താൽപര്യം പ്രകടിപ്പിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഒരു ചുവടു വെച്ചാൽ പാക്കിസ്ഥാൻ രണ്ട് ചുവട് വെയ്ക്കുമെന്നാണ് ഇംറാൻ അന്ന് പറഞ്ഞത്. ഇന്ത്യയുമായി യുദ്ധം ചെയ്തിട്ടുള്ളവരാണ് നമ്മൾ, അതുകൊണ്ടു തന്നെ ബന്ധം പുനഃസ്ഥാപിക്കുക അത്ര എളുപ്പമല്ലെന്ന് മുഹമ്മദ് ഫൈസൽ പറഞ്ഞു.
ഇന്ത്യ-പാക് ബന്ധത്തിൽ പുതിയ ചുവടുവെപ്പായി കരുതപ്പെടുന്ന കർതാർപുർ ഇടനാഴിയുടെ നിർമാണം ആറ് മാസത്തിനകം പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാനിലെ കർത്താർപുരിലുള്ള ഗുരുദ്വാര ദർബാർ സാഹിബ് സന്ദർശിക്കാൻ ഇന്ത്യയിൽ നിന്നുള്ള സിക്ക് തീർഥാടകർക്ക് വിസയില്ലാതെ പോകാൻ അവസരമൊരുക്കുന്നതാണ് ഇടനാഴി പദ്ധതി. കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവ്‌ജോത് സിംഗ് സിദ്ദു പാക്കിസ്ഥാന്റെ ക്ഷണം സ്വീകരിച്ച് ഇന്നലെ കർത്താർപുരിലെത്തി.
ഈ നൂറ്റാണ്ടിൽ നയതന്ത്രം തീർത്തും മാറിയിരിക്കുകയാണെന്നും, ജനങ്ങളുടെ വികാരവും അഭിലാഷങ്ങളും കണക്കിലെടുത്താണ് ഇന്ന് നയങ്ങൾ തീരുമാനിക്കപ്പെടുന്നതെന്നും ഫൈസൽ പറഞ്ഞു.
രവി നദിക്കപ്പുറം അതിർത്തിയിൽനിന്ന് അധികം ദൂരെയല്ലാതെയാണ് 1522ൽ സ്ഥാപിതമായ കർതാർപുർ സാഹിബ് ഗുരുദ്വാര. പഞ്ചാബിലെ ഗുർദാസ്പുർ ജില്ലയിലുള്ള ദേര ബാബ നാനാക് ഗുരുദ്വാരയിൽ നിന്ന് നാല് കിലോമീറ്റർ മാത്രമേ ഇവിടേക്കുള്ളൂ. 

 

Latest News