Sorry, you need to enable JavaScript to visit this website.

നഗ്‌ന സെല്‍ഫി: സത്യം തെളിഞ്ഞതിന്റെ  ആശ്വാസത്തില്‍ ശോഭയെന്ന വീട്ടമ്മ 

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു നഗ്‌ന സെല്‍ഫിയിലൂടെ ശോഭ എന്ന വീട്ടമ്മയ്ക്ക് നഷ്ടമായത് തന്റെ ജീവിതമായിരുന്നു. എന്നാല്‍ ആത്മാഭിമാനം സംരക്ഷിക്കാനുള്ള വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ആ മുപ്പത്തിരണ്ടുകാരി തെളിയിച്ചു ആ നഗ്‌നദൃശ്യങ്ങള്‍ തന്റേതല്ലെന്ന്. തൊടുപുഴ കരിങ്കുന്നം സ്വദേശിനി ശോഭയാണ് ഈ 'ജീവിത' കഥയിലെ നായിക. രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശോഭയുടേതെന്ന പേരില്‍ ഒരു നഗ്‌നചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. പിന്നാലെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയി. മൂന്നു മക്കളും അകന്നു. വീട് വിട്ടിറങ്ങേണ്ടി വന്നു. പിന്നെ രണ്ടര വര്‍ഷം നീണ്ട പോരാട്ടം. ഒടുവില്‍ പ്രചരിച്ച നഗ്‌നദൃശ്യങ്ങള്‍ ശോഭയുടേത് അല്ലെന്നു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാക് സ്ഥിരീകരിച്ചു. സൈബര്‍ ഫൊറന്‍സിക് കേസുകളില്‍ ഏത് അന്വേഷണ ഏജന്‍സിക്കും അന്തിമ വാക്കാണു സിഡാക്കിന്റേത്.
തൊടുപുഴയില്‍ നിന്ന് 21ാം വയസില്‍ വിവാഹിതയായി കൊച്ചിയിലെത്തിയതാണ് ശോഭ. അല്‍പ്പം അസ്വാരസ്യങ്ങളോടെ ദാമ്പത്യം മുന്നോട്ടു പോകവെയാണ് എല്ലാം കീഴ്‌മേല്‍ മറിച്ച് ഭര്‍ത്താവിന്റെ സ്ഥാപനത്തിലെ ജോലിക്കാര്‍ക്കിടയില്‍ ശോഭയുടേതെന്ന സൂചനയോടെ നഗ്‌ന സെല്‍ഫി വീഡിയോ പ്രചരിച്ചത്. ഒരു ജീവനക്കാരനെ പൊലീസ് പിടികൂടി. ഇയാള്‍ക്ക് ഇത് അയച്ചുകൊടുത്തയാളെക്കുറിച്ചും സൂചന കിട്ടി. പക്ഷേ അന്വേഷണം എങ്ങുമെത്തിയില്ല.
സംഭവം നടന്ന് പത്തു ദിവസത്തിനുള്ളില്‍ വീഡിയോ ചൂണ്ടിക്കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ വക്കീല്‍ നോട്ടീസെത്തി. വിദ്യാര്‍ത്ഥികളായ മൂന്നു മക്കളും ഭര്‍ത്താവിനൊപ്പമായിരുന്നു. നീതിക്കായി പോരാടാനുറച്ചതോടെ ഭര്‍ത്താവിനൊപ്പം തുടങ്ങിയ ബിസിനസുകളിലൊന്ന് നേരിട്ട് ഏറ്റെടുത്തു. എറണാകുളത്ത് തന്നെ വാടകവീട്ടില്‍ താമസം തുടങ്ങിയാണ് പോരാട്ടം നടത്തിയത്. 


 


 

Latest News