ജയ്പൂര്‍- രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് ക്ഷേത്രപുരോഹിതന്റെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജാതിയും ഗോത്രവുമാണ് പുഷ്‌ക്കറിലെ ഒരു ക്ഷേത്ര പൂജാരി വെളിപ്പെടുത്തിയിരിക്കുന്നത്. കശ്മീരി ബ്രാഹ്മണ വിഭാഗമായ ദത്തത്രേയ ഗോത്രക്കാരനാണ് എന്നാണ് വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം അജ്മീര്‍ ദര്‍ഗ സന്ദര്‍ശനത്തിനു ശേഷമാണ് രാഹുല്‍ പുഷ്‌ക്കറിലെത്തിയത്. പ്രശസതമായ പുഷ്‌ക്കര്‍ തടാകത്തിന്റെ ഓരത്തുള്ള ക്ഷേത്രത്തിലും രാഹുല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടുത്തെ പൂജാരിയാണ് രാഹുല്‍ കശ്മീരി ബ്രാഹ്മണനാണെന്നും ഇതിന് തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും വെളിപ്പെടുത്തിയത്.
മോതിലാല്‍ നെഹ്‌റു, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, സജ്ഞയ് ഗാന്ധി, മേനക ഗാന്ധി, സോണിയാ ഗാന്ധി തുടങ്ങി രാഹുലിന്റെ പൂര്‍വികരും കുടുംബാംഗങ്ങളുമെല്ലാം ഇവിടെ എത്തി പൂജ നടത്തിയിട്ടുണ്ടെന്നും ഇതിന്റെ രേഖകള്‍ ഉണ്ടെന്നും പുജാരിയായ ദിനനാഥ്
കൗള്‍ പറഞ്ഞു. രാഹുലും ഇവിടെ എത്തി പൂജ നടത്തി. ദത്രത്തേയ ഗോത്രമെന്നാണ് അദ്ദേഹം പറഞ്ഞത്. ദത്തത്രേയ കൗള്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ് കൗള്‍ വിഭാഗം കശമീരി ബ്രാഹ്മണരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന മറ്റൊരു സംസ്ഥാനമായ മധ്യപ്രദേശില്‍ കഴിഞ്ഞ മാസം ബി.ജെ.പി നേതാവ് സാംബിത് പത്ര രാഹുല്‍ ഗോത്രം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത് വോട്ടു തട്ടാനാണെന്നാണ് ബി.ജെ.പിയുടെ വിമര്‍ശനം. ഇത് കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ കളിയാണെന്നും അവര്‍ ആരോപിക്കുന്നു.