Sorry, you need to enable JavaScript to visit this website.

വിവാഹ വാര്‍ഷികത്തില്‍ ഭര്‍ത്താവ്  വിട വാങ്ങിയത് കാസര്‍കോടിന്റെ നൊമ്പരമായി 

തൃശൂര്‍ തോയക്കാവ് വെങ്കിടങ്കിലെ അബ്ദുല്‍ ഖാദര്‍-ബാനു ദമ്പതികളുടെ മകനും മുംബൈയില്‍ വെബ് ഡിസൈനറുമായ ഇ.കെ മുഹമ്മദലി (24) യുടെ ദാരുണ മരണത്തില്‍ കാസര്‍കോട്  തേങ്ങുന്നു. 
തിങ്കളാഴ്ച രാത്രി 11.15 മണിയോടെ കളനാട് റെയില്‍വേ തുരങ്കത്തിലാണ് മുഹമ്മദലി നേത്രാവതി എക്സ്പ്രസില്‍ നിന്നും വീണ് മരിച്ചത്. മുംബൈ സ്വദേശിനിയും ബന്ധുവുമായ താഹിറയെ മുഹമ്മദലി വിവാഹം കഴിച്ചതിന്റെ ഒന്നാം വാര്‍ഷികമായിരുന്നു തിങ്കളാഴ്ച. വിവാഹ ശേഷം മുംബൈയിലെ ഒരു കമ്പനിയില്‍ വെബ് ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു. ഒരാഴ്ച മുമ്പാണ് ഭാര്യക്കൊപ്പം അവധിക്ക് തൃശൂരിലെ വീട്ടിലെത്തിയത്. തിങ്കളാഴ്ച മടങ്ങിപ്പോകാന്‍ തീരുമാനിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം വിവാഹ വാര്‍ഷികാഘോഷ പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു. വിവാഹ വാര്‍ഷികാഘോഷം കഴിഞ്ഞ് സുഹൃത്തുക്കള്‍ തന്നെയാണ് ഇരുവരെയും തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ച് തീവണ്ടി കയറ്റി വിട്ടത്. 
ആറു മണിക്കൂര്‍ കഴിഞ്ഞയുടനെ മരണവുമെത്തി. ട്രെയിനിലെ പാന്‍ട്രിയിലേക്ക് വെള്ളം വാങ്ങാനായി പോകുമ്പോള്‍ അബദ്ധത്തില്‍ ഡോര്‍ വന്നിടിച്ച് മുഹമ്മദലി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഭര്‍ത്താവിന്റെ മരണ വിവരമറിയാതെ താഹിറ ട്രെയിനില്‍ തന്നെ യാത്ര തുടരുകയും മംഗളൂരുവില്‍ എത്തിയപ്പോള്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന വിവരം അറിയുകയുമായിരുന്നു. മംഗളൂരുവില്‍ ഇറങ്ങി റെയില്‍വേ പോലീസിനെ അറിയിച്ച് അന്വേഷിക്കുന്നതിനിടെയാണ് ഒരു യുവാവ് ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ട്രെയിനില്‍ നിന്നും വീണ് മരിച്ചതായി വിവരം ലഭിച്ചത്. 
ഇതോടെ താഹിറ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തി മൃതദേഹം തന്റെ ഭര്‍ത്താവിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. പ്രിയതമന്റെ ചേതനയറ്റ മുഖം കാണാനാകാതെ ദുഃഖം അണപൊട്ടി കരഞ്ഞപ്പോള്‍ ആര്‍ക്കും അവരെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ല. 19 കാരിയായ താഹിറക്ക് സംഭവിച്ചത് അപ്രതീക്ഷിത ദുരന്തമായിരുന്നു. 


 

Latest News