Sorry, you need to enable JavaScript to visit this website.

സുനില്‍ അറോറ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാകും

ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരില്‍ വിവിധ മന്ത്രാലയങ്ങളില്‍ ഉന്നത പദവികള്‍ വഹിച്ച മുന്‍ രാജസ്ഥാന്‍ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സുനില്‍ അറോറ പുതിയ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ആകും. ഡിസംബര്‍ രണ്ടിന് ചുമതലയേല്‍ക്കുമെന്ന് നിയമ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. അറോറയുടെ നിയമനം കേന്ദ്ര സര്‍ക്കാരും രാഷ്ട്രപതിയും അംഗീകരിച്ചു കഴിഞ്ഞു. ഇതു സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടന്‍ ഉണ്ടാകും. 2017 ഓഗസ്റ്റ് 31നാണ് അറോറയെ തെരഞ്ഞെടുപ്പു കമ്മീഷണറായി നിയമിച്ചത്. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായിരുന്ന ഓം പ്രകാശ് റാവത്ത് ശനിയാഴ്ചയാണ് വിരമിച്ചത്. കമ്മീഷനിലെ ഏറ്റവും മുതിര്‍ന്ന അംഗം മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറാകുന്നതാണ് പരമ്പരാഗതമായി തുടരുന്ന രീതി. 65 വയസ്സുവരെ ഈ പദവിയില്‍ തുടരാന്‍. ആറു വര്‍ഷത്തേക്കാണ് നിയമനം. 62കാരനായ അറോറയ്ക്ക് അടുത്ത മൂന്ന് വര്‍ഷമെ പദവിയിലിരിക്കാന്‍ കഴിയൂ. 

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു പുറമെ ഒട്ടേറെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളും ഇനി അറോറയുടെ മേല്‍നോട്ടത്തിലാകും നടക്കുക. ജമ്മു കശ്മീര്‍, ഒഡീഷ, മഹാരാഷ്ട്ര, ഹരിയാന, ആന്ധ്ര പ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കീം എന്നീ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

1980 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന അറോറ 1999 മുതല്‍ 2002 വരെ വ്യോമയാന മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ മേധാവിയുമായിരുന്നു. ധന മന്ത്രാലയം, ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം, ആസൂത്രണ ബോര്‍ഡ് എന്നിവിടങ്ങളിലും ഉന്നത പദവികള്‍ വഹിച്ചു. രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ മജിസ്‌ട്രേറ്റായും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും വിവിധ വകുപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

Latest News