Sorry, you need to enable JavaScript to visit this website.

പി.കെ. ശശിക്കെതിരായ നടപടിയിൽ തൃപ്തിയെന്ന് പരാതിക്കാരി

പാലക്കാട് - പി.കെ.ശശി എം.എൽ.എക്ക് എതിരേ സി.പി.എം കൈക്കൊണ്ട നടപടിയിൽ തൃപ്തിയുണ്ടെന്ന് അദ്ദേഹത്തിനെതിരേ പരാതി നൽകിയ യുവതി അറിയിച്ചു. പാർട്ടിതല അച്ചടക്കനടപടിയുടെ സാഹചര്യത്തിൽ പോലീസിൽ പരാതി കൊടുക്കുന്നതുൾപ്പെടെയുള്ള തുടർനടപടികളിലേക്ക് നീങ്ങുന്നില്ലെന്ന് അവർ വ്യക്തമാക്കി. എം.എൽ.എയെ ആറു മാസം സസ്‌പെന്റ് ചെയ്യാൻ സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ച പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴാണ് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം കൂടിയായ യുവതി നിലപാട് വ്യക്തമാക്കിയത്. പാർട്ടിതല നടപടികൾ തൃപ്തികരമായില്ലെങ്കിൽ പോലീസിനെ സമീപിക്കുന്നതുൾപ്പെടെയുള്ള തുടർനടപടികളിലേക്ക് നീങ്ങാൻ നിർബ്ബന്ധിതയാകുമെന്ന് അവർ നേരത്തേ സൂചിപ്പിച്ചിരുന്നു. 
പാർട്ടി തീരുമാനം പൂർണ്ണമായും അംഗീകരിക്കുന്നതായി പി.കെ.ശശി എം.എൽ.എയും വ്യക്തമാക്കി. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് സംഘടന എന്തു തീരുമാനം എടുത്താലും അനുസരിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാർട്ടി തനിക്ക് ജീവനേക്കാൾ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ ജില്ലാ കമ്മിറ്റിയുടെ കണക്കുകൂട്ടലിനപ്പുറത്തേക്ക് ശിക്ഷ കടന്നത് ജില്ലയിലെ പ്രബലനേതാവായ ശശിയെ അനുകൂലിക്കുന്നവരെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഏരിയാ കമ്മിറ്റിയിലേക്കുള്ള തരംതാഴ്ത്തലിൽ നടപടി ഒതുങ്ങുമെന്നാണ് അവരെല്ലാം പ്രതീക്ഷിച്ചിരുന്നത്. സംസ്ഥാന കമ്മിറ്റി യോഗത്തിൽ ശിക്ഷ കടുപ്പിക്കുന്നതിനെതിരേ പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ ശക്തമായി വാദിച്ചു. നടപടി ചെറുതായിപ്പോയാൽ പോലീസിന് പരാതി നൽകുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങാൻ നിർബ്ബന്ധിതയാവുമെന്ന് നിയമകാര്യങ്ങളിൽ അവഗാഹമുള്ള വനിതാ നേതാവ് പി.കെ.ശ്രീമതി ഉൾപ്പെടെയുള്ള നേതാക്കളെ നേരത്തേ ബോധ്യപ്പെടുത്തിയിരുന്നു. 
എം.ബി.രാജേഷ് എം.പി ഉൾപ്പെടെ ജില്ലയിലെ പല നേതാക്കളും ഈ നിലപാടിനോട് ഒപ്പമാണ് നിന്നത്. ഒടുവിൽ എം.എൽ.എക്കെതിരേ കർശനനടപടി വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വി.എസ്. അച്യുതാനന്ദൻ കേന്ദ്രനേതൃത്വത്തിന് കത്ത് നൽകുക കൂടി ചെയ്തതോടെ സംസ്ഥാന നേതൃത്വം ചേരിപ്പോരിന്റെ കാലത്ത് പാലക്കാട്ട് തങ്ങളുടെ ചാവേറായി പൊരുതിയ എം.എൽ.എയെ കൈവിട്ടു. 
