Sorry, you need to enable JavaScript to visit this website.

വിദ്യാര്‍ഥികള്‍ക്ക് അശ്ലീല വീഡിയോ  കാണിച്ച ആള്‍ തൂങ്ങി മരിച്ച നിലയില്‍ 

വിദ്യാര്‍ഥികളെ അശ്ലീല വീഡിയോ കാണിച്ചെന്ന കേസില്‍ ഒന്നര മാസത്തിലേറെയായി ഒളിവിലായിരുന്ന മുന്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റിനെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറെ കടുങ്ങല്ലൂര്‍ മന്ത്യേത്ത് വീട്ടില്‍ അജിത്ത് കുമാറി(55)നെയാണ് അത്താണി സാഗര്‍ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോക്‌സോ കോടതിയും സെഷന്‍സ് കോടതിയും മുന്‍കൂര്‍ജാമ്യ ഹരജി തള്ളിയതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ഒന്‍പതിന് ബിനാനിപുരം പോലീസ് സ്റ്റേഷനില്‍ ഹാജരാകാമെന്ന് ചില പൊതുപ്രവര്‍ത്തകര്‍ മുഖേന ഉറപ്പ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ രണ്ടാം വാരത്തിലാണ് കേസിനാസ്പദമായ സംഭവം. 23ന് സ്‌കൂളിലെ ചില വിദ്യാര്‍ഥികള്‍ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് കൗണ്‍സിലിംഗിനായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തിയിരുന്നു. കൗണ്‍സിലിംഗിനിടെ ചില കുട്ടികളാണ് അശ്ലീല ചിത്രം കാണിച്ചെന്ന വിവരം പുറത്തുവിട്ടത്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ബിനാനിപുരം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഗവ. അഭിഭാഷകനില്‍ നിന്നും നിയമോപദേശം തേടിയ ശേഷം പോലീസ് കേസെടുത്തു. ഇതോടെ അജിത്ത് ഒളിവില്‍ പോയി. പോക്‌സോ, സെഷന്‍സ് കോടതികള്‍ ജാമ്യഹരജി തള്ളിയതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന് മൊഴി നല്‍കിയ മൂന്ന് പേരില്‍ രണ്ട് പേര്‍ അജിത്ത് കുറ്റം ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയെങ്കിലും ജാമ്യം ലഭിച്ചില്ല. മൊഴി നല്‍കിയ കുട്ടികളും രക്ഷിതാക്കളും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമായി നേരില്‍ ബന്ധപ്പെട്ട് പരാതിയില്‍ നിന്നും പിന്‍മാറിയെങ്കിലും പോലീസില്‍ നല്‍കിയ പരാതി ചൈല്‍ഡ് ലൈന്‍ പിന്‍വലിച്ചില്ല.
ഇന്നലെ രാവിലെ 8.30ന് തോട്ടക്കാട്ടുകരയിലെത്താമെന്നും അവിടെ നിന്നും മകനൊപ്പം പോലീസ് സ്റ്റേഷനില്‍ ഹാജരാകാനുമായിരുന്നു തീരുമാനം. നിശ്ചിത സമയത്ത് മകന്‍ എത്തിയെങ്കിലും അജിത്ത് എത്തിയില്ല. ഫോണ്‍ സ്വിച്ച് ഓഫുമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് പി.ബി.സുനീര്‍ ഹോട്ടലിലെത്തി തിരക്കിയപ്പോഴാണ് മുറിയില്‍ തൂങ്ങിമരിച്ച വിവരമറിയുന്നത്. ഓഫ് ആയിരുന്ന അജിത്തിന്റെ ഫോണ്‍ പരാതിക്കാരായ കുട്ടികള്‍ ഓണ്‍ ആക്കിയപ്പോള്‍ അശ്ളീല വീഡിയോ തെളിഞ്ഞുവന്നു. ബോധപൂര്‍വം അശ്ലീല ചിത്രം കാണുന്നതിന് അവസരമൊരുക്കിയെന്നായിരുന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ആക്ഷേപം.

Latest News