ജിദ്ദ ഇന്ത്യൻ സ്‌കൂൾ തെരഞ്ഞെടുപ്പ്;  11 പേർ പത്രിക നൽകി

ജിദ്ദ- ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 11 പേർ രംഗത്ത്. 21 പേർ പത്രിക വാങ്ങിയിരുന്നുവെങ്കിലും പത്രികാ സമർപ്പണ ദിനം കഴിഞ്ഞപ്പോൾ അത് 11 പേരായി ചുരുങ്ങി. സൂക്ഷ്മ പരിശോധന ഇന്നു നടക്കും. അതിനു ശേഷമായിരിക്കും എത്രപേർ രംഗത്തുണ്ടാവുമെന്ന് കൃത്യമായി അറിയാൻ കഴിയുക. ഏഴംഗ ഭരണ സമിതിയിലേക്ക് അഞ്ചു പേരെയാണ് വോട്ടിംഗിലൂടെ തെരഞ്ഞെടുക്കുന്നത്. രണ്ടു പേരെ സ്‌കൂൾ പേട്രണായ അംബാസഡർ നോമിനേറ്റ് ചെയ്യും. നോമിനേറ്റ് ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇതുവരേക്കും ആരും അപേക്ഷ നൽകിയിട്ടില്ല. നോമിനേറ്റഡ് അംഗമാകാൻ താൽപര്യമുള്ളവർക്ക് ഡിസംബർ നാലു വരെ അപേക്ഷ നൽകാം. ഡിസംബർ എട്ടിനാണ് തെരഞ്ഞെടുപ്പ്. 
നാമനിർദേശ പത്രിക സമർപ്പിച്ചവരിൽ മൂന്ന് മലയാളികളുണ്ടെന്നാണ് അറിയുന്നത്. മറ്റുള്ളവർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇക്കുറി ഒരു സംസ്ഥാനത്തുനിന്ന് ഒരാളെ മാത്രമേ തെരഞ്ഞെടുക്കാൻ പാടുള്ളൂവെന്നാണ് നിബന്ധന. അതിനാൽ ഒന്നിൽ കൂടുതൽ സ്ഥാനാർഥികളുള്ള സംസ്ഥാനക്കാർ സമവായ ചർച്ചകളിലൂടെ ഒരു സ്ഥാനാർഥിയെ മാത്രം മത്സരിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തും. മലയാളി സംഘടനകൾ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചു. എന്നാൽ ഇന്ന് നടക്കുന്ന സൂക്ഷ്മ പരിശോധനക്കു ശേഷമായിരിക്കും ഇക്കാര്യത്തിൽ ഗൗരവമായ ചർച്ചകൾ നടക്കുക. 
മത്സരിക്കാൻ ആഗ്രഹിക്കുന്ന സ്ഥാനാർഥികൾക്ക് പത്രിക നൽകാൻ പ്രത്യേക ഫോം ഉണ്ടെങ്കിലും നോമിനേറ്റ് ചെയ്യാൻ താൽപര്യമുള്ളവർക്ക് പ്രത്യേക ഫോം ഇല്ല. എന്നാൽ മത്സര സ്ഥാനാർഥികൾക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളെല്ലാം ഉണ്ടായിരിക്കണം. ഈ യോഗ്യതയുടെ അടിസ്ഥാനത്തിൽ നാമനിർദേശം ചെയ്യാൻ ആഗ്രഹിക്കുന്നവർ സ്വന്തമായുണ്ടാക്കിയ അപേക്ഷക്കൊപ്പം സ്ഥാനാർഥിക്കു വേണ്ട യോഗ്യതകൾ തെളിയിക്കുന്നതിനാവശ്യായ രേഖകളോടെയാണ് അപേക്ഷ നൽകേണ്ടത്. 
8000 റിയാലിൽ കൂടുതൽ പ്രതിമാസ ശമ്പളമുള്ള ബിരുദാനന്തര ബിരുദധാരികൾക്കാണ് സ്ഥാനാർഥികളാകുന്നതിനുള്ള യോഗ്യത. കൂടാതെ രക്ഷിതാവെന്ന നിലയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും പൂർത്തിയായിരിക്കണം, അംഗീകൃത സ്ഥാപനത്തിൽ ഉത്തരവാദപ്പെട്ട ജോലിയുള്ളയാളായിരിക്കണം, സ്‌കൂൾ ജീവനക്കാരുടെ ബന്ധുവോ, മുൻ ജീവനക്കാരനോ, എംബസി, കോൺസുലേറ്റ് ജീവനക്കാരനോ ആവാൻ പാടില്ല, സ്‌പോൺസറുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം, 12-ാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ രക്ഷിതാവായിരിക്കരുത് തുടങ്ങിയവയാണ് സ്ഥാനാർഥികളാകുന്നതിനുള്ള നിബന്ധകൾ. 
എംബസിയോ, കോൺസുലേറ്റോ നൽകിയ സ്വഭാവ സർട്ടിഫിക്കറ്റ്, സാമ്പത്തിക ഭദ്രതയും സ്വഭാവവും ഉറപ്പു വരുത്തുന്നതിന് രണ്ട് ഇന്ത്യൻ പൗരന്മാരുടെ ഗാരണ്ടി, ഭരണ സമിതി അംഗമായാൽ സ്‌കൂളിന്റെ പുരോഗതിക്കും വിദ്യാഭ്യാസ പുരോഗതിക്കും എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കുന്ന രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ, നൂറു വാക്കിൽ കുറയാതെയുള്ള കുറിപ്പ് തുടങ്ങിയവയും സ്ഥാനാർഥികളാവാൻ ആഗ്രഹിക്കുന്നവർ ഹാജരാക്കണം. ജോലി സ്‌കൂളിന്റെ പിരിധിയിൽ വരുന്ന പ്രദേശത്തായിരിക്കണമെന്ന നിബന്ധനയുമുണ്ട്. ഇതേ യോഗ്യതകൾ നോമിനേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഉണ്ടായിരിക്കണം. 
കടുത്ത നിബന്ധനകൾ സ്ഥാനാർഥികളാകുന്നതിൽനിന്ന് പലരേയും പിന്തിരിപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം സാധാരണക്കാരായ രക്ഷിതാക്കൾക്ക് മത്സരത്തിൽ പങ്കെടുക്കാനാവില്ല. അഞ്ചു വർഷത്തിൽ കുറയാത്ത ബിരുദ പഠനം വേണമെന്ന നിബന്ധന പ്രൊഫഷണൽ കോഴ്‌സ് കഴിഞ്ഞ എൻജിനിയേഴ്‌സിനെയും മത്സരിക്കുന്നതിൽ അയോഗ്യരാക്കുകയാണ്. ഇക്കാര്യത്തിൽ പുനഃപരിശോധന ആവശ്യപ്പെട്ട് കേരള എൻജിനിയേഴ്‌സ് ഫോറം ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച വോട്ടേഴ്‌സ് ലിസ്റ്റ് സ്‌കൂൾ വെബ്‌സൈറ്റിലും (www.iisjed.org) ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സ്‌കൂൾ നോട്ടീസ് ബോർഡിലും ലഭ്യമാണ്. കുട്ടികളുടെ ഫീസ് റസീപ്റ്റിലെ എഫ്.നമ്പർ (ഫാദേഴ്‌സ് നമ്പർ) ക്രമത്തിലാണ് വോട്ടേഴ്‌സ് ലിസ്റ്റിലെ പേരുകൾ ക്രമീകരിച്ചിട്ടുള്ളത്. 
 

Latest News