ന്യൂദൽഹി- കോടതി ഉത്തരവിന് വിരുദ്ധമായി സി.ബി.ഐ ആക്ടിംഗ് മേധാവി നാഗേശ്വര റാവു ഇടപെട്ട് സുപ്രധാന അഴിമതി കേസിന്റെ അന്വേഷണം നിർത്തിവെപ്പിച്ചതായി റിപ്പോർട്ട്.
കേസുകൾ ഒതുക്കാൻ രാജ്യത്തെ വിവിധ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയ വിവാദ ചാർട്ടേഡ് അക്കൗണ്ടന്റ് സഞ്ജയ് ഭണ്ഡാരിക്കെതിരെ സി.ബി.ഐ നടത്തിവന്ന അന്വേഷണമാണ് നാഗേശ്വര റാവു ഇടപെട്ട് അവസാനിപ്പിച്ചതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
സി.ബി.ഐ മുൻ ഡയറക്ടർ അലോക് വർമയും, മുൻ ഡപ്യൂട്ടി ഡയറക്ടർ രാകേഷ് അസ്താനയും തമ്മിലുള്ള തർക്കത്തെത്തുടർന്ന് ഇരുവരോടും അവധിയിൽ പോകാൻ ഇക്കഴിഞ്ഞ ഒക്‌ടോബർ 23ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു.
പകരം നാഗേശ്വര റാവുവിനെ ആക്ടിംഗ് ഡയറക്ടറായി നിയമിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് അലോക് വർമ സുപ്രീം കോടതിയെ സമീപിക്കുകയും, കോടതി നാഗേശ്വര റാവുവിനോട് നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കരുതെന്നും, ഭരണപരമായ കാര്യങ്ങൾ മാത്രമേ ചെയ്യാവൂ എന്നും ഉത്തരവ് നൽകുകയും ചെയ്തിരുന്നു. ഇതിന് വിരുദ്ധമാണ് സഞ്ജയ് ഭണ്ഡാരി കേസന്വേഷണം റാവു ഇടപെട്ട് അവസാനിപ്പിച്ചുവെന്ന വിവരം.
കേസിന്റെ ഫയലിൽ എഴുതിയ കുറിപ്പ് പ്രകാരം ഈ മാസം ആദ്യം തന്നെ അന്വേഷണം അവസാനിപ്പിച്ചുവെന്നാണ് അറിയുന്നതെന്ന് സി.ബി.ഐയിലെ തന്നെ ഉദ്യോഗസ്ഥർ പറയുന്നു.
തന്റെ കക്ഷികൾക്കു വേണ്ടി ആദായ നികുതി ഉന്നതരെ സ്വാധീനിച്ചുവന്ന സഞ്ജയ് ഭണ്ഡാരി, ഉദ്യോഗസ്ഥർക്ക് കൈക്കൂലിയും മറ്റ് ആനുകൂല്യങ്ങളും നൽകിയിരുന്നുവെന്ന് സി.ബി.ഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
2015 ജനുവരിയിൽ നടന്ന ഒരു റെയ്‌ഡോടെ ആരംഭിച്ച കേസിൽ ഇൻകം ടാക്‌സ് പ്രിൻസിപ്പൽ കമ്മീഷണർ എസ്.കെ. മിത്തൽ അടക്കം ദൽഹി, മുംബൈ, ചെന്നൈ, ഗാസിയാബാദ് തുടങ്ങിയ നഗരങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ പെട്ടിരുന്നു.
ഈ കേസിന്റെ അന്വേഷണമാണ് ഇപ്പോൾ നിർത്തിവെച്ചിരിക്കുന്നത്.