ജില്ലയിൽ സി.പി.എമ്മിനെ കാത്തിരിക്കുന്നത് നല്ല ദിവസങ്ങൾ ആയിരിക്കുകയില്ലെന്നത് ഉറപ്പാണ്. തനിക്കെതിരായ പരാതി പാർട്ടിയിലെ വിഭാഗീയതയുടെ ഭാഗമാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ശശി. ഷൊർണൂർ പോലെ പാർട്ടിയുടെ ശക്തികേന്ദ്രമായ ഒരു മണ്ഡലത്തിൽ ലൈംഗിക പീഡനക്കേസിൽ പാർട്ടിതല അച്ചടക്കനടപടിക്ക് വിധേയനായ ഒരു നേതാവിനെ എം.എൽ.എ സ്ഥാനത്ത് തുടരാനനുവദിച്ച് എങ്ങനെ മുന്നോട്ടു പോകുമെന്ന ആശങ്ക മുതിർന്ന നേതാക്കൾക്ക് വരെയുണ്ട്. പൊതുവേദികളിൽ എം.എൽ.എ എങ്ങനെ പ്രത്യക്ഷപ്പെടുമെന്നതാണ് പ്രധാന ചോദ്യം. ഞായറാഴ്ച വൈകീട്ട് പി.കെ.ശശി നയിച്ച ഷൊർണൂർ മണ്ഡലം ജനമുന്നേറ്റ ജാഥയുടെ സമാപനച്ചടങ്ങിൽ എം.എൽ.എയുമായി വേദി പങ്കിടാതെ എം.ബി. രാജേഷ് എം.പി സ്ഥലംവിട്ടത് വിവാദമായിരുന്നു. കുളപ്പുള്ളിയിലെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ എം.പി, എം.എൽ.എ സ്റ്റേജിലേക്ക് കയറുന്നതിനു മുമ്പ് ഇറങ്ങിപ്പോയത് ശ്രദ്ധേയമായി. ശശിയുമായി വേദി പങ്കിട്ടതിന്റെ പേരിൽ മന്ത്രി എ.കെ. ബാലൻ പാർട്ടിക്കകത്ത് നിശിതവിമർശനത്തിന് വിധേയമായതിനാൽ എം.ബി.രാജേഷും പി.കെ.ശശിയുമായുള്ള കൂടിക്കാഴ്ച വാർത്താ മാധ്യമങ്ങൾ കൗതുകത്തോടെയാണ് ഉറ്റു നോക്കിയിരുന്നത്. 
സസ്‌പെൻഷനിലായെങ്കിലും പി.കെ.ശശി എന്ന നേതാവിന് ജില്ലയിലുള്ള സ്വാധീനം കുറച്ചു കാണാൻ അദ്ദേഹത്തിന്റെ മറുചേരിയിൽ നിൽക്കുന്നവർക്ക് ആവില്ല. എം.എൽ.എക്കെതിരേ പരാതി നൽകിയ യുവതിയെ പിന്തുണച്ച നേതാക്കൾ ഒന്നടങ്കം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയിൽനിന്ന് വെട്ടിനിരത്തപ്പെട്ടത് ശ്രദ്ധേയമായിരുന്നു. 
തനിക്കെതിരേ പാർട്ടിയിലെ ഒരു വിഭാഗം ഗൂഢാലോചന നടത്തി എന്ന ആരോപണത്തിലൂടെ എം. എൽ.എ പ്രതിക്കൂട്ടിൽ നിർത്തുന്നത് പഴയ വി.എസ് പക്ഷ നേതാക്കളെയല്ല. എം.ബി.രാജേഷ് എം.പി, മുൻ എം.എൽ.എയും സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയുമായ എം. ഹംസ, പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ. സുധാകരൻ എന്നിവരെല്ലാം ശശിയുടെ ഹിറ്റ്‌ലിസ്റ്റിൽ ഉൾപ്പെടുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പാലക്കാട്ട് എം.ബി.രാജേഷ് ഒരിക്കൽ കൂടി മൽസരിക്കാനുള്ള സാധ്യത ഏറെയാണ്. രാജേഷ് സ്ഥാനാർത്ഥിയായെത്തുമ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. 

Latest News