കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് സംബന്ധിച്ച അന്തിമ റിപ്പോർട്ട് എയർപോർട്ട് അതോറിറ്റി പൂർത്തിയാക്കി. കഴിഞ്ഞ ജൂലൈയിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) സെക്യൂരിറ്റി ആവശ്യപ്പെട്ട ക്രമീകരണങ്ങൾ പൂർത്തിയാക്കിയാണ് എയർപോർട്ട് അതോറിറ്റി റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഡിസംബർ അഞ്ചു മുതൽ വലിയ വിമാനങ്ങളുടെ ആദ്യ സർവീസ് ആരംഭിക്കുന്ന സൗദി എയർ അധികൃതരുമായുള്ള ചർച്ചയിലാണ് എയർപോർട്ട് ഡയറക്ടർ കെ. ശ്രീനിവാസ റാവു ഇക്കാര്യം അറിയിച്ചത്.
2015 ൽ റൺവേ നവീകരണത്തിന്റെ പേരിൽ നിർത്തലാക്കിയ സർവ്വീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായാണ് എയർപോർട്ട് അധികൃതർ മുന്നൊരുക്കങ്ങൾ നടത്തിയത്. സൗദി എയർലൈൻസിന്റെ ജിദ്ദ റിയാദ് സർവീസുകളാണ് 5 മുതൽ ആരംഭിക്കുന്നത്. ഇതിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കരിപ്പൂരിലെത്തിയ സൗദി എയർ മുംബൈ മേഖലാ ഓപറേഷൻസ് മേധാവി പരേഷ് ശിരോസ്‌കറുമായി എയർപോർട്ട് അധികൃതർ ചർച്ച നടത്തി. റൺവേ സുരക്ഷാ സമിതിയിൽ സൗദി എയർ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തിയതായി എയർപോർട്ട് ഡയറക്ടർ കെ. ശ്രീനിവാസ റാവു പറഞ്ഞു. വിമാന കമ്പനിക്ക് ആവശ്യമായ സൗകര്യങ്ങളും എയർപോർട്ട് അതോറിറ്റി നൽകിയിട്ടുണ്ട്.
ആഴ്ചയിൽ ഏഴ് സർവീസുകളാണ് നിലവിൽ സൗദി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിൽ മൂന്ന് സർവ്വീസുകൾ റിയാദിലേക്കും നാലു സർവീസുകൾ ജിദ്ദയിലേക്കുമാണ്.