ന്യൂദല്‍ഹി- സന്ദര്‍ശകനില്‍ നിന്നും മുളകുപൊടിയേറു കിട്ടി ഒരാഴ്ച പിന്നിടുന്നതിന് മുമ്പ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കാണാനെത്തിയ മറ്റൊരു സന്ദര്‍ശകന്‍ വെടിയുണ്ടയുമായി പിടിയിലായി. മുഖ്യമന്ത്രിയെ കാണാനെത്തിയ പുരോഹിതരുടെ സംഘത്തിലുണ്ടായിരുന്ന 39കാരന്റെ പോക്കറ്റില്‍ നിന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുണ്ട പിടികൂടിയത്. മുഹമ്മദ് ഇംറാന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ വീട്ടില്‍ നടക്കുന്ന ജനതാ ദര്‍ബാര്‍ എന്ന പൊതുജനങ്ങളുടെ പരാതി കേള്‍ക്കുന്ന പരിപാടിക്കിടെയാണ് സംഭവം. ദല്‍ഹി വഖഫ് ബോര്‍ഡ് നല്‍കുന്ന ശമ്പളം വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് കേജ്‌രിവാളിനെ കാണാനെത്തിയ സംഘത്തിലെ അംഗമായിരുന്നു ഇംറാന്‍.
മുഖ്യമന്ത്രിയുടെ അടുത്തേക്ക് കടത്തി വിടുന്നതിനു മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ ശരീര പരിശോധനയിലാണ് ഇംറാന്റെ പഴ്‌സില്‍ നിന്നും വെടിയുണ്ട ലഭിച്ചത്. ദല്‍ഹിയിലെ ഒരു പള്ളിയില്‍ ജോലിക്കാരനായ ഇദ്ദേഹത്തിനെതിരെ ആയുധ നിയമപ്രകാരം കേസെടുത്തു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് പള്ളിയിലെ ഭണ്ഡാരത്തില്‍ നിന്നാണ് വെടിയുണ്ട ലഭിച്ചതെന്ന് ഇംറാന്‍ പോലീസിനോട് പറഞ്ഞു. ഇതു നദിയിലെറിയാന്‍ തീരുമാനിച്ചിരുന്നെങ്കിലും പഴ്‌സില്‍ വച്ച് മറന്നുപോയതാണെന്നും ഇദ്ദേഹം പറഞ്ഞു.