ആലുവ - മൂല്യങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് രാജ്യത്തിന്റെ പാരമ്പര്യമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. സദാചാരത്തിൽ നാം പാശ്ചാത്യരെ അനുഗമിക്കുന്ന സ്ഥിതിയാണ്. എന്നാൽ അവർ തെറ്റ് തിരുത്തി മടങ്ങുകയാണ്. സദാചാരം എന്നത് സ്ത്രീയെ ഒതുക്കാനല്ല, ശക്തിപ്പെടുത്താനുള്ളതാണെന്നും അത് സ്ത്രീക്കും പുരുഷനും ഒന്നുപോലെ ബാധകമാണെന്നും അമീർ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംഘടിപ്പിക്കുന്ന സദാചാരം സ്വാതന്ത്ര്യമാണ് കാമ്പയിൻ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തോടും ജനങ്ങളോടുമുള്ള നിറഞ്ഞ ഗുണകാംക്ഷയാണ് സദാചാരം സ്വാതന്ത്ര്യമാണ് കാമ്പയിൻ. വലിയ ഒരു തിന്മയെ തിരുത്തലും ശരിയായ ദിശയിലേക്ക് വഴികാണിക്കലുമാണ് ലക്ഷ്യം. സ്വാതന്ത്ര്യമെന്നാൽ എന്തുമാകാം, എങ്ങനെയുമാകാം എന്നായിരിക്കുന്നു. ഇത് സമൂഹത്തെ നാശത്തിലേക്ക് നയിക്കും. ശരിയായ ദിശയിൽ ജീവിതത്തെ മുന്നോട്ടു നയിക്കാനും വഴികാട്ടാനും നന്മകൾ നിലനിൽക്കണം. ഇന്ന് സദാചാരം എന്നത് വലിയ ചർച്ചയായിരിക്കുന്നു. സ്വവർഗരതി കുറ്റകരമല്ലെന്ന് പരമോന്നത കോടതി പ്രഖ്യാപിച്ചിരിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങൾ പോലും ഇതിനെ അറപ്പോടും വെറുപ്പോടുമാണ് നോക്കിക്കാണുന്നത്. ഇത്തരം നീക്കങ്ങൾ രാജ്യത്തിന്റെ എല്ലാത്തരം മൂല്യങ്ങളേയും അപകടപ്പെടുത്തുമെന്നും അമീർ പറഞ്ഞു.
പറയേണ്ടത് പറയേണ്ടിടത്ത് പറയുകയും ചെയ്യേണ്ടത് ചെയ്യേണ്ടിടത്ത് ചെയ്യുകയുമാണ് സദാചാരമെന്ന് അധ്യക്ഷത വഹിച്ച വനിതാ വിഭാഗം സംസ്ഥാന പ്രസിന്റ് എ. റഹ്മത്തുന്നിസ്സ പറഞ്ഞു. നിയമങ്ങളും നിയന്ത്രണങ്ങളും ചേരുമ്പോഴാണ് സ്വാതന്ത്ര്യം പൂർണമാകുന്നതെന്നും അവർ പറഞ്ഞു. മനോഹരമായ കുടുംബം നിലനിൽക്കുമ്പോഴേ സമൂഹത്തിൽ സ്വസ്ഥതയും സമാധാനവുമുണ്ടാകൂവെന്ന് കാമ്പയിൻ പ്രമേയം വിശദീകരിച്ച വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി പി. റുക്‌സാന അഭിപ്രായപ്പെട്ടു. മഹിളാ കോൺഗ്രസ് സംസ്ഥാന ഐ.ടി സെൽ കോ-ഓർഡിനേറ്റർ ഷീബ രാമചന്ദ്രൻ, ശിശുക്ഷേമ സമിതി അംഗം ഫരീദ അൻസാരി, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സമദ് കുന്നക്കാവ്, ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി അഫീദ അഹമ്മദ്, എറണാകുളം ജില്ലാ വിങ്‌സ് പ്രസിഡന്റ് മെഹ്‌നാസ് അഷ്ഫാഖ് തുടങ്ങിയവർ സംസാരിച്ചു.
കാമ്പയിനോടനുബന്ധിച്ച കൈപ്പുസ്തകം സംസ്ഥാന സമിതി അംഗം ആമിന ഉമ്മുഐമൻ പ്രകാശനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സഫിയ അലി ഉപഹാര സമർപ്പണം നടത്തി. സംസ്ഥാന കൂടിയാലോചനാ സമിതി അംഗം പി.വി. റഹ്മാബി സമാപനം നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.വി. ജമീല സ്വാഗതവും ജില്ലാ പ്രസിഡന്റ് റഫീഖ ബീവി നന്ദിയും പറഞ്ഞു.