ദമാം- കിഴക്കൻ പ്രവിശ്യയിൽ കഴിഞ്ഞ ദിവസമുണ്ടായത് മുപ്പതു വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണെന്ന് അശ്ശർഖിയ നഗരസഭ വ്യക്തമാക്കി. 125 മില്ലീമീറ്റർ മഴയാണ് പ്രവിശ്യയിലുണ്ടായത്. കനത്ത മഴയിൽ പ്രവിശ്യയിലെ പല ഡിസ്ട്രിക്ടുകളും വെള്ളത്തിലായി. അഞ്ചു മണിക്കൂറിനിടെ ഡ്രൈനേജ് ശൃംഖലകൾ വഴി 24 ലക്ഷത്തിലേറെ ക്യുബിക് മീറ്റർ വെള്ളം ഗൾഫ് കടലിലേക്ക് ഒഴുക്കിക്കളഞ്ഞു. മഴവെള്ളം അടിച്ചൊഴിവാക്കുന്നതിന് 380 ഉപകരണങ്ങൾ ഉപയോഗിച്ചു. പ്രളയക്കെടുതി കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതിയിൽ 3500 ലേറെ ജീവനക്കാരും തൊഴിലാളികളും പങ്കാളിത്തം വഹിച്ചതായും അശ്ശർഖിയ നഗരസഭ പറഞ്ഞു.